പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ഉള്ളത് എൻഡിഎ സ്ഥാനാർഥിയായ കെ. സുരേന്ദ്രന്റെ പേരിലാണ്. 240 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. കേസുകളുടെ വിവരങ്ങൾ സുരേന്ദ്രൻ പ്രസിദ്ധീകരിച്ചു. ബിജെപി ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലൂടെയാണ് കേസുകളുടെ വിവരങ്ങൾ സുരേന്ദ്രൻ പ്രസിദ്ധീകരിച്ചത്. ജന്മഭൂമിയുടെ നാലുപേജുകളിൽ മുഴുവൻ സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങളാണ് ഉള്ളത്. പരസ്യത്തിൽ പറയുന്നത് അനുസരിച്ച് സംസ്ഥാനത്തെ മിക്ക ജില്ലകളിലും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയായ സുരേന്ദ്രന്റെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളിൽ ഭൂരിപക്ഷവും ശബരിമല സമരവുമായി ബന്ധപ്പെട്ടതാണ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഗതാഗതം തടയൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. കൊല്ലം ജില്ലയിലാണ് സുരേന്ദ്രനെതിരെ ഏറ്റവും കൂടുതൽ കേസുകളുള്ളത് -68 കേസുകൾ. തിരുവനന്തപുരം-3, പത്തനംതിട്ട-38, ആലപ്പുഴ-56, കോട്ടയം-8, ഇടുക്കി-17,എറണാകുളം - 13, തൃശ്ശൂർ-6, കോഴിക്കോട്-2, മലപ്പുറം വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നുവീതം, കാസർഗോഡ്-38 എന്നിങ്ങനെയാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളുടെ എണ്ണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന പ്രകാരമാണ് സുരേന്ദ്രൻ കേസുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ജില്ലാ വരണാധികാരി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും പത്രത്തിൽ മൂന്നുതവണയോ അല്ലെങ്കിൽ മൂന്നു പത്രങ്ങളിൽ ഒരു തവണ വീതമോ കേസുകളെപ്പറ്റിയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. ഇതുകൂടാതെ പ്രചാരമുള്ള ടി.വി ചാനലുകളിലും രാവിലെ എട്ടിനും രാത്രി 10 മണിക്കും ഇടയിൽ കൃത്യമായി മനസിലാക്കുന്ന തരത്തിൽ കുറഞ്ഞത് ഏഴു സെക്കൻഡ് ദൈർഘ്യത്തിലും കേസുകളെപ്പറ്റിയുള്ള പരസ്യം നൽകണം. ഇങ്ങനെ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ പരാതിയുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് 500 രൂപ മുദ്രപത്രത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നൽകാം. അതേസമയം ഇത്രയധികം കേസുകൾ ഉള്ളതിനാൽ പരസ്യം നൽകാൻ കുറഞ്ഞത് 60 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കേസുകൾ പരസ്യപ്പെടുത്തുന്നതിന് ചിലവാകുന്ന തുക സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിലവായി കണക്കാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കമ്മീഷൻ നിലപാട് എടുത്തിട്ടില്ല. ബിജെപിയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സുരേന്ദ്രന്റെ കാര്യത്തിൽ പ്രതിസന്ധികളുണ്ടാകും. നിയമപരമായി 75 ലക്ഷം രൂപ മാത്രമേ ഒരു സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പിനായി ചിലവഴിക്കാനാകു. കേസുകൾ പ്രസിദ്ധപ്പെടുത്തിയ വകയിൽ 60 ലക്ഷം ചിലവായാൽ ബാക്കി 15 ലക്ഷം മാത്രമേ തിരഞ്ഞെടുപ്പിനായി സുരേന്ദ്രന് ചിലവഴിക്കാനാകു. അതിൽ കവിഞ്ഞാൽ കമ്മീഷൻ നിശ്ചയിച്ച പരിധി ലംഘിച്ചതിന് കെ. സുരേന്ദ്രനെതിരെ എതിർ സ്ഥാനാർഥികൾക്ക് പരാതി നൽകാൻ സാധിക്കും. Content Highlights:240 criminal case against NDA Candidate K Surendran
from mathrubhumi.latestnews.rssfeed http://bit.ly/2IEDAlP
via
IFTTT
No comments:
Post a Comment