തിരുവനന്തപുരം/തൃശ്ശൂർ: ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ. ന്യൂഡൽഹിയിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാറിനോട് അമിത്ഷാ ആവശ്യമുന്നയിച്ചത്. പ്രായോഗിക വിഷമങ്ങൾ തുറന്നുപറഞ്ഞ തുഷാർ മത്സരിക്കുമോയെന്നു വ്യക്തമാക്കിയിട്ടില്ല. നാലിനു ചേരുന്ന പാർട്ടി യോഗം ഇക്കാര്യം ആലോചിക്കും. ആർ.എസ്.എസിനും സമാന നിലപാടാണുള്ളത്. പാലക്കാട്ട് വന്നപ്പോൾ അമിത്ഷായോട് ആർ.എസ്.എസ്. ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ നാല് സീറ്റാണ് ബി.ഡി.ജെ.എസിനു നൽകാൻ ധാരണയായിട്ടുള്ളത്. ഒരു സീറ്റ് കൂടി കിട്ടണമെന്നതാണ് ബി.ഡി.ജെ.എസിന്റെ ആഗ്രഹം. അഞ്ചിൽക്കൂടുതൽ സീറ്റെന്ന ആവശ്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമുണ്ടാകില്ല. ഇക്കാര്യം അമിത്ഷായെ തുഷാർ അറിയിച്ചതായാണ് വിവരം. ബി.ജെ.പി.യുടെ മുൻനിര നേതാക്കൾ മത്സരരംഗത്തുണ്ടാകുമ്പോൾ രണ്ടാമത്തെ ഘടകകക്ഷിയുടെ നേതാവായ തുഷാർ മാറിനിൽക്കുന്നതിലെ പോരായ്മയാണ് അമിത് ഷാ എടുത്തുപറഞ്ഞത്. ബി.ഡി.ജെ.എസിന്റെ മറ്റു സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനാൽ മത്സരം തടസ്സമാകുമെന്ന് തുഷാർ ചൂണ്ടിക്കാട്ടി. എസ്.എൻ.ഡി.പി. യോഗത്തിന്റെ വൈസ് പ്രസിഡന്റായ താൻ മത്സരിക്കുന്നതിൽ അനൗചിത്യമുണ്ടെന്നും അദ്ദേഹം അമിത്ഷായോടു പറഞ്ഞു. തുഷാർ മത്സരത്തിന് സന്നദ്ധനായാൽ തൃശ്ശൂരോ കൊല്ലത്തോ സ്ഥാനാർഥിയാകും. ബി.ഡി.ജെ.എസിന്റെ തീരുമാനം വരാത്തതിനാൽ ബി.ജെ.പി.യുടെ സീറ്റ് ചർച്ചയും വൈകുകയാണ്. തുഷാർ മത്സരത്തിനുണ്ടാകില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തേ പ്രഖ്യാപിച്ചതിൽ ബി.ജെ.പി. ആശങ്ക പ്രകടിപ്പിച്ചിരുന്നു. എറണാകുളം, ഇടുക്കി, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുന്നത്. ഈ സീറ്റുകളിൽ സ്ഥാനാർഥികളുടെ പട്ടികയായെന്നും അടുത്ത സംസ്ഥാനകൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും തുഷാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ടതും സംഘടനയുടെ നിലാപാടുകളുമാണ് തുഷാറിന്റെ സ്ഥാനാർഥിവിഷയം കൂടുതൽ സജീവമാക്കിയിരിക്കുന്നത്. ബി.ഡി.ജെ.എസ്. സാധ്യതാ പട്ടിക എറണാകുളം: സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. റിജോ നെരിപ്പുകണ്ടം, മഹിളാവിഭാഗം സംസ്ഥാന പ്രസിഡന്റ് സംഗീത വിശ്വനാഥൻ ആലത്തൂർ: സംസ്ഥാന സെക്രട്ടറിമാരായ സി.കെ. നീലകണ്ഠൻ, ടി.വി. ബാബു ഇടുക്കി: സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ, സംസ്ഥാന സെക്രട്ടറി അനിൽ തറനിലം വയനാട്: സംസ്ഥാന സെക്രട്ടറി ഷാജി ബത്തേരി, സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്ത്യാട്ട്. Content Highlights:BJP Pressure on Thushar Vellappally to Contest Loksabha Election
from mathrubhumi.latestnews.rssfeed https://ift.tt/2UgKQYf
via
IFTTT
No comments:
Post a Comment