കണ്ണൂർ: അറക്കൽ കൊട്ടാരത്തിലേക്ക് പാണക്കാട്ടെ തങ്ങൾമാരെ വരവേറ്റത് ഉറുമിവീശിയും കളരിപ്പയറ്റ് അടവുകൾ കാട്ടിയും. ഇപ്പോൾ മ്യൂസിയമായ കൊട്ടാരത്തിന്റെ അകത്തളത്തിലെത്തിയ അതിഥികളെ സ്വീകരിച്ചിരുത്തി ജാതിച്ചപ്പിൽ(തേക്കില) നൽകിയത് ആചാരപരമായ വിഭവങ്ങൾ. തേനും കൽക്കണ്ടിയും കൊപ്രയും കശുവണ്ടിയും ഈത്തപ്പഴവും ഇതിലുൾപ്പെടും. വിവിധ സംസ്കാരങ്ങളുടെകൂടി പ്രതീകമായ വിഭവങ്ങളോടെയുള്ള സ്വീകരണത്തിനുശേഷം അറയ്ക്കൽ ചരിത്രത്തിന്റെ രേഖകളും ചിത്രങ്ങളും കണ്ട് പാരമ്പര്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് തിരക്കുകൾ തീർന്ന ഉടനെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കുടുംബത്തിന്റെ ആരൂഢകേന്ദ്രങ്ങളിലേക്ക് പഠനയാത്ര പുറപ്പെട്ടത്. ഒരു ബസ്സിലും ഏതാനും കാറുകളിലുമായി പാണക്കാട് കൊടപ്പനക്കൽ ഫാമിലി ട്രസ്റ്റ് വക പഠനയാത്ര. ഒരുവർഷംമുമ്പ് നടന്ന കുടുംബയോഗത്തിലാണ് പാണക്കാട് കുടുംബത്തിലെ പുതിയ തലമുറയ്ക്ക് ആദികേന്ദ്രങ്ങൾ പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് തീരുമാനിച്ചത്. ഏതാനും മാസംമുമ്പ് യാത്ര തീരുമാനിച്ചതാണെങ്കിലും പ്രളയത്തിന്റെ സാഹചര്യത്തിൽ നീട്ടിവെക്കുകയായിരുന്നു. സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുടെകൂടി നേതൃത്വത്തിലുള്ള സംഘം പരേതനായ ഇ.അഹമ്മദിന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷമാണ് അറക്കൽ കെട്ടിലേക്കു പുറപ്പെട്ടത്. പിന്നീട് സംഘം വളപട്ടണത്ത് കക്കുളങ്ങര പള്ളി സന്ദർശിച്ചു. മുസ്ലിം ലീഗ് നേതാക്കളായ വി.കെ.അബ്ദുൾഖാദർ മൗലവി, വി.പി.വമ്പൻ എന്നിവർ വഴികാട്ടികളായി ഒപ്പം സഞ്ചരിച്ചു. ആരൂഢകേന്ദ്രമായ വളപട്ടണത്തെ കക്കുളങ്ങര പള്ളിയിൽ പ്രാർഥിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പാണക്കാട് കുടുംബത്തിന്റെ യാത്ര. പ്രശസ്തമായ കക്കുളങ്ങര പള്ളിയെക്കുറിച്ച്, എ.ഡി. 1342-ൽ വളപട്ടണം സന്ദർശിച്ച ഇബിൻ ബത്തൂത്ത പരാമർശിച്ചിട്ടുണ്ട്. പാണക്കാട് കുടുംബവുമായി ബന്ധമുള്ള വളപട്ടണത്തെ തങ്ങൾകുടുംബക്കാരെല്ലാം ഹൈദരലി ശിഹാബ് തങ്ങളെയും സംഘത്തെയും സ്വീകരിക്കാനെത്തി. കക്കുളങ്ങര പള്ളിയിൽ പ്രാർഥനയോടെ, ആചാരപരമായാണ് തങ്ങൾകുടുംബത്തെ വരവേറ്റത്. വളപട്ടണത്തുനിന്ന് കോഴിക്കോട്ടെത്തിയ തങ്ങൾകുടുംബത്തിന്റെ പിൻതലമുറയാണ് പാണക്കാട് തറവാടിന്റെ സ്ഥാപകർ. വളപട്ടണവുമായും കണ്ണൂർ അറയ്ക്കൽ തറവാടുമായുമുള്ള കുടുംബബന്ധം എങ്ങനെയെന്ന് സംഘത്തിലെ അംഗങ്ങൾക്ക് മുതിർന്നവർ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. യെമൻ ബന്ധം യെമനിലെ ഹസർമൗത്തിലെ തരീം എന്ന സ്ഥലത്തുനിന്ന് വളപട്ടണത്തെത്തി താമസമാക്കിയ സയ്യിദ് അലി ശിഹാബുദ്ദീന്റെ പുത്രനായ സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ അറയ്ക്കൽ കൊട്ടാരത്തിൽനിന്നാണ് വിവാഹം ചെയ്തത്. ഹുസൈൻ തങ്ങൾ നാലുമക്കളടങ്ങിയ കുടുംബത്തോടെ താമസം കോഴിക്കോട്ടേക്കു മാറ്റി. ഹുസൈൻ തങ്ങളുടെ മകനായ സയ്യിദ് മുഹ്ലാർ ശിഹാബുദ്ദീന്റെ മകനായ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളാണ് പാണക്കാട് തങ്ങൾകുടുംബത്തിന്റെ പിതാമഹനായി അറിയപ്പെടുന്നത്. content highlights:panakkad family, arakkal family kannur
from mathrubhumi.latestnews.rssfeed http://bit.ly/2IFMOPL
via
IFTTT
No comments:
Post a Comment