തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾശേഷിക്കേ സ്ഥാനാർഥികളുടെ അസാന്നിധ്യത്തിലാകും കേരളത്തിലെ മൂന്നുമണ്ഡലങ്ങളിലെ വോട്ടുപിടിത്തം. വയനാട്ടിൽ രാഹുൽഗാന്ധി, ചാലക്കുടിയിൽ ബെന്നി ബെഹനാൻ എന്നീ യുഡി.എഫ്. സ്ഥാനാർഥികളും കോഴിക്കോട്ട് എൻ.ഡി.എ.യുടെ പ്രകാശ്ബാബുവും നേരിട്ട് വോട്ടഭ്യർഥിക്കാനെത്തിയേക്കില്ല. എന്നാൽ, സ്ഥാനാർഥികളുടെ അസാന്നിധ്യം അറിയിക്കാതെ പ്രചാരണം ഊർജിതമാക്കുകയാണ് മുന്നണികൾ. മണ്ഡലംതോറും കെട്ടിയലങ്കരിച്ച വാഹനങ്ങളിൽ സ്ഥാനാർഥി എത്തുന്ന പതിവ് ഇക്കുറി വയനാട്ടുകാർ പ്രതീക്ഷിക്കേണ്ട. മറ്റുരണ്ടു മണ്ഡലങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്. ഡോക്ടർമാർ വിലക്കുനീക്കിയാൽ ബെന്നി ബെഹനാനും കോടതി ജാമ്യം നൽകിയാൽ പ്രകാശ്ബാബുവും മണ്ഡലത്തിലെത്തും. വയനാട്ടിൽ സുരക്ഷാകാരണങ്ങളും അഖിലേന്ത്യാതലത്തിൽ പ്രചാരണം നടത്തേണ്ടതിനാലുമാണ് കോൺഗ്രസ് അധ്യക്ഷൻകൂടിയായ രാഹുൽ ഗാന്ധിക്ക് വോട്ടുതേടാൻ തടസ്സം. കേരളത്തിൽ രണ്ടു ദിവസമാണ് രാഹുൽ പ്രചാരണത്തിനെത്തുന്നത്. ഇതിൽ ഒരുദിവസം വയനാട്ടിലാകും. ആരോഗ്യപ്രശ്നമാണ് ബെന്നി ബെഹനാനെ പ്രചാരണത്തിൽനിന്ന് വിലക്കുന്നത്. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിലുള്ള അദ്ദേഹം ആശുപത്രിവിട്ടാലും കുറച്ചുദിവസങ്ങൾകൂടി വിശ്രമം വേണ്ടിവരും. കോഴിക്കോട്ടെ പ്രകാശ്ബാബു ശബരിമല കേസിൽപ്പെട്ട് കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലാണ്. ജയിലിൽ കഴിയവേയാണ് അദ്ദേഹം പത്രിക നൽകിയതും. ജാമ്യംനേടി അദ്ദേഹത്തെ പ്രചാരണത്തിന് എത്തിക്കാൻ പാർട്ടി ശ്രമിക്കുന്നുണ്ട്. വയനാട്ടിൽ മുല്ലപ്പള്ളി നയിക്കും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് വയനാട്ടിൽ തിരഞ്ഞെടുപ്പ് സമിതിയുടെ മേൽനോട്ടം. പ്രചാരണത്തിനുള്ള ചുമതലകൾ കെ.പി.സി.സി. ഭാരവാഹികൾക്ക് കൈമാറിയിട്ടുണ്ട്. താഴേത്തട്ടിലുള്ള പ്രചാരണം പൂർത്തിയായെങ്കിലും ഇനിയുള്ളത് എങ്ങനെ വേണമെന്നത് ശനിയാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കും. ചാലക്കുടിയിൽ ഉമ്മൻചാണ്ടി ചാലക്കുടിയിൽ നിയോജകമണ്ഡലങ്ങളുടെ ചുമതല എം.എൽ.എ.മാർക്ക് നൽകിയിട്ടുണ്ട്. സ്ഥാനാർഥിയുടെ ആരോഗ്യപ്രശ്നം എല്ലാവർക്കും അറിയാമെന്നതിനാൽ ബെന്നി ബെഹനാന്റെ അസാന്നിധ്യം വോട്ടർമാരെ പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടിവരില്ല. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം ഒഴികെയുള്ള പ്രദേശങ്ങളിൽ സ്ഥാനാർഥി എത്തിയിരുന്നു. ഇനിയുളള പ്രചാരണം നേതാക്കൾ നേരിട്ട് ഏറ്റെടുക്കും. ഇവിടെ ഉമ്മൻചാണ്ടി പ്രചാരണച്ചുമതല ഏറ്റെടുക്കും. ബെന്നിയുടെ കുടുംബാംഗങ്ങളും സജീവമാകും. കോഴിക്കോട്ട് പി.കെ. കൃഷ്ണദാസ് പ്രകാശ് ബാബുവിന്റെ പ്രചാരണച്ചുമതല ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസിനാണ്. ഇവിടെയും പ്രവർത്തനങ്ങൾക്ക് ഒട്ടും കുറവുവരുത്തില്ല. ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്നത് സ്ഥാനാർഥിക്ക് അനുകൂലമാകുമെങ്കിലും എത്രയും പെട്ടെന്ന് ജാമ്യംകിട്ടാനുള്ള ശ്രമത്തിലാണ് പാർട്ടി. content highlights:loksabha election 2019 kerala , candidates
from mathrubhumi.latestnews.rssfeed http://bit.ly/2IgN6va
via
IFTTT
No comments:
Post a Comment