സെഞ്ചൂറിയൻ: അടുത്ത വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി ലസിത് മലിംഗ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ സൂപ്പർ സ്പോർട് പാർക്കിൽ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിൽ 16 റൺസിനു തോറ്റതിനു പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് ഏകദിനത്തിലും ട്വന്റി 20യിലും ശ്രീലങ്കയെ നയിച്ച മലിംഗവിരമിക്കൽ പ്രഖ്യാപിച്ചത്. എനിക്ക് ട്വന്റി 20 ലോകകപ്പിൽ കളിക്കണം, എന്നിട്ട് കരിയർ അവസാനിപ്പിക്കണം - മലിംഗ പറഞ്ഞു. ഓസ്ട്രേലിയയിൽ 2020 ഒക്ടോബറിലും നവംബറിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. അതേസമയം ഈ വർഷത്തെ ഏകദിന ലോകകപ്പോടെ തന്റെ ഏകദിന കരിയറിന് അവസാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നേരത്തെ തന്നെ മലിംഗ വിരമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയതോടെ മലിംഗയുടെ വിക്കറ്റ് നേട്ടം 97-ൽ എത്തിയിരുന്നു. രാജ്യാന്തര ട്വന്റി 20-യിൽ കൂടുതൽ വിക്കറ്റുകളെന്ന ഷാഹിദ് അഫ്രീദിയുടെ (98) റെക്കോഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് താരം. അതേസമയം ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ മലിംഗ ആദ്യ ആറ് മത്സരങ്ങളിൽ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. ശ്രീലങ്കൻ ആഭ്യന്തര ടൂർണമെന്റിൽ കളിക്കുന്നതിന് വേണ്ടിയാണിത്. ദേശീയ ടീമിൽ ഇടംനേടാൻ താരങ്ങൾ ആഭ്യന്തര ടൂർണമെന്റിൽ കളിക്കണമെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ് നിർബന്ധമാക്കിയിരുന്നു. ലോകകപ്പ് ടീമിൽ ഇടംനേടാനും ഇത് ആവശ്യമാണ്. Content Highlights:world cup 2019 lasith malinga to retire after 2020 t20 world cup
from mathrubhumi.latestnews.rssfeed https://ift.tt/2FtF28z
via
IFTTT
No comments:
Post a Comment