തിരുവനന്തപുരം: ഇത്തവണത്തെ വോട്ടെടുപ്പ് അസാധാരണമായി. മണിക്കൂറുകൾ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവർ വോട്ടുചെയ്ത് മടങ്ങുമ്പോൾ രാവേറെയായി. ബൂത്തുകൾക്കുമുന്നിൽ വരിനിന്ന് മടുത്ത പലരും വോട്ടുചെയ്യാതെ മടങ്ങി. യന്ത്രങ്ങളുടെ പണിമുടക്കുകൂടിയായതോടെ വോട്ടെടുപ്പ് അപ്രതീക്ഷിതമായി നീണ്ടു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയുള്ള വോട്ടെടുപ്പുസമയത്ത് തിരക്കൊഴിഞ്ഞുനിന്നത് അപൂർവം ബൂത്തിൽ മാത്രമായിരുന്നു. എന്നാൽ, തിരക്കേറിയ ബൂത്തുകളിൽ വൈകീട്ട് ആറുകഴിഞ്ഞതോടെ കാത്തുനിന്നവർ പ്രതിഷേധിക്കാൻ തുടങ്ങി. വോട്ടെടുപ്പിനുള്ള സമയം തീരുമ്പോൾ ക്യൂവിലുണ്ടായിരുന്നവരെ വോട്ടുചെയ്യാൻ അനുവദിക്കാമെന്ന നിർദേശം നടപ്പാക്കിയതോടെയാണ് ബഹളം ശമിച്ചത്. ഇവർക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അവസരം നൽകി. എങ്കിലും വീണ്ടും കാത്തുനിൽക്കേണ്ടി വരുമെന്നായപ്പോഴാണ് പലരും മടങ്ങിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ, ബൂത്തിലെത്തി വിരലിൽ മഷി പുരട്ടുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ മെഷീനിൽ വോട്ടുചെയ്യാൻ അഞ്ചുസെക്കൻഡാണ് ഒരാൾക്ക് വേണ്ടിയിരുന്നത്. ഇത്തവണ വിവി പാറ്റ് മെഷീൻകൂടിയായതോടെ ഏഴുസെക്കൻഡുകൂടി അധികം വേണ്ടിവന്നു. ഈ അധികസമയവും പോളിങ് വൈകിപ്പിച്ചു. പലയിടത്തും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതും വോട്ടെടുപ്പ് തുടങ്ങാൻ വൈകിയതും പോളിങ്ങിനെ ബാധിച്ചു. എന്നാൽ വോട്ടിങ്, വിവി പാറ്റ് യന്ത്രങ്ങളിൽ ഒരു ശതമാനത്തിനുമാത്രമാണ് തകരാറുണ്ടായതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ദേശീയശരാശരി നാലര ശതമാനമാണ്. ഇത് സാധാരണവുമാണ്. മഴ, മിന്നൽ, ഇടി എന്നിവ യന്ത്രങ്ങളുടെ തകരാറിന് കാരണമാകാറുണ്ടെന്നും മീണ പറഞ്ഞു. Content Highlights:voting procedure continues till midnight
from mathrubhumi.latestnews.rssfeed http://bit.ly/2DtwTQk
via
IFTTT
No comments:
Post a Comment