വടകരയില്‍ കോണ്‍ഗ്രസ് കളിച്ച കളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

വടകരയില്‍ കോണ്‍ഗ്രസ് കളിച്ച കളി

വട്ടിയൂർകാവിൽ നിന്ന് വണ്ടിയും വലയും പിടിച്ച് മുരളീധരൻ വടകരയിലേക്ക് വരുമെന്ന് സിപിഎം നേതൃത്വം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. സിപിഐക്കു മാത്രം നാല് സീറ്റ് വിട്ടുകൊടുത്തും ഇതര ഘടകകക്ഷികളെ ഒതുക്കിയും സിപിഎം ഇക്കുറി കേരളം സ്വന്തം നിലയ്ക്കു തന്നെ പിടിക്കുമെന്ന വാശിയിലായിരുന്നു. ലോക്സഭയിൽ സാന്നിദ്ധ്യമുണ്ടാക്കാൻ പാർട്ടിക്ക് ഇത്തവണ കേരളം മാത്രമേ ആശ്രയമുള്ളൂ എന്ന തിരിച്ചറിവിലാണ് പിണറായി വിജയനും കൂട്ടരും തന്ത്രങ്ങൾ മെനഞ്ഞത്. ചാലക്കുടിയിൽ ഇന്നസന്റിനെപ്പോലും പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനുള്ള തീരുമാനവും ഈ തന്ത്രങ്ങളുടെ ഭാഗമായിരുന്നു. കൊല്ലത്തും കോട്ടയത്തും എറണാകുളത്തുമൊക്കെ ലബ്ധപ്രതിഷ്ഠരായ നേതാക്കളെ കളത്തിലിറക്കിയ സിപിഎം പക്ഷേ, ഏറ്റവും സുശക്തനായ നേതാവിനെ ഇറക്കിയത് വടകരയിലാണ്. കഴിഞ്ഞ രണ്ടു തവണ വടകര കൈവിട്ടതുപോലൊരു തിരിച്ചടി അടുത്ത കാലത്ത് മറ്റൊരിടത്തും സിപിഎമ്മിനുണ്ടായിട്ടില്ല. പാർട്ടിയുടെ ഈ ഉരുക്കുകോട്ട ഇക്കുറി തിരിച്ചുപിടിക്കുക തന്നെ വേണമെന്ന വാശിപ്പുറത്താണ് സിപിഎം പി. ജയരാജനെ സ്ഥാനാർത്ഥിയാക്കിയത്. വടകരയിൽ പാർട്ടിയെ ഉണർത്താൻ ജയരാജനെപ്പോലൊരാൾ വേറെയില്ലെന്ന് സിപിഎമ്മിനറിയാം. വടകരയിൽ കൃത്യമായ വോട്ടുബാങ്കുള്ള പഴയ ജനതാദളിന്റെ ഇരു വിഭാഗങ്ങളും ഇപ്പോൾ പാർട്ടിക്കൊപ്പമാണെന്നതും സിപിഎമ്മിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഈ പരിസരത്തിലേക്കാണ് കെ മുരളീധരൻ വന്നത്. ചീട്ടു കളിക്കുമ്പോൾ നിർണ്ണായക നിമിഷത്തിൽ തുറുപ്പു ഗുലാനെ ഇറക്കി വെട്ടുന്നതുപോലൊരു നീക്കമായിരുന്നു അത്. ജയരാജനെ നേരിടാനില്ലെന്ന് മുല്ലപ്പള്ളിയും സിദ്ദിക്കുമടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയതോടെ കോൺഗ്രസ് ഒന്നു പകച്ചിരുന്നു. കെ കെ രമയുടേതടക്കമുള്ള പേരുകൾ കോൺഗ്രസ് നേതൃത്വം പരിഗണിച്ചത് ഈ പശ്ചാത്തലത്തിലാണ്. പക്ഷേ, ജയരാജനെ നേരിടാൻ ഇവർ മതിയാവില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. കോൺഗ്രസ് നേതൃനിരയിൽ നിന്ന് ഇക്കുറി സിപിഎം പ്രതീക്ഷിച്ച വൻ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയായിരുന്നു. കോട്ടയത്തോ, ഇടുക്കിയിലോ ഉമ്മച്ചൻ അവതരിച്ചേക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. കോൺഗ്രസ്സിലെ തന്നെ ഒരു വിഭാഗം തയ്യാറാക്കിയ ഈ തിരക്കഥയ്ക്ക് തലവെച്ചുകൊടുക്കാൻ ഉമ്മൻചാണ്ടി തയ്യാറായില്ല. കേരളം വിട്ടൊരു കളിക്ക് ഉമ്മച്ചന് താൽപര്യമില്ലെന്നത് കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ബിജെപി നേതാവ് എച്ച് രാജയ്ക്കു വരെ അറിയാവുന്ന കാര്യമാണ്. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിസ്ഥാനത്തിനൊന്നും ഉമ്മച്ചനെ കേരളത്തിൽ നിന്നു കെട്ടുകെട്ടിക്കാനാവില്ല. ആന്ധ്രയിൽ കോൺഗ്രസ് ഒരിടത്തുമെത്താൻ പോവുന്നില്ലെന്നതറിയാൻ മെയ് 23ന് വോട്ടുപെട്ടികൾ തുറക്കേണ്ടതുവരെയൊന്നും കാത്തിരിക്കേണ്ട കാര്യമില്ലെന്നും പാർട്ടിക്കറിയാം. ഈ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ്സിന്റെ ഷുവർ ബെറ്റ് കേരളമാണ്. കേരളത്തിൽ പാർട്ടി മത്സരിക്കുന്ന16 സീറ്റുകളിലും ജയിച്ചിരിക്കണമെന്നതാണ് ഇത്തവണ കോൺഗ്രസ്സിന്റെ ലൈൻ. ഈ അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ഹൈക്കമാന്റ് ആദ്യമേ തേടിയത് ഉമ്മൻചാണ്ടിയുടെ സഹായമാണ്. കേരളം പിടിക്കണമെങ്കിൽ പട നയിക്കാൻ രാഹുലിനൊപ്പം ഉമ്മൻചാണ്ടി തന്നെ വേണമെന്ന് കെ സി വേണുഗോപാലിനെപ്പോലുള്ളവർ അസന്നിഗ്ദമായി ഹൈക്കമാന്റിനോട് വ്യക്തമാക്കുയും ചെയ്തു. കേരളത്തിൽ അന്തരീക്ഷം പൊതുവെ അനുകൂലമാണെങ്കിലും പാർട്ടി അണികളെ ഉണർത്താൻ ഒരു മാസ്റ്റർ സ്ട്രോക്ക് വേണമെന്ന് ഉമ്മച്ചനെപ്പോലെ വേറെയാർക്കാണറിയാവുന്നത്. കെ മുരളീധരൻ എന്ന രാസത്വരകത്തിലേക്ക് ഉമ്മച്ചൻ എത്തിച്ചേരാൻ പിന്നെ അധികം താമസമുണ്ടായില്ല. മുരളിയുടെ കാര്യത്തിൽ ഹൈക്കമാന്റിൽ നിന്ന് ഉമ്മച്ചൻ ആദ്യമേ ഉറപ്പു നേടിയിരുന്നു. പഴയ മദാമ്മ,അലൂമിനിയം പട്ടേൽ വിളികൾ വിസ്മരിക്കണമെന്നും മുരളിയോട് പൊറുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഉമ്മച്ചൻ ഹൈക്കമാന്റിനോട് പറഞ്ഞു. മറക്കാൻ ചിലപ്പോൾ പറ്റിയേക്കില്ലെന്നും എന്നാൽ പൊറുക്കാൻ കുഴപ്പമില്ലെന്നും ഹൈക്കമാന്റ് നിലപാടെടുത്തതോടെ മുരളീ ശാപമോക്ഷത്തിനുള്ള വഴികൾ തെളിഞ്ഞു. വടകരയിലേക്കുള്ള വരവ് മുരളിക്ക് ശാപമോക്ഷമാവാനുള്ള സാദ്ധ്യത ഏറെയാണ്. വടകരയിൽ മുരളി ജയിക്കുകയും കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭ വരികയും ചെയ്താൽ കേരളത്തിൽ നിന്നുള്ള സീനിയർ നേതാവെന്ന നിലയിൽ ഒരു മന്ത്രി സ്ഥാനം മുരളിക്കുറപ്പാണ്. ഒരർത്ഥത്തിൽ രാഹുൽഗാന്ധിയുടെയും മുരളിയുടെയും വഴികൾക്ക് സമാനതകൾ ഏറെയാണ്.