മൊഹാലി: ഐ.പി.എല്ലിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ രാജസ്ഥാൻ റോയൽസിന് 12 റൺസ് തോൽവി. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന നിമിഷം 11 പന്തിൽ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമായി 33 റൺസെടുത്ത സ്റ്റ്യുവർട്ട് ബിന്നി തകർത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നേരത്തെ ജയ്പുരിൽ നടന്ന ആദ്യ മത്സരത്തിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു. രാജസ്ഥാനായി ഒാപ്പണർ രാഹുൽ ത്രിപാഠി അർധ സെഞ്ചുറി (50) നേടിയെങ്കിലും ആവശ്യമായ റൺറേറ്റ് നിലനിർത്താൻ സാധിക്കാതിരുന്നത് ടീമിന് വിനയായി. 45 പന്തുകൾ നേരിട്ട രാഹുലിന് നാലു ബൗണ്ടറി മാത്രമാണ് നേടാനായത്. 17 പന്തിൽ നിന്ന് രണ്ടു സിക്സും ഒരു ബൗണ്ടറിയുമടക്കം തകർത്തടിച്ച് തുടങ്ങിയ ജോസ് ബട്ട്ലറെ പുറത്താക്കി അരങ്ങേറ്റക്കാരൻ അർഷ്ദീപ് സിങ്ങാണ് പഞ്ചാബിന് ആശിച്ച തുടക്കം നൽകിയത്. സഞ്ജു സാംസൺ 21 പന്തിൽ നിന്ന് രണ്ടു ബൗണ്ടറികളോടെ 27 റൺസെടുത്ത് പുറത്തായി. വമ്പനടിക്കാരൻ ആഷ്ടൺ ടർണർ നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. 20 പന്തിൽ നിന്ന് 26 റൺസെടുത്ത ക്യാപ്റ്റൻ രഹാനെ 19-ാം ഓവറിൽ പുറത്തായതും രാജസ്ഥാന് തിരിച്ചടിയായി. പഞ്ചാബിനായി അർഷദീപ്, അശ്വിൻ, ഷമി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തെത്തി. എട്ടു മത്സരങ്ങളിൽ രണ്ടു ജയം മാത്രമുള്ള രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, ഓപ്പണർ ലോകേഷ് രാഹുലിന്റെ അർധ സെഞ്ചുറി മികവിലാണ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തത്. 47 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 52 റൺസാണ് രാഹുൽ നേടിയത്. പതിവുപോലെ തകർത്തടിച്ചു തുടങ്ങിയ ക്രിസ് ഗെയിലിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 22 പന്തുകൾ നേരിട്ട ഗെയിൽ മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 30 റൺസെടുത്തു. പിന്നാലെയെത്തിയ മായങ്ക് അഗർവാളും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 12 പന്തിൽ നിന്ന് രണ്ടു സിക്സും ഒരു ബൗണ്ടറിയുമടക്കം 26 റൺസെടുത്ത മായങ്കിനെ ഇഷ് സോധിയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ രാഹുൽ - ഡേവിഡ് മില്ലെർ സഖ്യം 85 റൺസ് കൂട്ടിച്ചേർത്തു. 27 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ബൗണ്ടറിയുമായി 40 റൺസെടുത്ത മില്ലെർ അവസാന ഓവറിലാണ് പുറത്തായത്. അവസാന ഓവറിൽ നാലു പന്തിൽ നിന്ന് 17 റൺസടിച്ചെടുത്ത ക്യാപ്റ്റൻ ആർ. അശ്വിനാണ് പഞ്ചാബ് സ്കോർ 182-ൽ എത്തിച്ചത്. നിക്കോളാസ് പുരൻ (5), മൻദീപ് സിങ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രാജസ്ഥാനായി ജോഫ്ര ആർച്ചർ നാല് ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. Content Highlights:IPL 2019 Kings XI Punjab vs Rajasthan Royals
from mathrubhumi.latestnews.rssfeed http://bit.ly/2GrVx5G
via
IFTTT
No comments:
Post a Comment