കോട്ടയം: ബാലസോര്‍ റോമന്‍ കത്തോലിക്കാ രൂപതാ ബിഷപ് മാര്‍ സൈമണ്‍ കൈപ്പുറം കാലം ചെയ്തു. 65 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 1.45 ഓടെ ബാലസോറിലെ ജ്യോതി ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയാണ് ബിഷപ് കൈപ്പുറം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് ബാലസോര്‍ കത്തീഡ്രലില്‍ നടക്കുമെന്ന് ഒഡീഷ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ.പ്രസണ്‍ സിംഗ് അറിയിച്ചു.
വിന്‍സെന്റിയന്‍സ് സഭാംഗമായ ബിഷപ് കൈപ്പുറം ഒഡീഷ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി കൂടിയായിരുന്നു. 2014 ജനുവരി 30നാണ് മാര്‍ കൈപ്പുറം രൂപതയുടെ അധ്യക്ഷനായി അഭിഷിക്തനായത്. ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശികളായ കൈപ്പുറം ചാക്കോ-മേരി ദമ്പതികളുടെ ആറുമക്കളില്‍ ഒരാളാണ് മാര്‍ സൈമണ്‍. കോട്ടയം അതിരൂപതയുടെ കീഴിലുള്ള കണ്ണങ്കര പള്ളിയാണ് ഇടവക. ഇദ്ദേഹത്തിന്റെ ഒരു സഹോദരി സിസ്‌റ്റേഴ്‌സ് ഓഫ് പ്രൊവിന്‍സില്‍ അംഗമാണ്.
1954 ഫെബ്രുവരി 9ന് ജനിച്ച മാര്‍ സൈമണ്‍, കണ്ണങ്കരയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഒഡീഷയില്‍ കോണ്‍ഗ്രഗേഷന്‍ ഓഫ് മിഷന്‍സില്‍ (വിന്‍സെന്റിയന്‍സ്) മിഷനില്‍ ചേര്‍ന്നു. 1980 ഡിസംബര്‍ 20നായിരുന്നു വൈദികപട്ടം സ്വീകരിച്ചത്. തുടര്‍ന്ന് അലിഗോണ്ട, മൊഹാന എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. 1993ല്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി.
ഗോലാപുര്‍ അക്വീനാസ് കോളജ് പ്രൊഫസര്‍, പൂനെ തിയോളജി സ്റ്റഡി ഹൗസ് റെക്ടര്‍, എന്നീ നിലകളിലും സേവനം ചെയ്തു. 2014ലാണ് പോപ് ഫ്രാന്‍സിസ് സൈമന്‍ കൈപ്പുറത്തെ ബിഷപ് പദവിയിലേക്ക് ഉയര്‍ത്തിയത്.
കട്ടക്കില്‍ നിന്നും വേര്‍പിരിഞ്ഞ ബാലസോര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്നു മാര്‍ സൈമണ്‍. ബിഷ് തോമസ് തിരുതാലില്‍ ആണ് പ്രഥമ ബിഷപ്.
from mangalam.com http://bit.ly/2IyBpkI
via IFTTT
No comments:
Post a Comment