'ഋതുമതിയായ മകളോട് ആ വിഷയത്തില്‍ ഒരപ്പനെന്താണ് ഫോണിലൂടെ ചോദിക്കുക? ആര്‍ത്തവത്തേക്കുറിച്ചുള്ള കുറിപ്പുകള്‍ ലേഡീസ് ഓണ്‍ലി മാത്രമായി ചുരുക്കേണ്ടതില്ല'; വൈറലായി ഒരച്ഛന്റെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

'ഋതുമതിയായ മകളോട് ആ വിഷയത്തില്‍ ഒരപ്പനെന്താണ് ഫോണിലൂടെ ചോദിക്കുക? ആര്‍ത്തവത്തേക്കുറിച്ചുള്ള കുറിപ്പുകള്‍ ലേഡീസ് ഓണ്‍ലി മാത്രമായി ചുരുക്കേണ്ടതില്ല'; വൈറലായി ഒരച്ഛന്റെ കുറിപ്പ്

സോഷ്യല്‍ മീഡിയകളില്‍ ആര്‍ത്തവം ചൂടുള്ള ചര്‍ച്ചാവിഷയമാണ്. പൊതുവെ ആര്‍ത്തവത്തെ കുറിച്ചുള്ള ആകുലതകളും ആശങ്കകളും സംശയങ്ങളും സ്ത്രീകളാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു അച്ഛന്‍ ആര്‍ത്തവത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ്. പ്രവാസി കൂടിയായ ധര്‍മ്മരാജ് മാടപ്പള്ളി എഴുതിയ കുറിപ്പാണു സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

ധര്‍മ്മരാജ് മാടപ്പള്ളി എഴുതിയ കുറിപ്പ് വായിക്കാം;

അത്രക്ക് അത്യാവശ്യമുണ്ടെങ്കിലെ ജോലിസമയത്ത് വീട്ടില്‍നിന്നും വിളിവരാറുള്ളൂ. വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നപ്പോളാണ് ഫോണെടുത്തത്. ഊട്ടിയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലാണ് അമ്മയും മകളും. വഴിമദ്ധ്യേ മകള്‍ വയസ്സറിയിച്ചതാണ് ഫോണ്‍ വാര്‍ത്ത.

എന്തുചെയ്യണമെന്നറിയില്ല. എങ്ങിനെയെങ്കിലും ബന്ധുവിന്റെ വീട്ടിലെത്തൂ എന്നേ പറയാന്‍ തോന്നിയുള്ളൂ. അതിലേറെ എന്താണ് സാദ്ധ്യതകള്‍? തീവണ്ടിയിലാണ്. പക്ഷേ ശാരീരികാവശ്യസാധനങ്ങള്‍ കരുതിയിട്ടില്ല. ഒട്ടും പ്രതീക്ഷിച്ചതുമല്ല. ആദ്യമായാണ് ഉമ്മുഖുല്‍സു ഒരു ദീര്‍ഘയാത്രപോകുന്നതുതന്നെ. അത്യാസന്നരോഗിയേയുംകൊണ്ട് ആശുപത്രിയിലേക്കു പായുന്ന ഒരു ആംബുലന്‍സുപോലെ തോന്നി എനിക്ക് ആ തീവണ്ടി.

ഓര്‍മ്മയില്‍, ആന്തലോടെ പണ്ടൊരിക്കല്‍ അമ്മ പങ്കുവെച്ച പെങ്ങളുടെ തിരളലിന്റെ ആകുലത കൂട്ടുവന്നു. പെണ്‍കുഞ്ഞുങ്ങള്‍ എത്ര പെട്ടെന്നാണ് വലുതാകുന്നതെന്ന സങ്കടത്തിനുമുന്നില്‍ ആണ്‍കുഞ്ഞായ ഞാനെന്തേ അത്രവേഗം വളരാത്തതെന്ന സങ്കടം മൂര്‍ച്ഛിച്ചു. എന്നോടു നിരന്തരം കുറുമ്പോടെ തല്ലുകുടിയിരുന്ന അവള്‍ മാസമുറക്കാലങ്ങളില്‍ വടക്കിനിയില്‍ ചുരുണ്ടുകൂടിക്കിടന്ന് എന്റെ ഏകാന്തതയെ പൊടുന്നനെ വളര്‍ത്തിയത് ഓര്‍ത്തു. പിന്മുറ്റത്ത്, അടുത്തവീട്ടിലെ പെണ്‍കുട്ടിയൊത്ത് സീറുകളിക്കാന്‍ വരഞ്ഞിട്ട കളത്തിന് മാസത്തില്‍ മൂന്നുദിവസം അവധികിട്ടിത്തുടങ്ങി. അന്നേരം അതിന്റെ കളങ്ങളിലെ ഉടഞ്ഞ ചട്ടിക്കഷ്ണങ്ങള്‍ ഞാനൊരരികിലേക്ക് എടുത്തുവച്ചു.

