2009-ൽ ഒറ്റപ്പാലം ലോക്സഭാ മണ്ഡലം മാറി ആലത്തൂർ മണ്ഡലം രൂപീകൃതമായത് മുതൽ പികെ ബിജുവിനൊപ്പം ഇടത്തോട്ടാണ് ആലത്തൂർ. പാർലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിട്ട് പികെ ബിജു ഇറങ്ങുമ്പോൾ ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ ആലത്തൂരിന്റെ പെങ്ങളൂട്ടി എന്ന വിശേഷണത്തോടെ കോൺഗ്രസിന്റെ യുവ സാന്നിധ്യമായ രമ്യ ഹരിദാസിന് ലഭിച്ച അപ്രതീക്ഷിത മുന്നേറ്റം മണ്ഡലത്തിൽ മികച്ച പോരാട്ടം നടക്കുമെന്ന സൂചന നൽകുന്നു. മണ്ഡലത്തിൽനിന്ന് തന്നെയുള്ള ടിവി ബാബു ബിഡിജെഎസ് സ്ഥാനാർഥിയായി വന്നതോടെ വലിയ മത്സരം നടക്കുമെന്ന് എൻഡിഎ വൃത്തങ്ങളും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് പികെ ബിജു മൂന്നാമതും ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആലത്തൂർ മണ്ഡലത്തിലെ പ്രതീക്ഷകളെക്കുറിച്ച് പികെ ബിജു എംപി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. ? മണ്ഡലത്തിൽ പൊതുവേയുള്ള ജനവികാരം എങ്ങനെ വിലയിരുത്താം, പ്രതീക്ഷകളെന്തെല്ലാം... ലാഭേശകരമായ സ്വീകരണമാണ് എല്ലായിടങ്ങളിൽ നിന്നും ലഭിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ആറ് റൗണ്ട് പര്യടനം നടത്തി കഴിഞ്ഞു. പ്രധാനപ്പെട്ട ടൗണുകളിലും എത്തിപ്പെടാൻ സാധിക്കാത്ത ചില ഇടങ്ങളും കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ സ്വീകരണ യോഗത്തിലെത്തുന്നു എന്നത് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമെന്ന നിലയിൽ എല്ലാ രാഷ്ട്രീയ വിഷയങ്ങളോടും നല്ല നിലയിൽ പ്രതികരിക്കുന്ന ജനങ്ങളാണ് മണ്ഡലത്തിലുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. ആയിരം ദിവസത്തെ കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിൽ വലിയ തോതിൽ സ്വാധീനിക്കും. പത്തു വർഷത്തെ എന്റെ പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുമ്പിൽ വെച്ചിട്ടുണ്ട്. അതിന്റെയെല്ലാം അംഗീകാരമായി തിരഞ്ഞെടുപ്പ് മാറുന്ന ട്രെന്റാണ് ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ഇപ്പോഴുള്ളത്. ? പാർലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോൾ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം... അതെല്ലാം ജനങ്ങളുടെ അന്തിമ വിധി അനുസരിച്ചായിരിക്കും. എംപി എന്ന നിലയിൽ പത്തു വർഷം ചെയ്ത കാര്യങ്ങൾ, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ മൂന്ന് വർഷം കേരളത്തിൽ നിർവഹിച്ച കാര്യങ്ങൾ, കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റ് ഉയർത്തുന്ന ഭീകരമായ വർഗ്ഗീയവാദം ഇതെല്ലാം ജനങ്ങളുടെ മുന്നിൽ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അവരാണ് അന്തിമ വിധികർത്താക്കൾ. മഹാഭൂരിപക്ഷം നൽകി ആലത്തൂരിലെ ജനങ്ങൾ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്. ? സോഷ്യൽ മീഡിയ വഴി വലിയ സ്വീകാര്യത ലഭിച്ച രമ്യ ഹരിദാസിന്റെ വെല്ലുവിളി എത്രത്തോളം... പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാണ്. യുഡിഎഫും എൽഡിഎഫും തമ്മിലാണ് പ്രധാന മത്സരം. എൽഡിഎഫിന്റെ സാന്നിധ്യം ഇന്ത്യൻ പാർലമെന്റിൽ എത്രയുണ്ടാകുമോ അത് മതനിരപേക്ഷതയുടെ ഫിക്സഡ് ഡിപ്പോസിറ്റാണ്. യുഡിഎഫിനെ സംബന്ധിച്ചടത്തോളം പല കാര്യങ്ങളിലും പാർലമെന്റിൽ നിലപാടെടുക്കാൻ അവർ പ്രയാസപ്പെടുകയാണ്. ഉറച്ച നിലപാടുള്ള ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള കേരളത്തിൽ ഇടതുപക്ഷ പ്രതിനിധികളെ പാർലമെന്റിലേക്ക് അയക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുക. