തിരുവനന്തപുരം/കല്പറ്റ: കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളോട് അതിരിടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കാനെത്തുമ്പോൾ കോൺഗ്രസ് ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യ പിടിച്ചടക്കൽ. ഉത്തരേന്ത്യൻസംസ്ഥാനങ്ങളിൽനിന്ന് രാജ്യത്തിന്റെ ഭരണം പിടിക്കാനുള്ള സീറ്റുകൾ നേടാനാവില്ലെന്ന തിരിച്ചറിവിന്റെകൂടി പിൻബലമുണ്ട് രാഹുൽഗാന്ധിയുടെ തീരുമാനത്തിന്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പടർന്നുകിടക്കുന്ന വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമെന്ന പ്രഖ്യാപനം കേരളത്തിലാകെയും മലബാറിൽ വിശേഷിച്ചും വലിയ ചലനമുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കേരളത്തിൽനിന്ന് പരമാവധി സീറ്റുറപ്പിക്കാനും രാഹുൽതരംഗത്തിലൂടെ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു. ഏറക്കുറെ അത് ശരിവെക്കുന്ന തരത്തിലുള്ള ആവേശകരമായ പ്രതികരണങ്ങളാണ് രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ യു.ഡി.എഫ്. പ്രവർത്തകരിൽനിന്നുണ്ടായത്. സമാനമായ രീതിയിൽ വയനാടിനോട് അതിർത്തിപങ്കിടുന്ന തമിഴ്നാട്ടിലെ നീലഗിരിയിലും കർണാടകയിലെ ചാമരാജ് നഗർ, മൈസൂരു-കുടക് മണ്ഡലങ്ങളിലുമുണ്ടായി. കർണാടകയിൽ കോൺഗ്രസ്-ജനതാദൾ-എസ് സഖ്യവും തമിഴ്നാട്ടിൽ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമനസഖ്യവും മുഴുവൻ സീറ്റുകളും തൂത്തുവാരുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാഹുലിന്റെ സാന്നിധ്യം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഓളമുണ്ടാക്കുമെന്ന് കണക്കുകൂട്ടുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലാകെ വലിയ ചലനമുണ്ടാക്കുമെന്ന് നീലഗിരിയിലെ ഡി.എം.കെ. നേതാക്കളും വിലയിരുത്തുന്നു. എന്നാൽ, സി.പി.എമ്മും സി.പി.ഐ.യും തമിഴ്നാട്ടിലെ ഈ സഖ്യത്തിൽ കോൺഗ്രസിനൊപ്പമുണ്ടെന്നതാണ് ഏറെ കൗതുകം. മധുര, കോയമ്പത്തൂർ മണ്ഡലങ്ങളിൽ സി.പി.എമ്മും തിരുപ്പൂരിലും നാഗപട്ടണത്തും സി.പി.ഐ.യും മത്സരിക്കുന്നു. 'രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാനാണ്' സി.പി.എം. സ്ഥാനാർഥികൾ ഉൾപ്പെടെ തമിഴ്നാട്ടിൽ വോട്ടുതേടുന്നത്. തമിഴ്നാട്ടിൽ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്ന രാഹുലിനെതിരേ തൊട്ടടുത്ത കേരളത്തിൽ ഇടതുപക്ഷം നേർക്കുനേർ ഏറ്റുമുട്ടുന്നതിലെ വൈരുധ്യം വിശദീകരിക്കാൻ ഇരുകൂട്ടരും വരുംനാളുകളിൽ ഏറെ പണിപ്പെടേണ്ടിവരും. രണ്ടുകാരണങ്ങൾ * ദേശീയതലത്തിൽ ഏറ്റവുംവലിയ ഒറ്റകക്ഷിയെങ്കിലുമാകണമെങ്കിൽ 150 സീറ്റെങ്കിലും കടക്കണമെന്നാണ് കോൺഗ്രസിന്റെ വിലിയിരുത്തൽ. നിലവിൽ 44 സീറ്റാണുള്ളത്. ദക്ഷിണേന്ത്യയിൽനിന്ന് പരമാവധി സീറ്റുകൾ ജയിച്ചാലേ മതേതര സർക്കാരിന്റെ നേതൃസ്ഥാനം ചോദിക്കാവുന്ന സ്ഥിതിയിലേക്ക് കോൺഗ്രസ് വരൂവെന്ന് നേതൃത്വം കണക്കാക്കുന്നു. * സുരക്ഷിതമണ്ഡലം എന്നതുതന്നെയാണ് വയനാട് തിരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ കാരണം. 2009-ൽ കെ. മുരളീധരൻ ഒറ്റയ്ക്കുമത്സരിച്ച് 91,000-ത്തോളം വോട്ടുപിടിച്ചിട്ടും എം.ഐ. ഷാനവാസ് 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. കഴിഞ്ഞതവണ അത് 20,870 വോട്ടായി. എങ്കിലും 2009-ലെ കണക്കനുസരിച്ച് ഇപ്രാവശ്യം മൂന്നുലക്ഷം വോട്ടിനപ്പുറമുള്ള ഭൂരിപക്ഷമാണ് കോൺഗ്രസ് നേതൃത്വം കണക്കാക്കുന്നത്. Content Highlights:rahul gandhi wayanad contest-south india-congress
from mathrubhumi.latestnews.rssfeed https://ift.tt/2uzhsRM
via
IFTTT
No comments:
Post a Comment