കൽപ്പറ്റ: വയനാട്ടുകാർ ചരിത്രത്തിലിതുവരെ കണ്ടിട്ടുണ്ടാവില്ല ഇങ്ങനെയൊരു ജനക്കൂട്ടത്തെ. ജനസാഗരം രാഹുൽ എന്ന ഒറ്റ വിളിയിൽ മാത്രം ഒതുങ്ങിയപ്പോൾ വയനാട് അക്ഷാരാർഥത്തിൽ സ്തംഭിച്ച് നിന്ന് പോയി. പ്രിയനേതാക്കളെ ഒരു നോക്ക് കാണാൻ ജനസാഗരം ചുരം കയറി വന്നതോടെ വ്യാഴാഴ്ച അർധരാത്രി മുതൽ കൽപറ്റ നഗരവും പ്രദേശവും യു.ഡി.എഫ് പ്രവർത്തകരുടെ നിയന്ത്രണത്തിലായിപ്പോയി. എസ്.പി.ജിക്കും പോലീസിനും രാഹുൽ വിളിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നുവെന്ന് പറയേണ്ടി വരും. നീണ്ട കാത്തിരിപ്പിന്റെ മണിക്കൂറുകൾ പിന്നിട്ട് രാവിലെ 11 മണിയോടെ കൽപറ്റ എസ്.കെ.ജെ.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ രാഹുലും പ്രിയങ്കയും ഹെലികോപ്റ്ററിൽ വന്നിറങ്ങിയിതോടെ ആവേശം അതിന്റെ നൂറിരട്ടിയിലുമായി. പിന്നെ പത്രികാ സമർപ്പണത്തിനായി പ്രത്യേക സുരക്ഷാ വാഹനത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക്. ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എസ്.ആർ. അജയകുമാറിന്റെ മുമ്പാകെ നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. വയനാട്, മലപ്പുറം ഡി.സി.സി പ്രസിഡന്റുമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. കാത്ത് നിന്ന പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ കൂടെ പോയെങ്കിലും കളക്ടറേറ്റ് കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സൂചികുത്താൻ പോലും ഇടമില്ലാതായി പോയ കൽപറ്റയിലെ നഗരത്തിലൂടെ ജനസാഗരത്തെ ഭേദിച്ച് എങ്ങനെ റോഡ് ഷോ നടത്തുമെന്നതായിരുന്നു അധികൃതർക്ക് മുന്നിലെ അടുത്ത വെല്ലുവിളി. പക്ഷെ പഴയ സ്റ്റാൻഡ് പരിസരം മുതൽ കളക്ടറേറ്റ് വരെ തമ്പടിച്ച് നിന്ന ജനങ്ങളെ നിരാശരാക്കാൻ രാഹുലും പ്രിയങ്കയും തയ്യാറായില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പഴയ സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പിന്നെ റോഡ് ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തിൽ കനത്ത സുരക്ഷയിൽ രാഹുലും പ്രിയങ്കയും പ്രവർത്തകരെ അഭിസംബോധന ചെയ്ത് മുന്നോട്ട് നീങ്ങിയപ്പോൾ ജനങ്ങളുടെ ആവേശത്തെ നിയന്ത്രിച്ച് നിർത്താൻ ചെറുതായൊന്നുമല്ല സുരക്ഷാ ഉദ്യോഗസ്ഥർക്ക് പണിപ്പെടേണ്ടി വന്നത്. എ.ഐ.സി.സി നേതാക്കളായ കെ.സി വേണുഗോപാൽ, ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും രാഹുലിനും പ്രിയങ്കയ്ക്കും അകമ്പടിയായി. തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിക്ക് അതിന്റെ എല്ലാ അർഥത്തിലും ആവേശത്തിലും പ്രവർത്തകർ വരവേൽപ്പ് നൽകിയപ്പോൾ നിങ്ങളോടൊപ്പം എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടേയും ഓരോ ചലനങ്ങളും. നിറഞ്ഞ് നിന്ന ബാനറുകളുടേയും മുദ്രാവാക്യം വിളിയുടെ ആവേശവും ഉൾകൊണ്ട് രാഹുൽ ഉച്ചയോടെ മടങ്ങിയെങ്കിലും ഇനിയറിയേണ്ടത് രാഹുലിനെ കാണാനെത്തിയ ജനക്കൂട്ടം വോട്ടാവുമോ എന്നാണ്. അങ്ങനെ സംഭവിച്ചാൽ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തിലായിരിക്കും രാഹുലിന്റെ വിജയവും. പ്രചാരണത്തിൽ ഏറെ മുന്നിലായ എൻ.ഡി.എ ക്യാമ്പും, എൽ.ഡി.എഫ് ക്യാമ്പും രാഹുലിന്റെ വരവിനെ ആശങ്കയോടെ തന്നെയാണ് നോക്കുന്നതെങ്കിലും വരും ദിവസങ്ങളിൽ ഇരുക്യാമ്പിൽ നിന്നുമുള്ള പ്രമുഖ ദേശീയ നേതാക്കൾ രാഹുലിനെ പ്രതിരോധിക്കാനായി വയനാട്ടിലേക്ക് ചുരം കയറുമോ എന്നാണ് ഇനി അറിയേണ്ടത്. Content Highlights:rahul gandhi and priyanka gandhi holds road show in kalpetta wayanad
from mathrubhumi.latestnews.rssfeed https://ift.tt/2HYo1ps
via
IFTTT
No comments:
Post a Comment