തൊടുപുഴ: തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ സുഹൃത്ത് ഏല്പിച്ച ക്രൂരമര്‍ദ്ദനത്തെ കുറച്ച് മൂന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വിവരണം കേട്ട് അയല്‍വാസികള്‍ വിറങ്ങലിച്ചു. 'അച്ഛ ചേട്ടനെ ചവിട്ടി... അടിച്ചു... കാലില്‍ പിടിച്ച് നിലത്തടിച്ചു... ചോര വന്ന് ചേട്ടാ ചത്തു..' ഇളയകുട്ടി പറഞ്ഞതായി കുട്ടിയെ രാത്രി സംരക്ഷിച്ച അയല്‍വാസി വിങ്ങിപ്പൊട്ടിക്കൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഏഴു വയസ്സുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെ അയല്‍വാസി ഇളയ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. പുലര്‍ച്ചെ പോലീസ് എത്തി കുട്ടികള്‍ താമസിച്ചിരുന്ന വീട് പരിശോധിക്കുമ്പോള്‍ അവിടെ ക്രൂരമായ മര്‍ദ്ദനം നടന്നതിന്റെ അടയാളങ്ങള്‍ ശേഷിച്ചിരുന്നു. കുട്ടികളെ അടിക്കാന്‍ ഉപയോഗിച്ച വടി ഒടിഞ്ഞുചിതറിയ നിലയിലായിരുന്നു. വീടിന്റെ ഭിത്തിയില്‍ രക്തക്കറയും കണ്ടെത്തി.
തുടര്‍ന്നാണ് അയല്‍വാസി സംരക്ഷണം നല്‍കിയ കുട്ടിയോട് വിവരങ്ങള്‍ തിരക്കിയത്. രണ്ടാനച്ഛനില്‍ നിന്നേറ്റ ഭയപ്പെടുത്തുന്ന പീഡനത്തിന്റെ വിവരങ്ങളാണ് കുട്ടി പങ്കുവച്ചത്. മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്ന യുവാവ് കുട്ടികളെ മുന്‍പും മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുട്ടി സ്‌കൂളില്‍ അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിലും കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു.
ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചതാണ് ബുധനാഴ്ച രാത്രിയിലെ വഴക്കിന്റെ തുടക്കമെന്ന് കരുതുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന യുവാവ് ആ വടി ഉപയോഗിച്ചാണ് മൂത്തകുട്ടിയെ അടിച്ചതെന്ന് കരുതുന്നു. നിലത്തേക്ക് വലിച്ചിട്ട് ചവിട്ടി. ചവിട്ടേറ്റാണ് കുട്ടിയുടെ ശ്വാസകോശം തകരാറിലായതെന്ന് സൂചനയുണ്ട്. തലഭിത്തിയില്‍ പിടിച്ച് ഇടിച്ചതായും കാലില്‍ പിടിച്ച് നിലത്തടിച്ചതായും പറയുന്നു. ചേട്ടനെ അച്ഛാ വടികൊണ്ട് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്ത് വീഴ്ത്തിയെന്നും ചോര വന്നുവെന്നുമാണ് കുട്ടി പറഞ്ഞത്.
ഇളയ കുട്ടിയ്ക്കും ഇയാളുടെ മര്‍ദ്ദനമേറ്റിട്ടുണ്ട്. താടിയെല്ലിനു പരുക്കേറ്റു. പല്ലുകള്‍ പറിഞ്ഞുപോയിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്കു ശേഷം കുട്ടിയെ അമ്മൂമ്മയുടെ സംരക്ഷണത്തില്‍ വിട്ടിരിക്കുകയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് 75ാം വകുപ്പ്പ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടികളെ അമ്മയുടെ കാമുകന്‍ മുന്‍പ് പല തവണ മര്‍ദ്ദിച്ചിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
കുട്ടികളെ ആക്രമിച്ച രണ്ടാനച്ഛനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടിയുടെ പുനരധിവാസവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
from mangalam.com https://ift.tt/2TDl2nT
via IFTTT
No comments:
Post a Comment