ശ്രീമതി മുതല്‍ രമ്യ വരെ; തെരഞ്ഞെടുപ്പിലെ 'നാലു പെണ്ണുങ്ങള്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

ശ്രീമതി മുതല്‍ രമ്യ വരെ; തെരഞ്ഞെടുപ്പിലെ 'നാലു പെണ്ണുങ്ങള്‍'

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ത്രീസാന്നിധ്യം എണ്ണത്തില്‍ നാലാണ്. എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നാലു വനിതാ സ്ഥാനാര്‍ത്ഥികള്‍ എന്നത് കുറഞ്ഞു പോയെങ്കിലും മത്സരിക്കുന്ന നാലു പേരും ഒന്നിനൊന്ന് മികച്ചവരാണ്.

പി. കെ. ശ്രീമതി

ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുമ്പു തന്നെ കണ്ണൂരിലെ തെരഞ്ഞെടുപ്പു ഗോദയില്‍ നിറഞ്ഞു നിന്ന പേരായിരുന്നു പി. കെ. ശ്രീമതി എന്ന ശ്രീമതി ടീച്ചറുടേത്. കണ്ണൂരില്‍ ടീച്ചര്‍ തന്നെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എന്നുറപ്പിച്ചു കൊണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡുകളും ഫ്‌ളെക്‌സുകളുമെല്ലാം മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിക്കും ഇതേ അഭിപ്രായമായിരുന്നു. 2014 ലെ നേടിയ അട്ടിമറി വിജയം തന്നെയാണ് ഇപ്രാവശ്യവും ടീച്ചറെ തന്നെ നിര്‍ത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

2009 ല്‍ ഇതേ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയ കെ സുധാകരന്റേതല്ലാതെ ശ്രീമതിയുടെ എതിരാളിയായി യു ഡി എഫിന് നിര്‍ത്താന്‍ മറ്റൊരു പേരുണ്ടായിരുന്നില്ല. എന്നാല്‍ എത്ര വലിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും കണ്ണൂരില്‍ വിജയം തനിക്കൊപ്പമാണെന്ന ആത്മവിശ്വാസമാണ് ശ്രീമതി ടീച്ചറുടെ ഏറ്റവും വലിയ കരുത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷകാലത്തെ വികസനനേട്ടങ്ങളും ശ്രീമതിക്ക് തുണയായി കൂടെയുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍

ഏറെ ആശങ്കകള്‍ക്കൊടുവിലാണ് ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഉറപ്പിക്കുന്നത്. എന്നാല്‍ അതൊന്നും തന്നെ ഷാനിമോളെ ലവലേശം ബാധിക്കുന്നില്ല. ആദ്യമായി സ്വന്തം മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്നുവെന്നതിന്റെ ആത്മവിശ്വാസമാണ് ഈ അഭിഭാഷകയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നത്. ആലപ്പുഴ എസ് ഡി കോളേജിലെ കെ എസ് യുക്കാരിയായാണ് ഷാനിമോള്‍ 1983 ല്‍ രാഷ്ട്രീയരംഗത്തെത്തുന്നത്. പന്ത്രണ്ടു വര്‍ഷക്കാലം കെ എസ് യുവിന്റെ സംസ്ഥാനകമ്മിറ്റിയംഗം. 2000 ല്‍ ആലപ്പുഴ നഗരസഭാധ്യക്ഷയാകുമ്പോള്‍ ജില്ലയില്‍ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നു ഷാനിമോള്‍.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്നും മത്സരിച്ച ഷാനിമോള്‍, നിലവില്‍ എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ്. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ എഐസിസി സെക്രട്ടറി കൂടിയാണ് ഈ ആലപ്പുഴക്കാരി.

വീണ ജോര്‍ജ്

അധ്യാപികയായും മാധ്യമപ്രവര്‍ത്തകയായുമെല്ലാം കഴിവു തെളിയിച്ചതിനു ശേഷമാണ് വീണ ജോര്‍ജ് രാഷ്ട്രീയ തട്ടകത്തിലേക്കു കാലെടുത്തു വച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ നിന്നും വിജയം നേടുമ്പോള്‍ രാഷ്ടീയത്തിന്റെ പരിശീലനകളരിയിലായിരുന്നു വീണ. എന്നാല്‍ രണ്ടാംവട്ട തെരഞ്ഞടുപ്പിനിറങ്ങുമ്പോഴേക്കും ജനപ്രതിനിധിയെന്ന നിലയില്‍ ആവോളം അനുഭവസമ്പത്ത് വീണ നേടി കഴിഞ്ഞിരിക്കുന്നു. ആറന്മുളയിലെ വിജയചരിത്രം പത്തനംതിട്ടയിലും ആവര്‍ത്തിക്കാന്‍ തന്നെയാണ് ഈ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം.

ശബരിമലയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ചര്‍ച്ചയാകുമ്പോഴും വീണ ഊന്നല്‍ കൊടുക്കുന്നത് വികസനത്തിനാണ്. പതിറ്റാണ്ടുകളായി വികസനമെത്താതെ കിടന്ന ആറന്‍മുളയില്‍ താന്‍ എത്തിയതിന് ശേഷം വന്ന വികസനത്തെ അക്കമിട്ട് നിരത്താനും വീണ മറക്കുന്നില്ല. ആന്റോ ആന്റണിയും പി സി ജോര്‍ജുമെല്ലാം എതിര്‍ സ്ഥാനാര്‍ത്ഥികളായി നില്‍ക്കുമ്പോഴും പത്തനംതിട്ടയില്‍ വിജയം ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന ഉറച്ചവിശ്വാസത്തിലാണ് വീണ.

രമ്യ ഹരിദാസ്

യുഡിഎഫ് മുന്നണിയില്‍ നിന്നുള്ള അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ് എന്ന കോഴിക്കോട്ടുകാരി. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന രമ്യ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 6 വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ട് വഴി പാര്‍ട്ടിയുടെ ശ്രദ്ധ നേടുന്ന രമ്യ, കെ എസ് യു വിലൂടെ ഉയര്‍ന്നു വന്ന യുവനേതാവാണ്.

ജില്ലാ സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവ നൃത്ത സംഗീത വേദികളില്‍ നിറഞ്ഞു നിന്ന ഈ കലാകാരി ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ കൂടിയാണ്. ആലത്തൂരിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് ഊടും പാവും നല്‍കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് രാഹുല്‍ കണ്ടെത്തിയ ഈ ഇരുപത്തൊമ്പതുകാരി.



from mangalam.com https://ift.tt/2Wf7Jfh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages