കോലഞ്ചേരി: 'ഒരു ഡോക്ടറുടേതല്ല, അച്ഛന്റെ വാത്സല്യമായിരുന്നു കഴിഞ്ഞ ഒമ്പതുദിവസവും ആ കുട്ടിയെ ചികിത്സിക്കുമ്പോൾ എനിക്കുണ്ടായിരുന്നത്. ചെയ്യാവുന്നതൊക്കെ ചെയ്തു. എന്നിട്ടും...' ഡോക്ടർ ശ്രീകുമാർ പകുതിയിൽ പറഞ്ഞുനിർത്തി. 'കുറച്ചു നേരത്തേ ഇവിടെയെത്തിയിരുന്നെങ്കിൽ സ്ഥിതി ഇങ്ങനെയാകുമായിരുന്നില്ല. ചികിത്സ ഫലവത്താകാതെ പോയത് വൈകിയതുകൊണ്ടാണ്'- അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ അമ്മയുടെ പങ്കാളിയുടെ ആക്രമണത്തിനിരയായി മരിച്ച ഏഴുവയസ്സുകാരനെ ഒമ്പതുദിവസം കരുതലോടെ ചികിത്സിച്ച കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോ സർജനാണ് അദ്ദേഹം. ഇത്ര ക്രൂരവും ഗുരുതരവുമായ ആക്രമണത്തിനിരയാകേണ്ടി വന്ന ഒരു കുട്ടിയെ ചികിത്സിക്കേണ്ടി വരുന്നത് ഇരുപതിലേറെ വർഷത്തെ ചികിത്സാ ജീവിതത്തിനിടയിലാദ്യമാണെന്നും അദ്ദേഹം പറഞ്ഞു 'തലച്ചോറിനുള്ള പരിക്കിന് എത്രയുംവേഗം ചികിത്സ നൽകണം. കോലഞ്ചേരി ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവരുന്നത് മാർച്ച് 28-ന് പുലർച്ചെ ആറുമണിയ്ക്കാണ്. 6.20-ന് സ്കാനിങ് നടത്തി. കുട്ടി അപ്പോൾ ഞങ്ങളുടെ ഗ്രേഡിങ്ങിൽ നാലാം ഘട്ടത്തിലായിരുന്നു. ജീവിക്കുവാനുള്ള സാധ്യതാ ഗ്രേഡിൽ ഏറ്റവും കുറവ് മൂന്നും ഏറ്റവും കൂടുതൽ പതിനഞ്ചുമാണ്. അതായത് ശക്തമായി നുള്ളിയാൽ കൈകൾക്ക് ചെറിയ അനക്കമുണ്ടാകും. ഈ അനക്കമുണ്ടായുന്നതിനാൽ 6.35-ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തലയോട്ടിക്കു പിന്നിലേറ്റ ആഘാതം കണ്ണുകൾ മുന്നോട്ട് തള്ളിവരാനിടയാക്കി. കൂടാതെ കൃഷ്ണമണികളുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. ഈ സമയത്ത് രക്തസമ്മർദം വലിയ കുറവുണ്ടായിരുന്നില്ല. ഇത് പ്രതീക്ഷ നൽകി. എന്നാൽ, 48 മണിക്കൂർ കഴിഞ്ഞതോടെ തലച്ചോറിന്റെ പ്രവർത്തനംനിലച്ചു. രക്തസമ്മർദം നിലനിർത്താൻ മരുന്നുകൾ നൽകി. ദ്രവരൂപത്തിൽ ഭക്ഷണവും. എന്നിട്ടും രക്തസമ്മർദവും ശരീരത്തിന്റെ പ്രതികരണശേഷിയും കുറഞ്ഞുവന്നു. വെള്ളിയാഴ്ച രാത്രി ഞാൻ ഉറങ്ങിയില്ല. ഇളയകുട്ടിയും അമ്മമ്മയും ഇടയ്ക്കിടെ മുറിയിലെത്തി വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. രാവിലെയായപ്പോഴേക്ക് രക്തസമ്മർദം തീരെ കുറഞ്ഞു. 11.35-ഓടെ അതു സംഭവിച്ചു. പ്രതീക്ഷയുടെ എല്ലാ വഴികളുമടച്ച് അവൻ മരിച്ചു'. 'ഒരു ഡോക്ടർ എന്നനിലയിൽ മാത്രമല്ല മാനുഷിക പരിഗണനയും അതിനെപ്രതിയുണ്ടാകുന്ന വേദനയും ഉണ്ടാക്കിയ മാനസിക പിരിമുറുക്കം ദിവസങ്ങളോളം അനുഭവിച്ചതിന്റെ ഓർമകൾ ഒരിക്കലും മറക്കാനാവില്ല. നിഷ്കളങ്കമായി മുഖത്തുനോക്കിച്ചിരിക്കുന്ന കുരുന്നിനോടിത്ര ക്രൂരമായി പ്രവർത്തിക്കുന്നവരോട് ആർക്കാണ് പൊറുക്കാനാവുക?-ഡോക്ടർ ചോദിച്ചു. Content Highlights:Kolancheri 7 year boy died case
from mathrubhumi.latestnews.rssfeed http://bit.ly/2I7nrG1
via
IFTTT
No comments:
Post a Comment