വയനാട്: കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാടന്‍ പ്രവേശമാണ് ഇപ്പോള്‍ ഇന്ത്യ മുഴുവനുമുള്ള ചര്‍ച്ച. അതേസമയം കേരളത്തില്‍ മത്സരിച്ച് ലോക്സഭയില്‍ എത്തുന്ന ദേശീയനേതാക്കളുടെ കാര്യത്തില്‍ രാഹുല്‍ രണ്ടാമന്‍ മാത്രം. ലോക്‌സഭയിലേക്കു കേരളത്തില്‍ നിന്നും മത്സരിച്ച ദേശീയ നേതാവ് വി. കെ. കൃഷ്ണമേനോനാണ് രാഹുലിന്റെ മുന്‍ഗാമി.
1971ല്‍ സിപിഎം പിന്തുണയുള്ള സ്വതന്ത്രനായി, തിരുവനന്തപുരത്ത് മത്സരിച്ചകൊണ്ടായിരുന്നു വി. കെ. കൃഷ്ണമേനോന്‍ ആദ്യമായി കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്നത്. 1957 ല്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുമായിരുന്നു കൃഷ്ണമേനോന്റെ ആദ്യ ലോക്‌സഭാ മത്സരം. 1962 ലെ മത്സരത്തില്‍ ജെ. ബി. കൃപലാനിക്കെതിരെയായിരുന്നു കൃഷ്ണമേനോന്റെ ലോക്‌സഭാ വിജയം. എന്നാല്‍ 1967 ലെ മത്സരത്തില്‍ ഇദ്ദേഹത്തിനു തിരിച്ചടിയായി. ബോംബെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നും റിട്ട.ഐസിഎസ് ഉദ്യോഗസ്ഥന്‍ എസ്ജി ബാര്‍വെയോടായിരുന്നു 13,169 വോട്ടിന് കൃഷ്ണ മേനോന്റെ പരാജയം. പിന്നീട് 1969ല്‍ ബംഗാളിലെ മിഡ്നാപൂരിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ മത്സരിച്ച്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഒരു ലക്ഷത്തില്‍ പരം വോട്ടിന് തോല്‍പ്പിച്ചാണ് കൃഷ്ണ മേനോന്‍ വീണ്ടും ലോക്സഭയിലെത്തിയത്.
1971 ല്‍ വീണ്ടും സിപിഎം പിന്തുണയോടെ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും വിജയം. ലണ്ടനിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ഐക്യരാഷ്ട്ര സഭയിലെ റെക്കോര്‍ഡ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിലൂടെയുമെല്ലാം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ വ്യക്തിത്വത്തിനുടമയായി കൃഷ്ണമേനോന്‍ അറിയപ്പെട്ടു. വി കെ കൃഷ്ണമേനോനു പിന്നാലെ ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നയാളായിരുന്നു എങ്കിലും കേരളരാഷ്ട്രീയത്തിലെ നേതാവെന്ന രീതിയിലായിരുന്നു കെ. കരുണാകരന്‍ പരിഗണിക്കപ്പെട്ടത്.
കേരളത്തില്‍ നിന്നും മത്സരിച്ച മലയാളികളല്ലാത്തവരുടെ നിരയിലേക്കും രാഹുല്‍ കാലെടുത്തു വെയ്ക്കുന്നു. ഇതിനു മുമ്പ് മുസ്ലീം ലീഗിന്റെ നേതാക്കളായിരുന്ന ജി. എം ബനാത് വാലയും ഇബ്രാഹിം സുലൈമാന്‍ സേട്ടും മുഹമ്മദ് ഇസ്ലമായീല്‍ സാഹിബും ആയിരുന്നു കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്കു മത്സരിച്ച മലയാളികളല്ലാത്തവര്‍. മഹാരാഷ്ട്രക്കാരനായ ബനാത് വാലയും മൈസൂരുകാരനായ സേട്ടും തിരുനല്‍വേലിക്കാരനായ മുഹമ്മദ് ഇസ്മായീലും അന്യനാട്ടുകാരായിരുന്നിട്ടു കൂടിയും മലയാളികള്‍ അവരെ ലോക്‌സഭയിലേക്കു വിജയിപ്പിച്ചു.
1962 ലും 67 ലും 71 ലും മഞ്ചേരിയെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തിയ മുഹമ്മദ് ഇസ്മായീല്‍ സാഹിബാണ് ഇക്കാര്യത്തില്‍ ഏറ്റവും മുമ്പന്‍. 1967 ലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ആദ്യമായി കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്കു മത്സരിക്കുന്നത്. കോഴിക്കോടു നിന്നുമായിരുന്നു സേട്ട് ജനവിധി തേടിയത്. 1971 ലും ഇതേ മണ്ഡലത്തില്‍ നിന്നും സേട്ട് വിജയം ആവര്‍ത്തിച്ചു. 1977 മുതല്‍ 1989 വരെ മഞ്ചേരിയില്‍ നിന്നും സേട്ട് ലോക്‌സഭയിലേക്കു മത്സരിച്ചു വിജയം നേടി. ഏഴു തവണയാണ് ബനാത് വാലയെന്ന മുസ്ലീം ലീഗു നേതാവ് കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തിയത്. രണ്ടു പേരും മുസ്ലീം ലീഗിന്റെ ദേശീയതലത്തില്‍ നിറഞ്ഞു നിന്ന നേതാക്കളായിരുന്നു.
മറ്റൊരു സംസ്ഥാനത്ത് പോയി മത്സരിച്ച് പാര്‍ലമെന്റില്‍ എത്തിയ മലയാളികളുടെ പട്ടികയിലും വി. കെ. കൃഷ്ണമേനോനുണ്ട്. 1953 ല്‍ രാജ്യസഭാംഗം ആയ അദ്ദേഹം 1956 ല്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തുകയും ചെയ്തു. എന്നാല്‍ 1957 ലാണ് അദ്ദേഹം ആദ്യമായി മത്സരിക്കാന്‍ എത്തിയത്. വടക്കന്‍ മുംബൈയില്‍ മത്സരിച്ച് ജയിച്ച് പാര്‍ലമെന്റില്‍ എത്തി. 1969 ല്‍ മിഡ്നാപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എത്തിയ അദ്ദേഹം 71 വരെ ഇവിടെ പ്രതിനിധീകരിച്ചു. മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന സിഎം സ്റ്റീഫനും പുറത്ത് മത്സരിച്ച് പാര്‍ലമെന്റില്‍ എത്തിയ മലയാളിയാണ്. കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗയില്‍ മത്സരിച്ച് 1980 ലായിരുന്നു സ്റ്റീഫന്‍ ലോക്സഭാംഗമായത്. കേരളത്തില്‍ മത്സരിച്ച മറുനാടന്‍ മലയാളികളുടെ പട്ടികയിലാണ് സിഎം ഇബ്രാഹീം. ബംഗലുരുവില്‍ സ്ഥിരതാമസമായിരുന്ന ഇദ്ദേഹം കോഴിക്കോട്ട് മത്സരിച്ചു.
from mangalam.com https://ift.tt/2U8uchm
via IFTTT
No comments:
Post a Comment