ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്ന് മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് നിരസിച്ചു. നിലവിൽ ബിജെപിയുടെ പർവേശ് വർമ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഡൽഹി സീറ്റിൽ സെവാഗിനെ സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് സേവാഗ് അറിയിച്ചതായി ബിജെപി വക്താവ് വ്യക്തമാക്കി. ഹരിയാനയിലെ റോത്തക്കിൽ ബിജെപി സ്ഥാനാർഥിയായി സേവാഗ് മത്സരിച്ചേക്കുമെന്ന് ഫെബ്രുവരിയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലോ താൽപര്യമില്ലെന്ന് സേവാഗ് ട്വിറ്റ് ചെയ്തിരുന്നു. "അഭ്യൂഹങ്ങൾക്ക് മാറ്റമുണ്ടാകാം, എന്നാൽ ചില കാര്യങ്ങൾ ഒരിക്കലും മാറില്ല. 2014 ലെ പോലെ ഇപ്പോഴും ചില വാർത്തകൾ വരുന്നുണ്ട്. പക്ഷെ അന്നത്തെ പോലെ തന്നെ ഇപ്പോഴും ഇക്കാര്യത്തിൽ താൽപര്യമില്ല". സേവാഗ് കുറിച്ചു. സമ്പർക്ക് ഫോർ സമർഥന്റെ ഭാഗമായി കഴിഞ്ഞ കൊല്ലം ജൂലൈയിൽ കേന്ദ്രമന്ത്രി രാജ്യവർധൻ രാത്തോഡും പാർട്ടിയുടെ ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും സേവാഗിനെ സന്ദർശിച്ചിരുന്നു. ഇത് സേവാഗിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങൾക്കിടയാക്കി. എന്നാൽ പരസ്യപ്രതികരണത്തിലൂടെ സേവാഗ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്. എന്നാൽ ഡിസംബറിൽ വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപി സീറ്റിൽ ലോകസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകളുണ്ട്. ഗംഭീർ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. ഗംഭീറിന്റെ വിരമിക്കലിനെ തുടർന്ന് ക്രിക്കറ്റിൽ ഗംഭീർ നൽകിയ സംഭാവനകൾ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയയ്ക്കുകയും ചെയ്തിരുന്നു. Content Highlights: Virender Sehwag, Declined Offer To Contest Polls In Delhi, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2TEiueb
via
IFTTT
No comments:
Post a Comment