'സച്ചുമോന്‍ മടങ്ങി': അഞ്ചരവര്‍ഷമായി വെന്റിലേറ്ററില്‍ കഴിഞ്ഞ ഏഴുവയസ്സുകാരന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

'സച്ചുമോന്‍ മടങ്ങി': അഞ്ചരവര്‍ഷമായി വെന്റിലേറ്ററില്‍ കഴിഞ്ഞ ഏഴുവയസ്സുകാരന്‍ മരിച്ചു

സച്ചുമോനും അമ്മയും (ഫയൽ ചിത്രം) തൃശ്ശൂർ: ആ കുഞ്ഞുകണ്ണുകൾ മാത്രം അനങ്ങും. വല്ലപ്പോഴുമൊരിക്കലൊരു മൂളൽ... അതായിരുന്നു ആശുപത്രിക്കിടക്കയിൽ അഞ്ചരവർഷം കിടന്ന സച്ചുമോൻ. ആ കണ്ണുകൾ എന്നേക്കുമായി അടഞ്ഞപ്പോഴും നെറ്റിയിലെ ചന്ദനക്കുറി ഒരു തരിപോലും മാഞ്ഞിരുന്നില്ല... അഞ്ചരവർഷവും തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ഐ.സി.യു. പട്ടികയിലെ ആദ്യപേര് അദ്രിദാസ് എന്ന സച്ചുമോന്റേതായിരുന്നു. അതിനു താഴെ എഴുതിയിരുന്ന പേരുകൾ മാറിക്കൊണ്ടേയിരുന്നു. അവന്റെ പേര് മായ്ക്കാൻ ആശുപത്രിയിലൊരാൾക്കും ഇഷ്ടമായിരുന്നില്ല. പക്ഷേ, ഇനി ആ സ്ഥാനത്ത് മറ്റൊരു പേര് വരും... വടക്കാഞ്ചേരി, മുള്ളൂർക്കര മന്ദലാംകുന്ന് കൊല്ലമാക്കൽ ശിവദാസിന്റെയും സവിതയുടെയും ഏഴുവയസ്സുള്ള മകനായ അദ്രിദാസ് ചൊവ്വാഴ്ച രാവിലെ പത്തിനാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മസ്തിഷ്കജ്വരത്തിന് സമാനമായ ബ്രെയിൻ സ്റ്റെം ഡിമൈലിനേഷൻ എന്ന അസുഖംമൂലം അഞ്ചരവർഷവും അദ്രിദാസ് വെന്റിലേറ്ററിലായിരുന്നു. 2013 ഡിസംബറിലായിരുന്നു സച്ചുമോനെന്ന അദ്രിദാസിന്റെ ശരീരം മുഴുവൻ നീലനിറമായി മാറി തണുത്തുവിളറി വെളുത്തത്. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റിയപ്പോഴാണ് തലച്ചോറിലെ നീർക്കെട്ടാണ് രോഗകാരണമെന്ന് തിരിച്ചറിയുന്നത്. പിന്നെ ആദ്രിദാസ് വെന്റിലേറ്ററിലായി. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോൾ ആശുപത്രി അധികൃതർതന്നെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ ഒരു സംഘമായിരുന്നു അദ്രിദാസിനെ ചികിത്സിച്ചിരുന്നത്. ഒരേയൊരു വെന്റിലേറ്റർ അവനായി അവർ നീക്കിവെച്ചു. ഒരു പ്രതീക്ഷയുമില്ലാത്ത കുഞ്ഞിനായി ഇത് ചെയ്തതിന് അവർ ഒരുപാട് പഴികേട്ടു. പക്ഷേ, അവനെ പരിചരിച്ചിരുന്നവരെല്ലാം ഒരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. അമ്മ സവിത എന്നും വെന്റിലേറ്ററിൽ അവന്റെ ചാരേയിരുന്നു. അച്ഛൻ ശിവദാസൻ ഐ.സി.യു.വിന് പുറത്തും. എന്നും ചന്ദനക്കുറിയും തൊട്ട് തുടുത്തമുഖവുമായി കിടക്കുന്ന അവന്റെ ഉടുപ്പുകൾ ഒരിക്കൽപോലും മുഷിഞ്ഞുകണ്ടിട്ടില്ല -അദ്രിദാസിനെ ചികിത്സിച്ചിരുന്ന ഡോ. അജയ് വർക്കി പറയുന്നു. അദ്രിദാസിന്റെ ചേട്ടൻ അശ്വിൻദാസ് ഒരിക്കൽ ഒരു ചിത്രം വരച്ച് ഐ.സി.യു.വിന് മുന്നിൽ തൂക്കിയിട്ടു. ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമായിരുന്നു അത്. അനിയനെ നോക്കാൻ അമ്മ ആശുപത്രിയിൽ കഴിയുമ്പോൾ അശ്വിനെ നോക്കിയിരുന്നത് അച്ഛനായിരുന്നു. ചൊവ്വാഴ്ച രാവിലെ ആ മിടിപ്പ് നിലച്ചപ്പോൾ ഒരുനിമിഷത്തേക്കെങ്കിലും എല്ലാവരുടെ താളവും മരവിച്ചുപോയി. ഡോക്ടർമാരടക്കം കണ്ണീരോടെയാണ് അദ്രിദാസിന്റെ മൃതദേഹം വിട്ടുനൽകിയത്. content highlights:sachumon, Kerala Boy with ventilator support


from mathrubhumi.latestnews.rssfeed http://bit.ly/2D75R0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages