അക്രമരാഷ്ട്രീയം യു.ഡി.എഫ്. പ്രധാന പ്രചാരണവിഷയമാക്കുമ്പോൾ പി. ജയരാജൻ പറയുന്നു. ഞാനും അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് എതിർപ്രചാരണങ്ങളെ ഇങ്ങനെ ഖണ്ഡിക്കുന്നതിനൊപ്പം വടകരയിൽ കോ-ലീ-ബി സഖ്യമാണെന്ന ആരോപണത്തിന് മൂർച്ചകൂട്ടുകയും ചെയ്യുന്നു. സ്വീകരണകേന്ദ്രങ്ങളിലെ ജനങ്ങളുടെ ആവേശത്തെ സാക്ഷിയാക്കി വിജയം ഉറപ്പെന്നുപറയുകയാണ് ജയരാജൻ. വിജയപ്രതീക്ഷകൾ എങ്ങനെ ? പ്രതീക്ഷ കൂടുതൽ ശക്തിപ്പെടുകയാണ്. വടകര തിരിച്ചുപിടിക്കുമെന്നാണ് തുടക്കത്തിൽ പറഞ്ഞത്. അത് ആത്മവിശ്വാസത്തോടെ പറയാവുന്ന ഘട്ടത്തിലെത്തി. രണ്ട് ഘട്ടങ്ങളിലായി 337 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പ്രചാരണത്തിൽ ഏറെ മുന്നിലെത്താൻ എൽ.ഡി.എഫിന് സാധിച്ചു. സ്വീകരണകേന്ദ്രങ്ങളിലെ പ്രത്യേകത സ്ത്രീപങ്കാളിത്തമാണ്. വനിതാമുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമാണ്. യുവതീയുവാക്കൾ ആവേശത്തോടെയാണ് എത്തുന്നത്. എന്നെ അക്രമത്തിന്റെ ആളായി വിശേഷിപ്പിച്ചാണ് യു.ഡി.എഫ്. പ്രചാരണം നടത്തുന്നത്. എന്നാൽ, പൊതുപ്രവർത്തകനെ ശരിയായി വിലയിരുത്തിയാണ് ജനം പ്രതികരിക്കുന്നത്. ഇത് സ്വീകരണകേന്ദ്രങ്ങളിൽ പ്രകടമാണ്. അക്രമരാഷ്ട്രീയം പ്രചാരണവിഷയമാകുന്നത് തിരിച്ചടിയാകുമോ ? അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് ഞാൻ. ആ എന്നെ പ്രതിസ്ഥാനത്തുനിർത്തുന്നത് ആർ.എസ്.എസിന്റെ പ്രചാരണം വാടകയ്ക്ക് എടുക്കുന്നതിന് തുല്യമാണ്. അത് ബോധപൂർവമാണ്. ബി.ജെ.പി. വോട്ട് കോൺഗ്രസിന് നേടാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിത്. അതിനുവേണ്ടി ആർ.എം.പി.യെ പാലമാക്കുന്നു. ബി.ജെ.പി.ക്കെതിരേ കോൺഗ്രസ് ഒന്നും പറയുന്നില്ല. മറിച്ച്, സ്ഥാനാർഥിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് ചെയ്യുന്നത്. മണ്ഡലത്തിന്റെ വികസനകാഴ്ചപ്പാട് എന്തെല്ലാം ? വടകര മണ്ഡലത്തിന്റെ സമഗ്രമായ വികസനം സംസ്ഥാന ഗവൺമെന്റുമായും കൂടിയാലോചിച്ച് നടത്തണം. അതിനുവേണ്ടി ഒരു കർമപരിപാടി തയ്യാറാക്കും. മണ്ഡലത്തിലെ പ്രകടനപത്രിക തയ്യാറാക്കുന്നുണ്ട്. അത് അടുത്തദിവസം പുറത്തിറക്കും. എല്ലാ ഭാഗങ്ങളെയും സ്പർശിക്കുന്നതായിരിക്കും ഇത്. നിലവിലുള്ള എം.പി മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. പാഴായിപ്പോയ പത്തുവർഷങ്ങളെന്നാണ് ജനം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രകടനപത്രിക. ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസും ബി.ജെ.പി.യും ഏറ്റുമുട്ടുമ്പോൾ വടകരയിൽ കോ-ലീ-ബി സഖ്യമെന്ന ആരോപണത്തിന് പ്രസക്തിയുണ്ടോ ? വോട്ടിനുവേണ്ടി ആർ.എസ്.