കോഴിക്കോട്: വടകര മണ്ഡലം പിടിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് നേതൃത്വം വടകരയിൽ കെ.മുരളീധരനെ നിയോഗിച്ചിരിക്കുന്നതെങ്കിലും യു.ഡി.എഫിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുള്ള ആർ.എം.പിക്ക് ഇത് നിലനിൽപ്പിന്റെ കൂടി പോരാട്ടമാണ്. സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനം പറഞ്ഞ് പാർട്ടി വിട്ടവർ വലതുപക്ഷത്തോട് ചേർന്നതോടെ ആർ.എം.പിക്ക് പ്രസക്തിയില്ലാതായി എന്ന തരത്തിലുള്ള പ്രചാരണമാണ് മണ്ഡലത്തിലുടനീളം സി.പി.എം നടത്തുന്നത്. ഇത് മറികടക്കാൻ ആർ.എം.പിക്ക് ഇത്തവണ അവരുടെ അസ്ഥിത്വം തെളിയിച്ചേ മതിയാവൂ. പി.ജയരാജൻ എതിരാളിയായിട്ട് പോലും പ്രതീക്ഷിച്ച വോട്ട് ആർ.എം.പിക്ക് വടകരയിൽ ലഭിച്ചില്ലെങ്കിൽ ഒരുപക്ഷെ അവരുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. ആർ.എം.പി തകർന്നെന്ന സി.പി.എമ്മിന്റെ പ്രചാരണത്തിന് അത് ശക്തി പകരുകയും ചെയ്യും. ഇതോടെയാണ് ഏത് വിധേനയും ജയരാജനെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങുക എന്ന തീരുമാനത്തിലേക്ക് ആർ.എം.പിയെത്തിയത്. കെ.മുരളീധരന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിനിറങ്ങുമെന്നറിയിച്ചിരിക്കുയാണ് ആർ.എം.പി നേതൃത്വം. സ്വന്തം നിലയിലാവും പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുക. പഞ്ചായത്ത് തോറും പ്രത്യേക കൺവെൻഷൻ സംഘടിപ്പിക്കുമെന്നും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണു മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. ഏപ്രിൽ മുന്നിന് മണ്ഡലം കൺവെൻഷനും പൊതുയോഗവും സംഘടിപ്പിച്ച് പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ നടന്ന യു.ഡി.എഫ് കൺവെൻഷന് പിന്നാലെ ടി.പി.ചന്ദ്രശേഖരന്റെ വീട്ടിൽനിന്നായിരുന്നു കെ.മുരളീധരൻ വടകരയിലെ പ്രചാരണം ആരംഭിച്ചത്. യുഡിഎഫിന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.കെ രമയും അറിയിച്ചിരുന്നു. യുഡിഎഫിനൊപ്പം പരസ്യ പ്രചാരണത്തിനില്ലെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ നിലപാട് ആർഎംപി മാറ്റി. മുരളീധരന്റെ വിജയത്തിനായി തുടക്കം മുതൽ ഒടുക്കം വരെ ഒപ്പമുണ്ടാകുമെന്ന് ആർഎംപി ഉറപ്പ് നൽകുകയും ചെയ്തു. ഇത് എതിർ പക്ഷത്തെ ചെറുതല്ലാത്തരീതിയിൽ ആശങ്കയിലാക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിൽ ലീഗും സജീവമായതോടെ കോലീബി ആരോപണത്തിന് പ്രാധാന്യം നൽകി സോഷ്യൽ മീഡിയൽ അടക്കം വ്യാപക പ്രചാരണമാണ് എതിരാളികൾ നടത്തുന്നത്. തങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് വടകര മണ്ഡലത്തിലാണെന്ന് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇത് ന്യൂനപക്ഷങ്ങൾ ഏറെയുള്ള കുറ്റ്യാടി, നാദാപുരം, മണ്ഡലങ്ങളിലെല്ലാം വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്യും. പി.ജയരാജനെതിരെ വിധിയെഴുതാൻ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പുറമെ മണ്ഡലത്തിലെ മറ്റ് കൊലപാതകങ്ങളും സജീവ ചർച്ചയാക്കുമെന്നാണ് ആർ.എം.പി നേതൃത്വം വ്യക്തമാക്കുന്നത്. പി.ജയരാജൻ പ്രതിയായിട്ടുള്ള കതിരൂർ മനോജ് വധം അടക്കം ഉൾപ്പെടുന്ന മണ്ഡലമാണ് വടകര. ജയരാജന് അനുകൂലമായി വോട്ട് ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരുപാർട്ടി പ്രവർത്തകൻ പോലും ആർ.എം.പി.യിൽ ഇല്ലെന്നും എൻ.വേണു പറഞ്ഞു. ജയരാജന്റെ പരാജയമാണ് അന്തിമ ലക്ഷ്യം. മണ്ഡലത്തിൽ ഏകദേശം 50,000ത്തോളം വോട്ട് തങ്ങൾക്കുണ്ടെന്നും അത് പൂർണമായും ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. Content Highlights:RMP Will Start Their Election Campaign For K Muraleedharan
from mathrubhumi.latestnews.rssfeed https://ift.tt/2WhOLEM
via
IFTTT
No comments:
Post a Comment