കിങ്ങിണിക്കുട്ടനെന്നും പപ്പുവെന്നുമുള്ള വിളിപ്പേരുകളിൽ തീരുന്ന സമാനതയല്ല ഇത്. കുടുംബത്തിന്റെ നിഴലിൽ നിന്നും രണ്ടുപേരും സ്വന്തം സാമർത്ഥ്യംകൊണ്ട് വളരുകയും മുന്നേറുകയും ചെയ്തവരാണ്. ഇന്നിപ്പോൾ കിങ്ങിണിക്കുട്ടനും പപ്പുവും പഴങ്കഥകളായിരിക്കുന്നു. കേരളത്തിൽ കോൺഗ്രസ്സ് അണികളെ ഉണർത്താൻ ഉമ്മൻചാണ്ടി കഴിഞ്ഞാൽ ഒരു നേതാവുണ്ടെങ്കിൽ അത് മുരളീധരനാണ്. മുരളിയുടെ രംഗപ്രവേശം സിപിഎമ്മിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വടകരയിൽ ഇനിയിപ്പോൾ ജയരാജന്റെ വിജയം പാർട്ടിക്ക് ഉറപ്പിച്ചേ തീരൂ. കേരളത്തിൽ ഇന്നിപ്പോൾ സ്ഥാനാർത്ഥികളായ വേറെ ഏത് സിപിഎം നേതാവിനു വേണമെങ്കിലും തോൽക്കാം. പക്ഷേ, വടകര പോലൊരിടത്ത് ജയരാജനെപ്പോലൊരു നേതാവ് തോൽക്കുന്നത് സിപിഎമ്മിന് സങ്കൽപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ വിഭവശേഷിയുടെ വലിയൊരു വിഹിതം വടകരയിൽ കേന്ദ്രീകരിക്കുന്നതിന് സിപിഎം നിർബ്ബന്ധിതമാവും. വടക്കേ മലബാറിൽ കോൺഗ്രസ്സിന്റെ ജയസാദ്ധ്യതകൾക്ക് വൻ ഉത്തേജനമാണ് മുരളിയുടെ സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്. എതിരാളികളെ ഞെട്ടിപ്പിക്കുകയെന്നത് ജിവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും സുപ്രധാനമാണ്. ഇത്തരം കരു നീക്കങ്ങളിൽ ഡോക്ടറേറ്റ് നേടിയ കക്ഷിയായിരുന്നു ഇന്ദിര. ബാങ്ക് ദേശസാൽക്കരണവും, പ്രിവി പഴ്സ് നിർത്തലാക്കലും വി.വി ഗിരിയെ രാഷ്ട്രപതിയാക്കിയതുമൊക്കെ ഇന്ദിരയുടെ സർജിക്കൽ സ്ട്രൈക്കുകളായിരുന്നു. നോട്ട് നിരോധനത്തിലൂടെ മോദിയും ആ വഴിക്കൊന്ന് സഞ്ചരിക്കാൻ ശ്രമിച്ചുനോക്കി. തമിഴകത്ത് ജയലളിത പലപ്പോഴും അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളികളെ ഞെട്ടിച്ചിരുന്നു. 2016 ൽ ആരുടെയും സഖ്യം വേണ്ടെന്ന ജയലളിതയുടെ തീരുമാനം അത്തരത്തിലൊന്നായിരുന്നു. ഈ ശ്രേണിയിലേക്കാണ് ഇപ്പോൾ ഉമ്മച്ചനും കൂട്ടരും കടന്നുവന്നിരിക്കുന്നത്. മുരളിയെ കളത്തിലിറക്കിയുള്ള ഈ കളി പോലെ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റി മറിച്ച മറ്റൊരു നീക്കവും ഒരു പാർട്ടിയും കേരളത്തിൽ കളിച്ചിട്ടില്ല. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, മുരളീധരൻ എന്നിവരുടെ ഒരു പുതുചേരിയും ഇതോടെ കേരളത്തിലെ കോൺഗ്രസ്സിൽ ഉടലെടുത്തിരിക്കുകയാണ്. വടകരയിലേക്കുള്ള മുരളിയുടെ കടന്നുവരവിൽ ഉറക്കം നഷ്ടപ്പെടുന്നത് പി ജയരാജനു മാത്രമല്ലെന്നും രമേശ് ചെന്നിത്തലയ്ക്കു കൂടിയാണെന്നും പറയേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്. content highlights:loksabha election, vatakara, k.muraleedharan, udf, ldf, p jayarajan


from mathrubhumi.latestnews.rssfeed https://ift.tt/2Ojl0AH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages