40 ലക്ഷം കിട്ടിയെന്ന് പ്രചരിപ്പിച്ചു, സുഹൃത്തുക്കള്‍ ശത്രുക്കളായി- പ്രളയകാലത്തെ രക്ഷകന്‍ ജെയ്‌സല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

40 ലക്ഷം കിട്ടിയെന്ന് പ്രചരിപ്പിച്ചു, സുഹൃത്തുക്കള്‍ ശത്രുക്കളായി- പ്രളയകാലത്തെ രക്ഷകന്‍ ജെയ്‌സല്‍

"ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷെ, സ്നേഹിച്ചു കൊണ്ടിരുന്ന പല സുഹൃത്തുക്കളും പ്രളയത്തിന് ശേഷം ശത്രുക്കളായി. നീയിപ്പോൾ കോടീശ്വരനായി. ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതമെന്നാണ് സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും ഇപ്പോൾ എന്നോടു പറയുന്നത്. സത്യം പറഞ്ഞാൽ ഞാൻ എന്റെ കാർ ഒഴിവാക്കി ബൈക്കിലാണ് പോകുന്നത്. എനിക്കു മറ്റുള്ളവരുടെ അവകാശപ്പെട്ട ഒരു ഉറുപ്പിക പോലും വേണ്ട. എന്റെ കൈയിൽ കിട്ടുന്ന പണം പാവപ്പെട്ടവർക്ക് നൽകുന്നു. പല മാധ്യമങ്ങളും എനിക്ക് കോടികൾ കിട്ടിയെന്ന് പ്രചരിപ്പിച്ചു. ആളുകൾ നൽകിയ സഹായം കൊണ്ട് എനിക്ക് വീടു നന്നാക്കാനായി. ഒരു മഹീന്ദ്ര വണ്ടി കിട്ടി. എന്നാൽ, അക്കൗണ്ടിൽ ലഭിച്ചത് മൂന്നര- നാലു ലക്ഷം രൂപ മാത്രമാണ്. ഈ പണം പാവപ്പെട്ടവരുടെ കല്യാണത്തിനും ചികിത്സാസഹായത്തിനുമൊക്കെ ഞാൻ നൽകി. ഇപ്പോൾ എന്റെ അക്കൗണ്ടിൽ ചില്ലിക്കാശു പോലുമില്ലെന്നതാണ് വാസ്തവം"- പ്രളയശേഷമുള്ള മുറിവുകളെക്കുറിച്ച് വേദനയോടെ വിവരിക്കുകയാണ് രക്ഷാദൗത്യത്തിലെ നായകൻ കെ.പി.ജെയ്സൽ. പ്രളയജലം പ്രവഹിക്കവേ സ്ത്രീകളടക്കമുള്ളവരെ ബോട്ടിൽ കയറ്റി രക്ഷപ്പെടുത്താൻ സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ ധീരനായ മനുഷ്യസ്നേഹി എന്നാണ് ലോകമെങ്ങുമുള്ള മലയാളികളുടെ മനസിൽ ജെയ്സലിനെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയിലെ പുരോഗമന സാംസ്കാരികസംഘടനയായ ജനസംസ്കൃതിയുടെ ആദരമേറ്റു വാങ്ങാൻ ഡൽഹിയിലെത്തിയതായിരുന്നു മലപ്പുറം താനൂർ സ്വദേശിയായ ജെയ്സൽ. "സുരക്ഷാ ജാക്കറ്റ് പോലുമില്ലാതെ നീന്തിയാണ് ഒട്ടേറെ കുടുംബങ്ങളെ തങ്ങൾ രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ പ്രവർത്തകരിൽ ഒരാൾ മാത്രമാണ് ഞാൻ. വേങ്ങര എസ്.ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് മുതലമാട് വലിയോറയിൽ രക്ഷാദൗത്യത്തിന് ഞങ്ങളെത്തിയത്. ബോട്ട് അടുപ്പിച്ചപ്പോൾ തൊട്ടടുത്തൊരു ചാലുണ്ടായിരുന്നു. വൻതോതിൽ വെള്ളം പ്രവഹിക്കുന്ന ചാലിൽ വീഴുമോയെന്ന ആശങ്കയിൽ ബോട്ടിൽ കയറാൻ സ്ത്രീകൾക്കു പേടിയായിരുന്നു. കയറാനും പ്രയാസമായിരുന്നു. അതിനാൽ എന്റെ മുതുകിൽ ചവിട്ടിക്കോളാൻ പറഞ്ഞു. "അതിലൊരു സ്ത്രീക്കു വലിയ വിഷമം തോന്നിയതായി പിന്നീടു നേരിട്ടു കണ്ടപ്പോൾ അവർ പറഞ്ഞു. കാരണം, കയറുമ്പോൾ അവർ ചെരിപ്പ് അഴിക്കാതെയാണ് മുതുകിൽ ചവിട്ടി കയറിയത്. അതുകൊണ്ട് പിന്നീട് മനോവിഷമം തോന്നിയതായി അവർ പറഞ്ഞു. ഞാൻ പറഞ്ഞിട്ടാണല്ലോ നിങ്ങൾ മുതുകിൽ ചവിട്ടിയതെന്നു പറഞ്ഞപ്പോൾ അവർക്കു സമാധാനമായി. രക്ഷാദൗത്യത്തിനിടെ, സുഹൃത്ത് നഹീം ബാപ്പു പകർത്തിയ ഒഴുക്കുള്ള ചാലിൽ കിടന്നു മുതുകിൽ ചവിട്ടി ബോട്ടിൽ കയറ്റുന്ന സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. അതിനാലാണ് എന്നെ ലോകം അറിഞ്ഞത്. "ഞാൻ ചെയ്തതു ചെറിയൊരു കാര്യം മാത്രമാണ്. ഇതിലും വലിയ സാഹസികപ്രവർത്തനം നടത്തിയ നിരവധി സുഹൃത്തുക്കളുണ്ട്. ഒരാൾ വലിയ കുന്നിൻമുകളിൽ കയറി ഒരു ഗർഭിണിയെ ചുമന്നു താഴെയെത്തിച്ച അനുഭവം വരെയുണ്ട്. ഇങ്ങനെ, പുറംലോകമറിയാത്ത ഒട്ടേറെ പേരുടെ രക്ഷാദൗത്യമാണ് പ്രളയകാലത്തു താനടക്കമുള്ള ട്രോമ കെയർ പ്രവർത്തകർ ചെയ്തത്. "ഇതുവരെ ഞങ്ങളാരും പബ്ലിസിറ്റിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ 15 വർഷമായി ഈ സംഘടന മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറത്തെ കെ.ടി. പ്രദീഷിന്റെ നേതൃത്വത്തിൽ തുടങ്ങിയതാണ് ട്രോമ കെയർ. ഇന്നു ജില്ലയിലെമ്പാടുമായി 42,000 വൊളന്റിയർമാരുണ്ട്. താൻ അതിൽ ചേർന്നത് 2009-ലാണ്. ഒരു പ്രതിഫലവും മോഹിച്ചല്ല ഞങ്ങളുടെ രക്ഷാപ്രവർത്തനം. "ഒന്നേകാൽ ലക്ഷം രൂപ കടത്തിലാണ് ഞങ്ങളുടെ ടീം. സേവനം ചെയ്യുമ്പോൾ വാഹനച്ചെലവു പോലും ഞങ്ങൾ ചോദിക്കാറില്ല. ഇപ്പോഴും നിശബ്ദമായി സേവനം തുടരുന്നു. കഴിഞ്ഞ ദിവസം ഒരു മാനസികരോഗിയെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചു. അക്രമസ്വഭാവമുള്ളതിനാൽ അയാളെ പേടിച്ചു കഴിയുകയായിരുന്നു വീട്ടുകാർ. റെയിൽപാളത്തിൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം പലഭാഗങ്ങളിൽ നിന്നായി പെറുക്കിയെടുത്തു മോർച്ചറിയിൽ എത്തിച്ചതിനു പിന്നാലെയാണ് ഞാൻ ഡൽഹിയിലേക്കു യാത്ര തിരിച്ചത്. "കടലിനോടും തിരകളോടും മല്ലിട്ടു ജീവിക്കുന്നതിനാൽ പ്രളയകാലത്തെ വെള്ളം ഒരു പ്രശ്നമായി ഞങ്ങൾക്കു തോന്നിയിരുന്നില്ല. പ്രളയം ഒടുങ്ങിയ ശേഷമാണ് ഇത്രയും വലിയ ദുരന്തം സംഭവിച്ചുവെന്നു മനസ്സിലായത്. സർക്കാർ വാഗ്ദാനം ചെയ്തതനുസരിച്ച്, ഞങ്ങളുടെ കൂട്ടത്തിൽ ചിലരെ തീരദേശ പോലീസിലേയ്ക്കു റിക്രൂട്ടു ചെയ്തു. പ്രളയകാലത്തെ രക്ഷാദൗത്യത്തിനു ശേഷം പല ഭാഗങ്ങളിൽ നിന്നു സഹായമെത്തിയെന്നതു ശരി തന്നെ. എന്റെ ബോട്ടു നശിച്ചിരുന്നു. അതു നേരെയാക്കാൻ കാർണിവൽ ഗ്രൂപ്പ് 85,000 രൂപ തന്നു സഹായിച്ചു. എന്നാൽ, ആ ബോട്ടു ഞാൻ സ്വന്തമായെടുത്തില്ല. മലപ്പുറം ട്രോമ കെയറിനു സമ്മാനിച്ചു. "ഒന്നും ഞാൻ എനിക്കു വേണ്ടി ചെയ്തിട്ടില്ല. ചിലർ പ്രചരിപ്പിച്ചത് എനിക്കു 40 ലക്ഷം രൂപ കിട്ടിയെന്നായിരുന്നു. അടുത്തറിയാവുന്നവർ പോലും അങ്ങനെ പറഞ്ഞപ്പോൾ വലിയ സങ്കടം തോന്നി. അക്കൗണ്ടിൽ അഞ്ചു പൈസ പോലുമില്ലാത്തതിൽ എനിക്കൊരു ദുഃഖവുമില്ല. എനിക്കു പണമോ പദവിയോ വേണ്ട. എന്റെ ആരോഗ്യം നിലനിൽക്കുവോളം ഞാൻ മറ്റുള്ളവരെ സഹായിക്കാനുണ്ടാവും. "മലയാളികൾക്കു നല്ല മനുഷ്യത്വമുണ്ടെന്നു തെളിയിക്കപ്പെട്ടതായിരുന്നു പ്രളയകാലം. ജാതിയും മതവുമൊന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിച്ചു, തുണയായി. എല്ലാവരും ദൈവം എന്ന നിലയിലായിരുന്നു കാര്യങ്ങൾ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എല്ലാവരും പരസ്പരം കരുതലായി. എന്നാൽ, പ്രളയശേഷമുള്ള കാര്യങ്ങളെക്കുറിച്ചോർത്ത് വേദന തോന്നുന്നു. യഥാർഥത്തിൽ ഇപ്പോഴുള്ളതല്ലേ പ്രളയം!"ജെയ്സൽ വേദനയോടെ ചോദിക്കുന്നു. content highlights:k p jaisal flood rescue


from mathrubhumi.latestnews.rssfeed http://bit.ly/2Uqw9pC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages