ലോക്സഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് 21 പ്രതിപക്ഷ പാർട്ടികൾ. ഇത്രയും സ്ലിപ്പുകളെണ്ണിയാൽ ഫലം പ്രഖ്യാപിക്കാൻ ആറുദിവസം വൈകുമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദത്തെയും കേസിലെ ഹർജിക്കാരായ പ്രതിപക്ഷപാർട്ടികൾ തള്ളി. തിരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യത വെച്ചുനോക്കുമ്പോൾ ആറുദിവസം വൈകുന്നത് അത്ര ഗുരുതരമായ കാലതാമസമല്ലെന്നും സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പ്രതിപക്ഷപാർട്ടികൾ അറിയിച്ചു. 50 ശതമാനം സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കുകയാണെങ്കിൽ ഫലപ്രഖ്യാപനും ആറുദിവസംവരെ വൈകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പല നിയമസഭാ മണ്ഡലങ്ങളിലും നാനൂറിലേറെ പോളിങ് ബൂത്തുകളുണ്ട്. അവിടങ്ങളിലെ സ്ലിപ്പുകൾ എണ്ണാൻ എട്ടോ ഒമ്പതോ ദിവസം വേണ്ടിവന്നേക്കുമെന്നും കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പ്രതിപക്ഷം കമ്മിഷന്റെ വാദങ്ങൾ തള്ളിയത്. തിരഞ്ഞെടുപ്പുകമ്മിഷന്റെയോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയോ വിശ്വാസ്യതയെ ചോദ്യംചെയ്യുകയല്ല ഹർജിയുടെ ലക്ഷ്യമെന്ന് സത്യവാങ്മൂലത്തിൽ പ്രതിപക്ഷം വ്യക്തമാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പുപ്രക്രിയയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസ്യത വർധിപ്പിക്കാനാണ് പകുതി സ്ലിപ്പെങ്കിലും എണ്ണെണമെന്നാവശ്യപ്പെടുന്നത്. കൂടുതൽപ്പേരെ നിയോഗിച്ചാൽ വേഗം എണ്ണിത്തീർക്കാം സുപ്രീംകോടതിയുടെകൂടി ഇടപെടലിന്റെ ഭാഗമായാണ് എല്ലാ വോട്ടിങ് മെഷീനുകളിലും വിവിപാറ്റ് ഘടിപ്പിക്കുന്നത് യാഥാർഥ്യമായത്. ഈ സാഹചര്യത്തിൽ അതു കാര്യക്ഷമമായി ഉപയോഗിക്കേണ്ടതുണ്ട്. കമ്മിഷൻ പറയുന്നതുപോലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന് ആറുദിവസം ആവശ്യമില്ല. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണാൻ ഒരാളെയാണ് നിയോഗിക്കുന്നത്. അമ്പത് ശതമാനം സ്ലിപ്പുകൾ എണ്ണുകയാണെങ്കിലും അതേയാൾ തന്നെ ചെയ്യണമെന്ന സങ്കല്പത്തിലാണ് ശരാശരി ആറു ദിവസം വേണ്ടിവരുമെന്ന് കമ്മിഷൻ പറയുന്നത്. ഓരോ ബൂത്തിലും രണ്ടുപേരെ നിയോഗിച്ചാൽ 2.6 ദിവസംകൊണ്ട് 50 ശതമാനം സ്ലിപ്പുകൾ പരിശോധിക്കാം. ഇനി കമ്മിഷൻ പറയുന്നപോലെ ആറുദിവസം തന്നെയെടുത്താലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വെച്ചുനോക്കുമ്പോൾ അത് ഗുരുതരമായ കാലതാമസമല്ല -പ്രതിപക്ഷപാർട്ടികൾ വ്യക്തമാക്കി. നിലവിലെ രീതിപ്രകാരം 0.44 ശതമാനം വോട്ടുകളുടെ സ്ലിപ്പുകൾ മാത്രമേ എണ്ണുന്നുള്ളൂവെന്ന് ഹർജികളിൽ ചൂണ്ടിക്കാട്ടി. ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെ ആറു ദേശീയ പാർട്ടികളുടെയും 15 പ്രദേശിക പാർട്ടികളുടെയും നേതാക്കളാണ് ഹർജി നൽകിയത്. ഇപ്പോഴത്തെ രീതിക്ക് കൃത്യതയുണ്ട് -കമ്മിഷൻ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പുകൾമാത്രം എണ്ണിനോക്കുന്ന ഇപ്പോഴത്തെ രീതിക്ക് 99.99 ശതമാനത്തിലേറെ കൃത്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്. കൂടുതൽ സ്ലിപ്പുകൾ എണ്ണിയതുകൊണ്ട് ജനങ്ങളുടെ ആത്മവിശ്വാസം വർധിക്കാൻ പോകുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ നിലവിലെ രീതി മാറ്റുന്നത് എളുപ്പമല്ലെന്നും അതിനാൽ ഹർജികൾ തള്ളണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.
from mathrubhumi.latestnews.rssfeed http://bit.ly/2I6rFh8
via
IFTTT
No comments:
Post a Comment