കാസർകോട് മണ്ഡലത്തെ തുടർച്ചയായ മൂന്ന് പൂർണ കാലാവധിയിൽ പ്രതിനിധീകരിച്ചതിന്റെ റെക്കോഡുമായാണ് പി.കരുണാകരൻ ലോക്സഭയുടെ പടിയിറങ്ങുന്നത്. മറ്റാർക്കും കിട്ടാത്ത അവസരം. എ.കെ.ജി. അടക്കം മറ്റ് പലരും മൂന്നുതവണ ഇവിടന്ന് മത്സരിച്ച് ജയിച്ചെങ്കിലും എല്ലാ ലോക്സഭയും കാലാവാധി തികച്ചിരുന്നില്ല. 2004, 2009, 2014 വർഷങ്ങളിലെ പാർലമെന്റ്് തിരഞ്ഞെടുപ്പുകളിലാണ് പി.കരുണാകരൻ ഇവിടന്ന് ജയിച്ചത്. മൂന്ന് ലോക്സഭയും കാലാവധി തികച്ചു. മൂന്നാംതവണ സി.പി.എം. പാർലമെന്ററി പാർട്ടിനേതാവുമായി. ഇത്തവണ അദ്ദേഹം മത്സരിക്കാനില്ല. പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം തത്കാലത്തേക്കെങ്കിലും സംഘടനാരംഗത്തായിരിക്കും. എ.കെ.ജി.യുടെ മകൾ ലൈലയുടെ ഭർത്താവായ കരുണാകരൻ ജീവിതത്തിൽ മാത്രമല്ല, സംഘടനാ രംഗത്തും പലനിലയ്ക്കും എ.കെ.ജി.യുടെ പിൻഗാമിയാണ്. രണ്ടുപേരും പാർട്ടിയുടെ ലോക്സഭയിലെ നേതാക്കളായിരുന്നു. രണ്ടുപേരും കാസർകോടിനെ തുടർച്ചയായി മൂന്നുതവണ പ്രതിനിധീകരിച്ചു. 1957, 62, 67 വർഷങ്ങളിലാണ് എ.കെ.ജി. ഇവിടന്ന് തിരഞ്ഞെടുക്കപ്പെട്ടത്; ആദ്യ രണ്ടുതവണ സി.പി.ഐ. പ്രതിനിധി. മൂന്നാംതവണ സി.പി.എം. 67-ലെ ലോക്സഭയ്ക്ക് 1972 മാർച്ച് വരെ കാലാവധിയുണ്ടായിരുന്നെങ്കിലും കോൺഗ്രസിൽ സംഘടനാ പ്രശ്നങ്ങൾ നേരിട്ടിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1970 ഡിസംബർ 27-ന് ലോക്സഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യുകയായിരുന്നു. തുടർന്ന് 71 മാർച്ചിൽ തിരഞ്ഞെടുപ്പ് നടന്നു. എ.കെ.ജി. അത്തവണ പാലക്കാട്ടേക്ക് മാറിയപ്പോൾ കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനാണ് വിജയിച്ചത്. എം.രാമണ്ണറൈ, ടി.ഗോവിന്ദൻ എന്നിവർ മൂന്നുതവണ കാസർകോടിനെ പ്രതിനിധീകരിച്ച സി.പി.എം. നേതാക്കളാണ്. പക്ഷേ പൂർണകാലാവധിയും തുടർച്ചയായ വിജയവുമായിരുന്നില്ല. 1980, 89, 91 വർഷങ്ങളിൽ വിജയിച്ച രാമണ്ണറൈ, 1985-ൽ കോൺഗ്രസിലെ ഐ.രാമറൈയോട് തോറ്റു. 1996, 98, 99 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ടി.ഗോവിന്ദൻ വിജയിച്ചു. ഇതിൽ 99-ലെ ലോക്സഭ മാത്രമാണ് കാലാവധി തികച്ചത്. നേട്ടങ്ങളുടെ നീണ്ടനിര നേട്ടങ്ങളുടെ നീണ്ടനിരയുമായാണ് പി.കരുണാകരൻ 15 വർഷത്തെ ലോക്സഭാ ജീവിതത്തോട് വിടപറയുന്നത്. പെരിയയിൽ കേന്ദ്രസർവകലാശാല കൊണ്ടുവരാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടം. 17 സംസ്ഥാനങ്ങളിൽനിന്നായി 1700-ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനം അക്ഷരാർഥത്തിൽ രാജ്യത്തിന്റെ പരിച്ഛേദമാണ്. ഇവിടെ കേന്ദ്ര മെഡിക്കൽ കോളേജോ എയിംസോ സ്ഥാപിക്കാൻ ആഞ്ഞുശ്രമിച്ചു അദ്ദേഹം. അടുത്ത പ്രതിനിധിയുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന് ഇത് യാഥാർഥ്യമാക്കുക എന്നതായിരിക്കും. കരിന്തളത്ത് കേന്ദ്ര നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിന് നടപടിയായതാണ് മറ്റൊന്ന്. ഈ രംഗത്ത് ഗവേഷണവും ചികിത്സയുമുള്ള രാജ്യത്തെ ആദ്യ സ്ഥാപനമാണിത്. എൻഡോസൾഫാൻ ഇരകൾക്ക് നബാർഡിന്റെ 200 കോടിയുടെ പദ്ധതി നേടിയെടുത്തതും ഈ കാലയളവിലാണ്. ഇതുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചത് ഇതിന് സഹായമായി. പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, ബേക്കൽ പള്ളിക്കര, പഴയങ്ങാടി താവം എന്നിവിടങ്ങളിൽ റെയിൽവെ മേൽപ്പാലം പൂർത്തിയായി. അസാധ്യമെന്ന് തോന്നിയ നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിനുവേണ്ടി മൂന്നുദിവസം സത്യാഗ്രഹമിരുന്ന് അദ്ദേഹം അനുമതി വാങ്ങിയെടുത്തു. 65 കോടിയോളം രൂപയുടെ പദ്ധതിയാണിത്. ജില്ലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാഞ്ഞങ്ങാട്-കാണിയൂർ പാത ട്രാക്കിലാക്കിയതും രാജധാനി, അന്ത്യോദയ തുടങ്ങിയ സുപ്രധാന തീവണ്ടികൾക്ക് കാസർകോട്ടും ഗാന്ധിധാമിന് കാഞ്ഞങ്ങാട്ടും അടക്കം പലവണ്ടികൾക്കും കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിപ്പിച്ചതും മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഏഴ് കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങിയതും നേട്ടങ്ങളുടെ പട്ടികയിൽപ്പെടുന്നു. ഹൊസ്ദുർഗ് -ബാഗമണ്ഡലം ദേശീയപാത, ചെർക്കള-ജോഡ്കൽ ദേശീയപാത പദ്ധതി തുടങ്ങി പട്ടിക നീളുന്നു. എം.പി. ഫണ്ടിൽ കുടുതൽ ചെലവിട്ട സംസ്ഥാനത്തെ രണ്ടാമത്തെ എം.പി.യാണ് പി.കരുണാകരൻ. 98 ശതമാനത്തോളം ചെലവഴിക്കാനായി. Content Highlights: P.Karunakaran, Kasaragod MP
from mathrubhumi.latestnews.rssfeed https://ift.tt/2tZDPQ7
via
IFTTT
No comments:
Post a Comment