എസ്. മുദ്രാവാക്യം ഏറ്റെടുക്കാനും കോൺഗ്രസിന് മടിയില്ല. വടകരയിൽ കീചകവധം നടക്കുമെന്നാണ് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പയ്യന്നൂരിൽ പറഞ്ഞത്. മുമ്പ് ആർ.എസ്.എസ്. എന്നെ ചുവപ്പുകംസൻ എന്ന് വിശേഷിപ്പിച്ച് കംസവധം നടക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അന്ന് ആർ.എസ്.എസ്. കൊലവിളിപ്പാട്ടും നടത്തി. ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇപ്പോൾ ബി.ജെ.പി. വോട്ടുനേടാൻ വേണ്ടിയാണ് കീചകവധം പ്രയോഗവുമായി വന്നത്. കോ-ലീ-ബി സഖ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ആർ.എം.പി.യുടെ നിലപാട് പ്രതികൂലമാകുമോ ? ആർ.എം.പി.ക്കാർ എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. കാരണം ഒഞ്ചിയം രക്തസാക്ഷികൾ കോൺഗ്രസിന്റെ ഭരണകൂടഭീകരതയുടെ ഭാഗമായിട്ടാണ് ജീവാർപ്പണം ചെയ്തത്. അവരുടെ പിൻതലമുറ ഒരിക്കലും കോൺഗ്രസിന് വോട്ടുചെയ്യില്ല. കുറെപ്പേർ ആർ.എം.പി. വിട്ട് സി.പി.എമ്മിലേക്ക് വരുന്നുമുണ്ട്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഏതെങ്കിലും തരത്തിൽ വടകരയെ ബാധിക്കുമോ ? ഒരിക്കലുമില്ല. രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചശേഷം ഒരുപാട് സ്ഥലങ്ങളിൽ ഞാൻ പര്യടനം നടത്തിയിട്ടുണ്ട്. എവിടെയും ഒരു പ്രതിഫലനവും കണ്ടിട്ടില്ല. ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്. രാമക്ഷേത്ര നിർമാണത്തിന് കൈപ്പത്തിക്ക് വോട്ട് നൽകാൻ പറഞ്ഞത് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്താണ്. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ കാലിക്കടത്ത് നടത്തിയവരെ ജയിലിലിട്ടു. രാഹുലിന്റെ വയനാടിലെ സ്ഥാനാർഥിത്വം അഖിലേന്ത്യാ തലത്തിൽ ബി.ജെ.പി.ക്കാണ് സഹായകരമാകുന്നത്. എൽ.ജെ.ഡി.യുടെ തിരിച്ചുവരവിനെ ഏങ്ങനെ കാണുന്നു ? എൽ.ജെ.ഡി. ഇടതുപക്ഷത്തേക്ക് തിരിച്ചെത്തിയതോടെയാണ് യു.ഡി.എഫ്. തീർത്തും പരാജയഭീതിയിലായതും സ്ഥാനാർഥിക്കെതിരേ വ്യക്തിഹത്യ ശക്തമാക്കിയതും. മറ്റൊന്നും എതിരാളികൾക്ക് പറയാനില്ല. എന്താണ് എൽ.ഡി.എഫിന്റെ കരുത്ത് ? എൽ.ഡി.എഫ്. ജനകീയ താത്പര്യം ഉയർത്തുന്ന മുന്നണിയാണ്. പ്രവർത്തകർ തിരഞ്ഞെടുപ്പിനിടയിലും ജനസേവനം തുടരുന്നു. കുടിവെള്ളവിതരണം, രക്തദാനം, ശുചീകരണം, കിടപ്പുരോഗികളെ പരിചരിക്കൽ എന്നിവയെല്ലം ചെയ്യുന്നുണ്ട്. ജനസേവനമാണ് എൽ.ഡി.എഫിന്റെ കരുത്ത്. മറ്റുള്ളവർ ഒരുനാൾസുൽത്താൻമാരെ പോലെയാണ്. തിരഞ്ഞെടുപ്പുകാലത്തുമാത്രമാണ് അവരെ കാണുന്നത്. Content Highlight:Vadakara LDF Candidate, P Jayarajan Interview, Loksabha Election
from mathrubhumi.latestnews.rssfeed http://bit.ly/2VE1GRA
via
IFTTT
No comments:
Post a Comment