പുറത്ത് വേനല്‍ അതിന്റെ സ്ഫടിത്തരികള്‍ വിടറി പൊട്ടിച്ചിരിക്കുന്ന ഒരു വേനലായിരുന്നു അത്. അത്രയേറെ കൊതിച്ചുകൊതിച്ചിറങ്ങിയ യാത്രചുരുക്കി അവള്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. ആശങ്കകളായിരുന്നു എനിക്ക് അകംനിറയെ. അവളിപ്പോള്‍ മറ്റൊരാളാണെന്നതുപോലെ മനസു തുടിച്ചു. ഞാന്‍ വിളിച്ചു: മോളേ...

അപ്പാ... അവള്‍ വിളികേട്ടു.

ഇനിയെന്താണു ചോദിക്കുക? ഋതുമതിയായ മകളോട് ആ വിഷയത്തില്‍ ഒരപ്പനെന്താണ് ഫോണിലൂടെ ചോദിക്കുക. അതേ സമയം, ഞാനെന്താണ് ചോദിക്കുക എന്നൊരു ആശങ്ക അവളും പങ്കുവെക്കുന്നുണ്ടാവുമോ? അല്പനിമിഷങ്ങള്‍ക്കകം ഞാന്‍ ചോദിച്ചു: മോളു സുഖമായിരിക്കുന്നുവോ?

ഇത്തിരി വയറുവേദനയുണ്ട് അപ്പാ? ഞാന്‍ കരുതിയതിലേറെ എളുപ്പം അവളാവിഷയത്തിലേക്ക് ഓടിക്കയറി. വിശ്രമിക്കൂ. നന്നായി വെള്ളം കുടിക്കൂ എന്നുമാത്രം ഞാനവളെ ഉപദേശിച്ചു. ഇതുരണ്ടും ശാരീരികമായി അവള്‍ക്ക് ആവശ്യമുണ്ടോ എന്നെനിക്ക് അറിയില്ല. അവള്‍ക്കുവേണ്ട പുതിയ ഉടയാടകള്‍ നാട്ടിലേക്കു പോകുന്നവരാരെങ്കിലുമുണ്ടെങ്കില്‍ അയക്കണമെന്ന നിര്‍ദ്ദേശം വന്നു. അവളുടെ അമ്മ വക.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അത്യധികം ഹൈപ്പര്‍ടെന്‍ഷനോടെയാണ് ചെന്നുനിന്നത്. ഫ്രോക്കുകളും കുഞ്ഞുപാവാടകളുമൊക്കെ അതേവരെ ഞാനവള്‍ക്കു വാങ്ങാറുണ്ടെങ്കിലും അവള്‍ക്കായി ബ്രാ വാങ്ങുക എന്നത് ആദ്യമായാണ്. വലിയ കപ്പില്ലാത്ത, പെറ്റിക്കോട്ടുപോലത്തെ ഒരു തരമുണ്ടെന്നാണ് അറിവുകിട്ടിയത്. തെരഞ്ഞുതെരഞ്ഞ് ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഇതുമതിയാവുമോ എന്നൊരു സംശയം മുറ്റിനിന്നു. മറ്റൊന്നു നോക്കിയപ്പോള്‍ ഇതിങ്ങനെ വലിച്ചു കുടുക്കിയിട്ടാല്‍ പിന്നിലെ ഹൂക്കുകൊണ്ട് പുറം വേദനിക്കില്ലേ എന്നൊരു സംശയം. കൗണ്ടറില്‍ നില്ക്കുന്ന ഫിലിപ്പൈന്‍സ് പെണ്‍കുട്ടിയൊടു സംശയം ചോദിക്കാന്‍ തോന്നിയില്ല. ഒടുവില്‍ രണ്ടുതരവുമെടുത്തു.

സാനിട്ടറിപാഡു കൂടി വാങ്ങി അയച്ചില്ലെങ്കില്‍ പൂര്‍ണ്ണമാവില്ലെന്നൊരു തോന്നല്‍. അതിന്റെ വിഭാഗത്തില്‍ ചെന്നപ്പോള്‍ ചിറകുള്ളതുവേണോ, സാധാരണമതിയോ, ഇത്രയധികം കട്ടിയുള്ളതുവേണോ, നേരിയതു മതിയോ... ഞാനാ വിഭാഗത്തിലൂടെ പതിയെ നടന്നു. ഷെല്‍ഫുകളില്‍ നിറയെ പാഡുകള്‍, പലപാടുകള്‍ മായ്ച്ചുകളയാനുള്ള ഒരുക്കങ്ങളോടെ പല വീടുകളിലേക്ക് പോകാന്‍ തയ്യാറായി നിന്നു. ഞാനവയില്‍ ചിലതുതൊട്ടു. ഉമ്മുവിന്റെ കവിളില്‍ തൊടുന്നതുപോലെ അത്ര മൃദുലമായവ. ഉചിതമെന്ന് തോന്നിയത് എടുത്തു.

പിറ്റേന്നു വിളിച്ചുള്ള അന്വേഷത്തില്‍ അവളുടെ മറുപടി അദ്ഭുതപ്പെടുത്തി: ഇങ്ങനെ നിറയെ സമ്മാനങ്ങള്‍ എല്ലാ മാസവും കിട്ടുമെങ്കില്‍ ഇതൊരു സുഖമുള്ള ഏര്‍പ്പാടാണുപോലും! നോക്കൂ... നമ്മുടെ കുട്ടികള്‍ എത്ര ലളിതമായാണ് കാര്യങ്ങളെ സമീപിക്കുന്നത്. എനിക്കവളെ ഉമ്മവയ്ക്കണമെന്ന് തോന്നി. പിന്നെയും അല്പദിവസങ്ങള്‍ക്കുശേഷമാണ് അയച്ച വസ്ത്രസാമഗ്രികള്‍ കൈപ്പറ്റിയത്.

അപ്പ എന്തൊരപ്പയാ, ഇത്ര വലിയ ബ്രാ എനിക്കെന്തിനാ. ഞാനത്രയൊന്നും വലുതായിട്ടില്ല അപ്പേ...

കടലുകള്‍ക്കിപ്പുറം ഈ മണല്‍ക്കാട്ടിലിരുന്ന് ഞാനൊന്നു ചൂളി. ഒരപ്പനും മകള്‍ക്കുമിടയില്‍ ഇത്രലളിതമായ തുറസുകളുണ്ടായിരുന്നുവോ എന്നത് പുതിയ അറിവാണ്. ഇപ്പോള്‍, മാസാമാസങ്ങളില്‍ അവളനുഭവിക്കുന്ന നെടുംനോവുകള്‍, കാലുകള്‍ മുറുകെ പിണുച്ചുകിടന്ന് അതിനെ മറികടക്കാനുള്ള പാഴ്ശ്രമങ്ങള്‍, ആ നോവുകളെ ഇത്തിരിയെങ്കിലും മനസ്സാലെ കൈപ്പറ്റിയില്ലെങ്കില്‍ ഞാനെന്തൊരപ്പനാണെന്ന് എനിക്കു തോന്നും.

ആര്‍ത്തവകാലങ്ങളില്‍ പുറത്തേക്കിറങ്ങുമ്പോള്‍ പിറകിലൊന്നുനോക്കീയേ എന്ന് അവളുടെ അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ട് അസ്വസ്ഥയാവുന്ന മകളെ ഞാന്‍ കാണുന്നുണ്ട് മനസ്സാലെ. അതുകൊണ്ടുമാത്രം നിഷേധിക്കപ്പെടുന്ന ഇഷ്ടസന്നിധികള്‍ ഒരപ്പന്റെ കൂടി സങ്കടങ്ങളാണ്. ഭൂമിയിലെ ഒരുവിധം അപ്പന്മാരൊക്കെ ഇങ്ങനേത്തന്നെയാവാം. ഒരു പുരുഷന്റെ ജീവിതക്കലണ്ടറിലൂടെ നിരവധി ആര്‍ത്തവത്തീയതികള്‍ കടന്നുപോകുന്നുണ്ട്. അമ്മയുടേതും പെങ്ങളുടേതും ഭാര്യയുടേയും മകളുടേയുമെന്നൊക്കെ. നിങ്ങളത് വീട്ടിലെ പുരുഷനോട് പറയണമെന്നില്ല. ആ മുഖത്തെ തളര്‍ഭാവംകൊണ്ട് ഞങ്ങള്‍ക്കതു മനസിലാവും.

ഭാര്യയുടെ കുളി തെറ്റിയതിന്റെ ആഹ്ലാദമാണ് ഒരു പുരുഷന്‍ ഹൃദയംകൊണ്ട് അവന്റെ കുഞ്ഞിനുമേല്‍ മുദ്ര വയ്ക്കുന്ന ആദ്യചുംബനം. അതുകൊണ്ട് ആര്‍ത്തവത്തേക്കുറിച്ചുള്ള കുറിപ്പുകള്‍ ലേഡീസ് ഓണ്‍ലി മാത്രമായി ചുരുക്കേണ്ടതില്ല. അങ്ങനെ ഒരു പെണ്‍സുഹൃത്ത് ഇന്നലെ എഴുത്തില്‍ ആശങ്കപ്പെട്ടുകണ്ടു. നിങ്ങളുടെ ശരീരത്തിന്റെ നിങ്ങള്‍ കാണാത്ത ഇടങ്ങള്‍കൂടി കാണുന്ന ആളാണ് നിങ്ങളുടെ പുരുഷന്‍. തിരിച്ചും അങ്ങനേത്തന്നെ.



from mangalam.com http://bit.ly/2G52QQB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages