ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെപേരിലുള്ള ലൈംഗികാരോപണത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതിന്റെ അടിവേരുവരെ അന്വേഷിച്ചുകണ്ടെത്തുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിനെതിരേ നീങ്ങാൻ ചിലർ തന്നെ സമീപിച്ചെന്ന് അവകാശപ്പെട്ട അഡ്വ. ഉത്സവ് സിങ് ബെയിൻസ് മുദ്രവെച്ച കവറിൽ സമർപ്പിച്ച വിവരങ്ങൾ അതിഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഇവ തെറ്റാണെന്നു തെളിഞ്ഞാൽ ക്ഷമിക്കില്ലെന്നും കോടതി മുന്നറിയിപ്പു നൽകി. ബെയിൻസിനോട് അധിക തെളിവുകൾ സമർപ്പിക്കാനാവശ്യപ്പെട്ട കോടതി വ്യാഴാഴ്ച രാവിലെ വീണ്ടും കേസ് പരിഗണിക്കും. ബെയിൻസ് അവകാശപ്പെടുന്നതുപോലെ ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ, അവ തുടരാനനുവദിച്ചാൽ കോടതിക്കും ജഡ്ജിമാർക്കും അതിനെ അതിജീവിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. എറിക്സൺ കമ്പനിക്കെതിരായ കേസിൽ അനിൽ അംബാനിയെ വിളിച്ചുവരുത്താനുള്ള ഉത്തരവിൽ കൃത്രിമം കാട്ടിയതിന് ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ട രണ്ടുദ്യോഗസ്ഥരുടെ വിഷയവും ബെയിൻസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത് ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി. മറ്റൊരു ചീഫ് ജസ്റ്റിസും ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയെടുത്തിട്ടില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരേ കോർപ്പറേറ്റ് ശക്തികളുൾപ്പെടുന്ന വൻ ഗൂഢാലോചന നടന്നെന്ന ബെയിൻസിന്റെ സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്ന വിഷയങ്ങൾമാത്രമാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പരിശോധിക്കുന്നത്. മുൻ ജീവനക്കാരിയുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് ഇതുമായി ബന്ധമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള എസ്.ഐ.ടി. അന്വേഷണം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് അതിനു തയ്യാറായില്ല. എന്നാൽ, സി.ബി.ഐ., ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പോലീസ് എന്നിവയുടെ മേധാവികളോട് അരമണിക്കൂറിനകം തങ്ങളുടെ ചേംബറിൽ ഹാജരാകാൻ ബെഞ്ച് നിർദേശിച്ചു. രഹസ്യമായാണ് അവരെ കാണുന്നതെന്നും തെളിവുകൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. അതിനുശേഷം വൈകീട്ട് മൂന്നിന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബെയിൻസ് വീണ്ടുമൊരു സത്യവാങ്മൂലം കൂടി നൽകി. വിരൽചൂണ്ടുന്നത് ഉത്തരവ് തിരുത്തൽ സംഭവത്തിലേക്കോ? എറിക്സൺ കമ്പനിക്ക് 550 കോടി രൂപ നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ആർകോം മേധാവി അനിൽ അംബാനിയെ കോടതിയിൽ വിളിച്ചുവരുത്താനുള്ള ജനുവരി ഏഴിലെ ഉത്തരവ് തിരുത്തിയതിന് കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻ ചക്രവർത്തി എന്നിവരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പുറത്താക്കിയിരുന്നു. അംബാനി നേരിട്ടു ഹാജരാകണമെന്നായിരുന്നു ഉത്തരവ്. എന്നാൽ നേരിട്ട് ഹാജരാകേണ്ട എന്ന രീതിയിലാണ് ഉത്തരവ് ആദ്യം പുറത്തുവന്നത്. പിന്നീട് ഉത്തരവ് തിരുത്തുകയും അംബാനി നേരിട്ട് ഹാജരാവുകയും ചെയ്തു. ഉത്തരവ് തിരുത്തിയതിന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സൂചനയാണ് അഡ്വ. ബെയിൻസ് നൽകുന്നത്. സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവുകൊണ്ട് അടുത്തിടെ ഒരു കോർപ്പറേറ്റ് വ്യക്തിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയിലേക്ക് അതു നയിച്ചെന്നും ബെയിൻസ് പറയുന്നു. Content Highlights:supreme court hearing on allegations against cji
from mathrubhumi.latestnews.rssfeed http://bit.ly/2IV38eH
via
IFTTT
No comments:
Post a Comment