പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പി. ഏറെ പ്രതീക്ഷവെക്കുന്ന മണ്ഡലമാണ് ശബരിമലസമരത്തിന്റെ സിരാകേന്ദ്രമായ പത്തനംതിട്ട. ബി.ജെ.പി.ക്ക് മികച്ച സാധ്യതയുണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ സർവേയിൽ കണ്ടെത്തിയ മണ്ഡലംകൂടിയാണിത്. ശബരിമല സമരത്തിന് ബി.ജെ.പി.യിൽ നേതൃത്വം നൽകിയ കെ. സുരേന്ദ്രൻ ഇവിടെ സ്ഥാനാർഥിയാകുമോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. കേരളത്തിൽ കോൺഗ്രസിന് ആഘാതമേൽപ്പിക്കാൻ ചില നാടകീയനീക്കങ്ങൾക്ക് ബി.ജെ.പി. കേന്ദ്രനേതൃത്വം തന്ത്രങ്ങൾ മെനയുന്നുണ്ട്. അങ്ങനെവന്നാൽ പാർട്ടിക്കുപുറത്തുനിന്നുള്ള പ്രമുഖർ സ്ഥാനാർഥിയാകുന്ന സാഹചര്യമുണ്ടായേക്കാം. ഇതിന് വിദൂരസാധ്യതമാത്രമാണുള്ളത്. മറിച്ച്, ബി.ജെ.പി.യിൽനിന്നുതന്നെയാണ് സ്ഥാനാർഥിയെങ്കിൽ സുരേന്ദ്രനാണ് കൂടുതൽ സാധ്യത. ശബരിമല സമരത്തെത്തുടർന്ന് ദിവസങ്ങളോളം ജയിലിൽക്കിടന്ന സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തിലെ പാർട്ടിഅണികളെ പരമാവധി ഊർജസ്വലരാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ശബരിമല കർമസമിതി, സമരത്തോട് സഹകരിച്ച പ്രധാന സമുദായവിഭാഗങ്ങൾ എന്നിവരുടെ പിന്തുണയും അദ്ദേഹത്തിന് ഉറപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ സുരേന്ദ്രന് മുൻതൂക്കം നൽകുന്നു. സമരത്തിനൊപ്പംനിന്ന സമുദായവിഭാഗങ്ങൾ സുരേന്ദ്രനെ അനുകൂലിക്കുന്നതായാണ് വിവരം. ബി.ജെ.പി. നടത്തുന്ന 'പരിവർത്തൻയാത്ര'യുടെ തെക്കൻമേഖലാജാഥ നയിക്കുന്നത് സുരേന്ദ്രനാണ്. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഞ്ചിന് തുടങ്ങുന്ന യാത്ര പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മലബാർ മേഖലയിൽനിന്നുള്ള സുരേന്ദ്രനെ തെക്കൻമേഖലാജാഥ നയിക്കാൻ ചുമതലപ്പെടുത്തിയതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയകണക്കുകൂട്ടൽ പലരും കാണുന്നു. Content Highlights:Lokasabha Election K Surendran name suggested to Pathanamthitta
from mathrubhumi.latestnews.rssfeed https://ift.tt/2BZXFig
via
IFTTT
No comments:
Post a Comment