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകൾ വിശകലനം ചെയ്താൽ ഇടതുപക്ഷത്തിനൊപ്പം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങൾ നിൽക്കുന്നുവെന്നാണ് കാണുന്നത്. അവിടെ സ്ഥാനാർഥികളുടെ പ്രസക്തി വളരെ കുറവാണ്, രാഷ്ട്രീയ നിലപാടിനാണ് പ്രധാന്യം. ? പ്രധാന എതിരാളി രമ്യ ഹരിദാസ് പാട്ടും പാടി വോട്ടു പിടിക്കുമ്പോൾ... അതെല്ലാം നവമാധ്യമങ്ങളിൽ ഈ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന ചില പ്രചാര വേലകളാണ്. രാഷ്ട്രീയമായ ചർച്ചകൾ വന്നതോടുകൂടി അത്തരം കാര്യങ്ങളെല്ലാം ജനങ്ങൾ എന്നെ മറന്നുകഴിഞ്ഞു. ജനങ്ങൾ ഇപ്പോൾ രാഷ്ട്രീയ പോരാട്ടമായിട്ടാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ? കഴിഞ്ഞ രണ്ട് തവണയും എൻഡിഎ വോട്ടുവിഹിതം വർധിപ്പിച്ച മണ്ഡലമാണ് ആലത്തൂർ, എൻഡിഎ വെല്ലുവിളിയാകുമോ... എൻഡിഎയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി അവർ ദുർബലപ്പെട്ടു കഴിഞ്ഞു. വോട്ടുകച്ചവടം മാത്രമായിരുന്നു ഒരുകാലത്തെ ബിജെപിയുടെ പ്രചരണ രീതി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസും എൻഡിഎയും ഒരുമിച്ച് പല മണ്ഡലങ്ങളിലും നിൽക്കുന്ന സ്ഥിതിയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇത് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. എന്നൊക്കെ ഇവർ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടോ അന്നെല്ലാം വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ച ചരിത്രമാണ് കേരളത്തിലെ വോട്ടർമാർക്കുള്ളത്. അഞ്ച് വർഷം മുമ്പ് മോദിയുടെ വികസന മുദ്രാവാക്യം പൂർണമായി പരാജയപ്പെട്ടു. രാജ്യത്തിന്റെ 48 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ തൊഴിൽ ഇല്ലായ്മയിലേക്ക് രാജ്യം കൂപ്പുകുത്തി. കൃഷിക്കാരുടെ പ്രതിസന്ധി പരിഹരിക്കും അവരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള വാഗ്ദാനം പാലിക്കാൻ സാധിച്ചില്ല. ഈ രാഷ്ട്രീയ വിഷയങ്ങളിൽ എൻഡിഎയ്ക്ക് ജനങ്ങളുടെ മുന്നിൽ മറുപടി പറയാൻ കഴിയാത്തതുകൊണ്ട് പഴയനില എൻഡിഎയ്ക്ക് ഈ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് തോന്നുന്നില്ല. ? 22000-ത്തോളം നോട്ട വോട്ടുകൾ കഴിഞ്ഞ തവണ മണ്ഡലത്തിലുണ്ടായിരുന്നു, ഉയർന്ന നോട്ട വോട്ടുകൾ ഇത്തവണയും ആലത്തൂരുണ്ടാകുമോ... ആ പ്രതികരണം ഈ തിരഞ്ഞെടുപ്പിലുണ്ടാകില്ല. കാരണം 2009-ൽ ചിറ്റൂർ മേഖലയിലെ വലിയ കുടിവെള്ള പ്രതിസന്ധിയാണ് നോട്ട വോട്ടുകൾക്ക് ജൻമം നൽകിയത്. ആർബിസി (റൈറ്റ് ബാങ്ക് കനാൽ) ഒരു രാഷ്ട്രീയ സംവിധാനമായി രൂപപ്പെടുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും വോട്ടുകൊടുക്കേണ്ട നോട്ടയ്ക്ക് നൽകാമെന്ന തീരുമാനമെടുക്കുകയായിരുന്നു. അന്ന് യുഡിഎഫാണ് കേരളം ഭരിക്കുന്നത്. യഥാർഥത്തിൽ യുഡിഎഫ് നടപ്പിലാക്കാത്ത കാര്യം ഇടതുപക്ഷ ഗവൺമെന്റ് അവിടെ നടപ്പാക്കി കഴിഞ്ഞു. ആർബിസി, എൽബിസി പ്രശ്നം പൂർണമായി പരിഹരിക്കാൻ 110 കോടി രൂപ സംസ്ഥാന ഗവൺമെന്റ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സ്വാഭാവികമായും ആർബിസി ഉന്നയിച്ച പ്രശ്നത്തിന് ഇടതുപക്ഷം പരിഹാരം കണ്ടതോടുകൂടി ആർബിസി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വിജയിപ്പിക്കാൻ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ മുമ്പുണ്ടായിരുന്ന രാഷ്ട്രീയ ചിത്രം പൂർണമായി മാറി. ചിറ്റൂരിന്റെ കിഴക്കൻ മേഖല വർഷങ്ങളായി യുഡിഎഫിന് സ്വാധീനമുള്ള