കോഴിക്കോട്: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽഗാന്ധിയുടെ വിജയമുറപ്പിക്കാൻ എ.ഐ.സി.സി കെ.പി.സി.സി നിരീക്ഷകർ വയനാട്ടിൽ ചുമതലയേറ്റെടുത്തു. ഓരോ മണ്ഡലത്തിലും പ്രത്യേകം അംഗങ്ങൾക്ക് ചുമതല കൊടുത്താണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കുന്നത്. സുരക്ഷാ പ്രശ്നമടക്കമുള്ള കാര്യങ്ങളുള്ളതിനാൽ രാഹുൽഗാന്ധിക്ക് മണ്ഡലത്തിൽ സ്ഥിരം പര്യടനത്തിനുള്ള ബുദ്ധിമുട്ടുകൾ മുൻ നിർത്തിയാണ് നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ള പ്രവർത്തകരോട് പ്രചരണത്തിനായി വയനാട്ടിലേക്ക് എത്തേണ്ടെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇഷ്ടനേതാവിന്റെ വിജയമുറപ്പിക്കാൻ തൽക്കാലം നിർദേശം അവഗണിച്ച് പ്രവർത്തകർ വയനാട്ടിൽ സജീവമായിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നാണ് പ്രധാനമായും പ്രവർത്തകർ വയനാട്ടിലെത്തുന്നത്. വയനാട് മണ്ഡലത്തിൽ പെട്ട തിരുവമ്പാടി അടക്കം കോഴിക്കോട് ആയതോടെയാണ് പ്രവർത്തകർ വയനാട്ടിലേക്ക് ചേക്കേറിയത്. ഇതിന് പുറമെ ഇഷ്ടനേതാവായ കെ.മുരളീധരന്റെ പര്യടന പരിപാടികൾക്കും കോഴിക്കോട് നിന്ന് പ്രവർത്തകർ ഒളിച്ചോടുന്നുണ്ട്. ഇതോടെ എം.കെ രാഘവന്റെ പ്രചാരണത്തിന് സജീവമായി ആളെ കിട്ടുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് അടക്കമുള്ളവർ പ്രധാനമായും വയനാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കെ.പി അനിൽ കുമാർ, എൻ.സുബ്രഹ്മണ്യൻ, കെ.സി അബു തുടങ്ങിയ നേതാക്കളെല്ലാം വയനാട്ടിലാണ്. രാഘവന്റെ പ്രധാന പരിപാടികളിലൊന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖിനെ കിട്ടുന്നില്ല. ഇത് ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. രാഘവന് പിന്തുണയേകി മുസ്ലിം ലീഗുകാർ സജീവമായി രംഗത്തിറങ്ങുന്നതാണ് ഏക ആശ്വാസം. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തുന്നുണ്ട്. ഇതിൽ പ്രധാനമായും ഉയർന്ന് വരിക രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം തന്നെയാകും. ഇതിനെ മറികടക്കാൻ സോണിയോഗാന്ധി അടക്കമുള്ളവരെ വയനാട്ടിൽ എത്തിക്കണമെന്നാണ് പ്രവർത്തകരുടെ പ്രധാന ആവശ്യം. വരുന്ന ആഴ്ചയിൽ രാഹുൽഗാന്ധി പ്രചാരണ പ്രവർത്തനങ്ങൾക്കായി വീണ്ടും വയനാട്ടിലെത്തുന്നുമുണ്ട്. എ.ഐ.സി.സി നിരീക്ഷകർ ......................................................... തിരുവമ്പാടി-വിനയ്കുമാർ സുർക്കെ(മുൻ കർണാടക മന്ത്രി), മാനന്തവാടി -കെ.വി.തങ്കബാലു(മുൻ പി.സി.സി അധ്യക്ഷൻ തമിഴ് നാട്) സുൽത്താൻ ബത്തേരി-പി.വി.മോഹനൻ (കർണ്ണാടക പി സി സി ജനറൽ സെക്രട്ടറി), സുൽത്താൻ ബത്തേരി-പി.വി.മോഹനൻ (കർണ്ണാടക പി സി സി ജനറൽ സെക്രട്ടറി), കൽപ്പറ്റ- സുദർശൻ നാച്ചിയപ്പൻ(മുൻ കേന്ദ്രമന്ത്രി), ഏറനാട്- ഷാക്കിർ സാനിഗി( മുൻ യൂത്ത് കോൺഗ്രസ് ദേശീയസെക്രട്ടറി), നിലമ്പൂർ- സലീം അഹമ്മദ്(മുൻഎൻ.എസ്.യു(ഐ) ദേശീയ പ്രസിഡന്റ് ), വണ്ടൂർ- വിശ്വനാഥൻ(മുൻ എം.പി) എന്നിവരെ നിയമിച്ചു. കെ.പി.സി.സി നിരീക്ഷകർ .................................................... അഡ്വ: ലാലി വിൻസന്റ്-കെ.പി.സി.സി ജനറൽ സെക്രട്ടറി (മാനന്തവാടി നിയോജകമണ്ഡലം), ഇ.എം.ആഗസ്തി-മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി (സുൽത്താൻ ബത്തേരി നിയോജകമണ്ഡലം), പഴകുളം മധു-സെക്രട്ടറി കെ.പി.സി.സി (കൽപ്പറ്റ നിയോജകമണ്ഡലം), എം.എ.ചന്ദ്രശേഖരൻ- മുൻ എം.എൽ.എ ( തിരുവമ്പാടി നിയോജകമണ്ഡലം), അഡ്വ: പി.എം സുരേഷ്ബാബു, ജനറൽ സെക്രട്ടറി, കെ.പി.സി.സി (ഏറനാട് നിയോജകമണ്ഡലം), പി.എ.സലീം സെക്രട്ടറി, കെ.പി.സി.സി (നിലമ്പൂർ നിയോജകമണ്ഡലം), കെ.സി.അബു- മുൻ ഡി.സി.സി പ്രസിഡന്റ് (വണ്ടൂർ നിയോജകമണ്ഡലം) എന്നിവരെ നിയമിച്ചു. Content Highlights:AICC, KPCC Invigilators Take Charge In Wayanad To Assure Rahul Gandhi Victory
from mathrubhumi.latestnews.rssfeed http://bit.ly/2IoY9mo
via
IFTTT
No comments:
Post a Comment