ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരാധകരെ കടിഞ്ഞാണിട്ട് നിർത്തി സൂപ്പർസ്റ്റാർ രജനീകാന്ത്. തന്റെ അനുവാദമില്ലാതെ പൊതുയോഗങ്ങളും ധർണകളും സംഘടിപ്പിക്കരുതെന്ന് രജനി മക്കൾ മൺട്രം പ്രവർത്തകർക്ക് ശനിയാഴ്ച അദ്ദേഹം നിർദേശം നൽകി. പകരം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരനടപടികൾക്ക് ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും ഏതാനും ആഴ്ചകൾക്ക് മുമ്പ് രജനി വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തന്നെ ഒരു പാർട്ടിയും ദുരുപയോഗം ചെയ്യാനുള്ള അവസരമൊരുക്കരുതെന്നും രജനി ശനിയാഴ്ച അണികളോട് അഭ്യർഥിച്ചു. തന്റെ ചിത്രങ്ങളോ രജനി മക്കൾ മൺട്രത്തിന്റെ പതാകയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ ആരെയും അനുവദിക്കരുത്. തമിഴ്‌നാട് നേരിടുന്ന നിലവിലെ പ്രധാന പ്രശ്നം ജലക്ഷാമമാണ്. ഉന്നതാധികൃതരുമായി ചർച്ച നടത്തി ഇതിന് പരിഹാരം ഉണ്ടാക്കാൻ അണികൾ ശ്രമിക്കണം. ഇത്തരം ജനകീയ പ്രശ്നങ്ങളിൽ ശാശ്വതപരിഹാരം കാണാൻ ശ്രമിക്കുന്നവർക്കു മാത്രം വോട്ടു രേഖപ്പെടുത്തണമെന്നും രജനീകാന്ത് അണികളോട് നിർദേശിച്ചു. 2017 ഡിസംബർ 31-നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചത്. ആരാധകരെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രജനി രസികർ മൺട്രത്തെ രജനി മക്കൾ മൺട്രം എന്ന പേരിൽ രൂപാന്തരപ്പെടുത്തിക്കൊണ്ടാണ് രജനി രാഷ്ട്രീയനീക്കം ആരംഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2VPxTVp
via
IFTTT
No comments:
Post a Comment