സാൻഫ്രാൻസിസ്കോ: അമേരിക്കൻ ഭരണകൂടവുമായി നിരന്തര നിയമയുദ്ധത്തിലാണ് ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വാവേ. ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുന്നു എന്നുവരെയുള്ള ആരോപണങ്ങൾ ലോകവ്യാപകമായി പ്രചാരത്തിലുള്ള വാവേ ഉപകരണങ്ങൾക്കെതിരെ അമേരിക്ക ഉന്നയിക്കുന്നുണ്ട്. വാവേയ്ക്കെതിരെയുള്ള നിയമ നടപടി അമേരിക്കയും ചൈനയുമായുള്ള ഉരസലിനും കാരണമായിരുന്നു. ഈ സാഹചര്യത്തിൽ ചൈനയിലേക്കുള്ള അമേരിക്കൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വാവേ ആശങ്കപ്പെടുന്നു. കമ്പനി ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ആൻഡ്രോയിഡും, വിൻഡോസും അക്കൂട്ടത്തിൽ പെടും. ആൻഡ്രോയിഡിന് ഒരു നിരോധനം വന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾ വിപണിയിൽ സൃഷ്ടിച്ചേക്കും. ഈ സാഹചര്യം മുന്നിൽ കണ്ട് സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചിരിക്കുകയാണ് വാവേ. മൊബൈൽ ഫോൺ നിർമാണ രംഗത്ത് രണ്ടാം സ്ഥാനക്കാരായ വാവേയുടെ സ്മാർട്ഫോണുകളിൽ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഓഎസ് ആണ്. ലാപ്ടോപ്പുകൾക്കും ടാബ് ലെറ്റുകൾക്കും വേണ്ടി മൈക്രോ സോഫ്റ്റ് വിൻഡോസും ഉപയോഗിക്കുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡിന് നിരോധനം നിലവിൽ വന്നാലുടൻ ഉപയോഗപ്പെടുത്താൻ അത് സജ്ജമാണെന്നും കമ്പനി പറഞ്ഞു. സ്മാർട്ഫോണുകൾക്കും കംപ്യൂട്ടറുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം വാവേ നിർമിച്ചിട്ടുണ്ട്.എന്നാൽ ഓപ്പേറേറ്റിങ് സിസ്റ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് അമേരിക്കൻ ഭരണകൂടത്തിനെതിരെ കഴിഞ്ഞയാഴ്ച വാവേ ഹർജി നൽകിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് കമ്പനിക്കുമേൽ ആരോപിക്കുന്ന കുറ്റങ്ങളുടെ ഭരണഘടനാ പ്രസക്തി ചോദ്യം ചെയ്തുകൊണ്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇറാനുമേലുള്ള വിലക്ക് ലംഘിച്ചുവെന്ന്ആരോപിച്ച് വാവേയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മെങ് വാൻഷോവ് കാനഡയിൽ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ ഇപ്പോഴും നടന്നുവരികയാണ്. Content Highlights:Huawei develops own OS in case of Android ban
from mathrubhumi.latestnews.rssfeed https://ift.tt/2FeU7ux
via
IFTTT
No comments:
Post a Comment