ജയ്പൂർ: സവായി മാൻസിങ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ എട്ട് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊൽക്കത്ത പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് കൊൽക്കത്തയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവച്ച 140 റൺസ് വിജയലക്ഷ്യം 37 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്. സ്കോർ; രാജസ്ഥാൻ റോയൽസ് - 20 ഓവറിൽ 139/3, കൊൽക്കത്ത - 13.5 ഓവറിൽ 140/2. താരതമ്യേന ചെറിയ സ്കോർ ലക്ഷ്യമിട്ടിറങ്ങിയ കൊൽക്കത്തയ്ക്ക് മിന്നുന്ന തുടക്കമാണ് ക്രിസ് ലിനും-സുനിൽ നരേയനും ചേർന്ന് നൽകിയത്. ഒന്നാംവിക്കറ്റിൽ 8.3 ഓവറിൽ 91 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 25 പന്തിൽ 47 റൺസ് അടിച്ചെടുത്ത നരേയൻ മടങ്ങിയത്, മൂന്ന് സിക്സും ആറ് ബൗണ്ടറിയും അടങ്ങിയതായിരുന്നു നരേയന്റെ വെടിക്കെട്ട് ഇന്നിംങ്സ്. തൊട്ടുപിന്നാലെ 32 പന്തിൽ 50 റൺസെടുത്ത ക്രിസ് ലിനും മടങ്ങി. എന്നാൽ അപ്പോഴേക്കും കൊൽക്കത്ത അർഹതപ്പെട്ട വിജയം ഉറപ്പാക്കിയിരുന്നു. 16 പന്തിൽ 26 റൺസോടെ റോബിൻ ഉത്തപ്പയും 10 പന്തിൽ 6 റൺസോടെ സുബ്മാൻ ഗില്ലും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മികച്ച രീതിയിൽ പന്തെറിഞ്ഞ കൊൽക്കത്തൻ ബൗളർമാർ ചെറിയ സ്കോറിൽ പിടിച്ചുകെട്ടുകയായിരുന്നു. അർധസെഞ്ച്വറിയുമായി പുറത്താകാതെനിന്ന (59 പന്തിൽ 73 റൺസ്) സ്റ്റീവ് സ്മിത്താണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. കളിയുടെ ഒരുഘട്ടത്തിലും റൺറേറ്റ് ഉയർത്താൻ സാധിക്കാതിരുന്നതാണ് രാജസ്ഥാന് തിരിച്ചടിയായത്. കൊൽക്കത്തയ്ക്കായി ഹാരി നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി. വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവർ വീതം ബൗൾ ചെയ്ത പീയൂഷ് ചൗള 19 റൺസും സുനിൽ നരേൻ 22 റൺസും മാത്രമാണ് വിട്ടുകൊടുത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്ന് നാല് വിജയത്തോടെ എട്ട് പോയന്റുമായാണ് ചെന്നൈയെ പിന്തള്ളി കൊൽക്കത്ത പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് മത്സരത്തിൽ നാലും തോറ്റ രാജസ്ഥാൻ നിലവിൽ ഏഴാം സ്ഥാനത്താണ്. Content Highlights; IPL 2019 Rajasthan Royals vs Kolkata Knight Riders
from mathrubhumi.latestnews.rssfeed http://bit.ly/2I6wmHL
via
IFTTT
No comments:
Post a Comment