കുറഞ്ഞ ചെലവിൽ മൊബൈൽ ഡാറ്റ കണക്റ്റിവിറ്റി നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യയുടെ ഈ നേട്ടം. കേബിൾ.കോ.യുകെ വെബ്സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളിൽ ഒരു ജിബി ഡാറ്റയ്ക്കുള്ള ചെലവ് എത്രയാണെന്ന് താരതമ്യം ചെയ്ത കണക്കുകൾ പുറത്തുവിട്ടത്. ഒരു ജിബി ഡാറ്റയ്ക്ക് 0.26 ഡോളർ(18.41 രൂപ) ആണ് ഇന്ത്യയിലെ ശരാശരി ചെലവ്. കിർഗിസ്താൻ, ഖസാക്കിസ്താൻ, യുക്രെയ്ൻഎന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. അമേരിക്കയിൽ 12.37 ഡോളറാണ് (840 രൂപയ്ക്ക് മുകളിൽ ) ഒരു ജിബി ഡാറ്റയ്ക്ക് ഈടാക്കുന്ന ശരാശരി തുക. ബ്രിട്ടൻ പട്ടികയിൽ 136-ാംസ്ഥാനത്താണ്. പശ്ചിമ യൂറോപ്പിൽ ഏറ്റവും കുറഞ്ഞ ചെലവിൽ മൊബൈൽ ഡാറ്റ ലഭിക്കുന്നത് ഫിൻലാൻഡിലാണ്. ഒരു ജിബി ഡാറ്റയ്ക്ക് 1.16 ഡോളറാണ് (82 രൂപ) ഇവിടുത്തെ ശരാശരി തുക. ഡെൻമാർക്ക്, മൊണാക്കോ, ഇറ്റലി പോലുള്ള രാജ്യങ്ങൾ രണ്ട് ഡോളറിൽ (141 രൂപ) താഴെയാണ് ഒരു ജിബിയ്ക്ക് ഈടാക്കുന്ന ശരാശരി തുക. ലോകത്ത് ഏഷ്യൻ രാജ്യങ്ങളിലാണ് ഡാറ്റ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത്. കുറഞ്ഞ ചെലവിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലുള്ളതും ഏഷ്യയിൽ ഇന്ത്യയുടെ പിറകിലുള്ളതും ശ്രീലങ്കയാണ്. 0.78 ഡോളറാണ് (55 ഇന്ത്യൻ രൂപ) ശ്രീലങ്കയിൽ ഒരു ജിബി ഡാറ്റയ്ക്കുള്ള ശരാശരി ചെലവ്. മംഗോളിയ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഒരു ഡോളറിൽ താഴെ ചെലവിൽ ഡാറ്റ നൽകുന്നത്. ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഉയർന്ന സാങ്കേതിക അവബോധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ വിശാലമായ സ്മാർട്ഫോൺ വിപണിയാണ് വാഗ്ദാനം ചെയ്യുന്നത്. വിപണിയിൽ മത്സരം ശക്തമാണ്. അതുകൊണ്ടു തന്നെ ഡാറ്റയ്ക്ക് വലിയ അളവിൽ വില കുറയുന്നുവെന്നും റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. അതേസമയം സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ദക്ഷണി കൊറിയ, ജപ്പാൻ, ചൈന, പോലുള്ള രാജ്യങ്ങളിൽ ഡാറ്റയ്ക്ക് വലിയ ചെലവുണ്ട് എന്നത് ശ്രദ്ധേയമാണ്. Conetnt Highlights:India beats developed nations on mobile data price
from mathrubhumi.latestnews.rssfeed https://ift.tt/2Ukyo9L
via
IFTTT
No comments:
Post a Comment