കുട്ടികൾക്കു നേരെയുള്ള ക്രൂരത വീണ്ടും വാർത്തയാകുന്നു. തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദത്തിന് ഇരയായി ഏഴുവയസുകാരൻ മരിച്ച സംഭവം മനസിൽ നിന്നും മാറുന്നതിന് മുമ്പേ കേരളത്തെ വീണ്ടും ഞെട്ടിച്ച് സമാനമായ മറ്റൊന്ന്. തലക്കേറ്റ ഗുരുതര പരിക്കുകളുമായി മൂന്നര വയസ്സുകാരനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. കളമശ്ശേരിയിൽ താമസിക്കുന്ന ഉത്തരേന്ത്യൻ സ്വദേശിയായ പിതാവും സുഹൃത്തും ചേർന്നാണ് ഗുരുതരാവസ്ഥയിലുള്ള ആൺകുട്ടിയെ ആദ്യം ആലുവയിലെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമാണെന്ന് കണ്ടതോടെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ ഡോക്ടർമാരാണ് കുട്ടിയുടെ ദേഹത്ത് പലയിടത്തും ചതവും പിന്നിൽ പൊള്ളിയ പാടും കണ്ടെത്തിയത്. സംശയം തോന്നി വിവരം ആശുപത്രി അധികൃതർ ഏലൂർ പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് അൽപസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. കുട്ടിയുടെ പിതാവും സുഹൃത്തും കുട്ടിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്കു പോവുന്നുവെന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഇവർക്കു വേണ്ടി വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസും സജ്ജമാക്കി. യാത്രയ്ക്ക് മുൻപ് കുട്ടിയെ വീണ്ടും പരിശോധിച്ച ഡോക്ടർമാരുടെ സംഘം ഒരു മണിക്കൂറിലധികം നീളുന്ന യാത്ര കുട്ടിയുടെ ജീവൻ അപകടത്തിലാക്കുമെന്ന് പിതാവിനെ ധരിപ്പിച്ചു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയയ്ക്ക് പിതാവ് സമ്മതം അറിയിച്ചത്. ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയ്ക്ക് കുട്ടിയെ ചൊവ്വാഴ്ച രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പിതാവിനെയും സുഹൃത്തിനെയും കുട്ടിയുടെ മാതാവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. താൻ വീട്ടിലെത്തിയപ്പോൾ അടുക്കളയിൽ വെച്ച് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഡ്രൈവറായ കുട്ടിയുടെ പിതാവ് പറയുന്നത്. സംഭവം അറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.ബി. സൈനയും ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയുടെ മസ്തിഷ്കത്തിൽ കെട്ടിക്കിടക്കുന്ന രക്തം പുറത്തു കളഞ്ഞ ശേഷമേ തുടർ ചികിത്സയിലേക്ക് കടക്കാനാകുമായിരുന്നുള്ളു. ഇതിനായി ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ശസ്ത്രക്രിയ കഴിഞ്ഞൈങ്കിലും ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കുട്ടികളുടെ ഇന്റൻസീവ് കെയർ മേധാവി ഡോ. ബിബിൻ, മുതിർന്നവരുടെ ഇന്റൻസീവ് കെയർ മേധാവി ഡോ. ജേക്കബ് വർഗീസ്, ഫോറൻസിക് വിഭാഗം ഡോ. ജയദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. Content Highlight: 3 years old boy hospitalise: parents booked for murder attempt
from mathrubhumi.latestnews.rssfeed http://bit.ly/2IrFLKo
via
IFTTT
No comments:
Post a Comment