പ്രദേശമാണ്. പക്ഷേ കേരളത്തിന്റെ വികസനത്തിനൊപ്പം ആ പ്രദേശം വന്നിരുന്നില്ല. ഇടതുപക്ഷ സ്വാധീനം ആ മേഖലയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ചിറ്റൂരിന്റെ കിഴക്കൻ മേഖലയിലും വികസനം വന്നു കഴിഞ്ഞു. അവരുടെ പ്രധാന പ്രശ്നമായിരുന്ന കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള വെള്ളം ലഭ്യമാക്കാനുള്ള നടപടി ഇടതുപക്ഷ ഗവൺമെന്റ് സ്വീകരിച്ചതോടുകൂടി ഇടതുപക്ഷത്തിനൊപ്പം നിൽക്കാനുള്ള നിലയാണ് ഇന്ന് ചിറ്റൂരിന്റെ കിഴക്കൻ മേഖലയിൽ ആർബിസി ഉൾപ്പെടെ എടുക്കുന്നത്. ഇത് ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കും. ? മണ്ഡലത്തിൽ കാണാത്ത എംപി എന്ന കോൺഗ്രസ് ആരോപണത്തോട് പറയാനുള്ളത്... അത് കോൺഗ്രസിന്റെ മുനയൊടിഞ്ഞ രാഷ്ട്രീയ ആരോപണമായിരുന്നു. കാരണം 1500-ലധികം പദ്ധതികളാണ് ഈ പത്തു വർഷംകൊണ്ട് നടപ്പാക്കിയത്. ഇരുന്നൂറിലധികം കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി. 139 കോടി രൂപ ആരോഗ്യമേഖലയിലും 274 കോടി കാർഷിക മേഖലയിലും വിനിയോഗിച്ചു. 68 കോടിയുടെ ഗ്രാമീണ റോഡും 34 കോടിയുടെ സെന്റർ റോഡ് ഫണ്ടും ഇവിടെ വിനിയോഗിച്ചു. കേന്ദ്ര സഹായം എത്ര ലഭ്യമാക്കി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു പാർലമെന്റ് മെമ്പറെ വിലയിരുത്തുക. എനിക്ക് കൃത്യമായ കണക്കുണ്ട്, 2200 കോടി രൂപ. ഇന്ത്യ ടുഡേ പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തിലെ നാലാമത്തെ മികച്ച പാർലമെന്റ് മെമ്പറാണ് ഞാൻ. പാർലമെന്റിലെ പ്രസംഗം, ഇടപെടൽ, ചോദ്യങ്ങൾ, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് എംപിയുടെ പ്രകടനം വിലയിരുത്തുക. അവിടെയെല്ലാം കോൺഗ്രിസിന് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് എനിക്കെതിരെ ഇത്തരം ആരോപണങ്ങൾ അവർ ഉന്നയിക്കുന്നത്. രാഷ്ട്രിയ പോരാട്ടത്തിൽ ഇടതുപക്ഷത്തെ ആക്രമിക്കാൻ തുടക്കത്തിൽ ഉപയോഗിച്ചപ്രചരണ ഉപാധി മാത്രമായിരുന്നു അത്. ജനങ്ങൾ അത് തുടക്കത്തിലേ തള്ളിക്കളഞ്ഞതാണ്. ? മിക്ക ചാനൽ സർവെകളിലും എൽഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്, ഫലം മറിച്ചാകുമോ? ഇതെല്ലാം തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുന്ന ചെപ്പടി വിദ്യകളാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാൽ മാത്രമേ തിരഞ്ഞെടുപ്പിൽ അവരുടെ പങ്കാളിത്തം എങ്ങനെയാണെന്ന് മനസ്സിലാക്കാൻ സാധിക്കു. ജനങ്ങളിൽ പൂർണ വിശ്വാസം അർപ്പിച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തരം പ്രീ പ്ലാൻഡ് സർവെകൾക്കൊന്നും ജനഹിതം അട്ടിമറിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ആലത്തൂർ പോലുള്ള പ്രബുദ്ധമായ മണ്ഡലത്തിൽ ജനങ്ങളുടെ അംഗീകാരം ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഞങ്ങളുടെ ഈ പ്രചരണത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് ഇതൊന്നും അവിടെ രാഷ്ട്രീയമായ നിലപാടിൽ സ്വാധീനം ചെലുത്തില്ല. ? രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമ്പോൾ ഇടതുപക്ഷത്തിനുള്ള വെല്ലുവിളി രാഹുൽ ഗാന്ധി മത്സരിക്കുന്നത് കോൺഗ്രസിന്റെ വോട്ട് കുറയാനായിരിക്കും ഇടയാക്കുക. കാരണം ബിജെപിയെ ഡൽഹിയിൽ എതിർക്കാതെ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഇടതുമുന്നണിയെ എതിർക്കാൻ കോൺഗ്രസ് അധ്യക്ഷൻ വന്നതുതന്നെ മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർക്കുന്ന സമീപനമാണെന്ന് ജനം പൊതുവേ പറഞ്ഞുതുടങ്ങി. അതുകൊണ്ട് കോൺഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളുടെ വലിയ വിഹിതം നഷ്ടപ്പെടാനാണ് ഈ ഓളിച്ചോട്ടം ഇടയാക്കുക. ഇത് ഇടതുപക്ഷത്തിന് കേരളത്തിൽ നേട്ടമാണ് സമ്മാനിക്കുക. ? ആലത്തൂരിലെ ഇടത് കോട്ട ഇത്തവണയും കോട്ടം തട്ടാതെ നിലനിൽക്കുമോ... ഈ രാജ്യത്തിന്റെ നിലനിൽപ് വലിയ അപകടാവസ്ഥയിലാണ്. മോദി ഗവൺമെന്റ് വീണ്ടും അധികാരത്തിൽ വന്നാൽ ഇത് അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് അവർ പറഞ്ഞു കഴിഞ്ഞു. മതേതരത്വം നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടമായിട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഉറച്ച മതേതര നിലാപാട് എടുക്കുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്, അത് 2004-ൽ നമ്മുടെ രാജ്യം കണ്ടതാണ്. അതുപോലെ തന്നെയാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവർ വളരെ ദുർബലമായിരിക്കുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി. ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് ഭയപ്പെടുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വന്നാലും വർഗീയതയെ വർഗീയതകൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. യഥാർഥത്തിൽ വർഗീയതയെ നേരിടണമെങ്കിൽ ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിച്ചേ പറ്റു. ആ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ് എന്നത് നമ്മുടെ രാജ്യം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അത് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗുണമാകും. പത്തു വർഷത്തെ വികസന പ്രവർത്തനങ്ങളിലൂടെ 25000 കൂടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞതും 274 കോടി രൂപ കാർഷിക മേഖലയിൽ ചെലവഴിക്കാനായതും ആരോഗ്യരംഗത്ത് 139 കോടി രൂപ ചെലവഴിക്കാൻ കഴിഞ്ഞതുമെല്ലാം ജനങ്ങളുടെ മുന്നിൽ പത്തിൽ പത്ത് എന്ന കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ഞാൻ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തി ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും വികസന തുടർച്ചയ്ക്ക് സഹായിക്കുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ 1000 ദിവസം തികച്ച ഇടതുപക്ഷ ഗവൺമെന്റ്് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ യുഡിഎഫ് കാലത്ത് താറുമാറായി കിടന്ന കേരളത്തെ നേർനിലയിൽ കൊണ്ടുവരാനും വികസന പ്രവർത്തനങ്ങൾ നടക്കാത്തത് നടക്കുമെന്ന് മൂന്ന് വർഷംകൊണ്ട് തെളിയിക്കുകയും ചെയ്തതിന്റെ വലിയ പിന്തുണ ഇടതുപക്ഷത്തിനുണ്ട്. ഉറച്ച സെകുലർ നിലപാട് സ്വീകരിക്കുന്ന ഗവൺമെന്റാണ് കേരളത്തിലേത്. ഇതെല്ലാം ഇടതുപക്ഷത്തിന് മുൻ തിരഞ്ഞെടുപ്പിനെക്കാൾ ജനങ്ങളുടെ കൂടിയ പിന്തുണ കിട്ടുന്ന ഘടകങ്ങളായിട്ടാണ് കാണുന്നത്. ആലത്തൂർ പൊതുവേ ഇടതുപക്ഷ ആഭിമുഖ്യമുള്ള മണ്ഡലമാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും ഇടതുപക്ഷത്തിന് മഹാ ഭൂരിപക്ഷമുള്ള മണ്ഡലമാണ്. 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒരു മണ്ഡലം യുഡിഎഫിനൊപ്പമുള്ളത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചടത്തോളം വലിയ ഭൂരിപക്ഷത്തിൽ ആലത്തൂരിൽ വീണ്ടും ഇടതുപക്ഷം ജയിക്കുന്ന തിരഞ്ഞെടുപ്പായി മാറും. Content Highlights; PK Biju, Alathur ldf candidate, 2019 lok sabha election
from mathrubhumi.latestnews.rssfeed http://bit.ly/2IKFphl
via
IFTTT
No comments:
Post a Comment