കല്പറ്റ: വയനാട്ടിൽ റിസോർട്ടിലെ പോലീസ്-മാവോവാദി ഏറ്റുമുട്ടലിനെച്ചൊല്ലി വിവാദം മുറുകുന്നതിനിടെ സംഭവദിവസത്തെ കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സി.പി. ജലീൽ തോളിലെ ബാഗിൽനിന്ന് തോക്കെടുക്കുന്നതും ബാഗിൽനിന്ന് മങ്കി ക്യാപ്പ് താഴേക്കു വീഴുന്നതുമാണ് ശനിയാഴ്ച പുറത്തുവിട്ട 28 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിലുള്ളത്. ഏറ്റുമുട്ടലുണ്ടായ ലക്കിടിയിലെ ഉപവൻ റിസോർട്ടിലെ സി.സി.ടി.വി. ക്യാമറകളുടെ ഹാർഡ് ഡിസ്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിസോർട്ടിലേക്ക് ജലീലും ഏറ്റുമുട്ടലിൽ പരിക്കേറ്റ സഹപ്രവർത്തകനും കയറിവരുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. മാവോവാദികൾ വെടിയുതിർത്തപ്പോൾ ആത്മരക്ഷാർഥമാണ് പോലീസ് വെടിവെച്ചതെന്ന് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ പറഞ്ഞിരുന്നു. എന്നാൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാരോപിച്ച് ജലീലിന്റെ കുടുംബം രംഗത്തുവന്നു. പോലീസ് വാദം തള്ളി കഴിഞ്ഞദിവസം റിസോർട്ട് ജീവനക്കാരുടെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം കനത്തത്. വ്യാജ ഏറ്റുമുട്ടൽ ആരോപണം നിലനിൽക്കുന്നതിനിടെ പുറത്തുവന്ന വീഡിയോ പോലീസിനെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നത്. എന്തോ ശബ്ദം കേട്ട് രണ്ടു മാവോവാദികളും റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിനടുത്തുനിന്ന് പുറത്തേക്ക് ഓടുന്നതും ജലീൽ ബാഗിൽനിന്ന് തോക്കെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷം എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ജീവനക്കാർ വെളിപ്പെടുത്തിയ പോലെ തോക്കേന്തിയ പോലീസുകാർ റിസോർട്ടിലേക്ക് വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. കൈയിൽ എ.കെ. 47 പോലുള്ള തോക്കും ബാഗുമായി മുഖംമൂടി ധരിച്ച ഒരാൾ കൊല്ലപ്പെട്ട ജലീലിനൊപ്പം റിസോർട്ടിന്റെ റിസപ്ഷനിൽ നിൽക്കുന്ന ചിത്രം പോലീസ് വെള്ളിയാഴ്ച പുറത്തു വിട്ടിരുന്നു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ തമിഴ്നാട് സ്വദേശി ചന്ദ്രുവാണെന്നാണ് സംശയം. നേരത്തേ പോലീസ് ശേഖരിച്ച വീഡിയോകളുമായി ഒത്തുനോക്കിയാണ് ഈ നിഗമനത്തിലെത്തിയത്. വെടിവെപ്പിനിടെ ഇയാൾ രക്ഷപ്പെട്ടെന്നുകരുതുന്ന വനത്തിലൂടെയുള്ള വഴികളിൽ രക്തം ഇറ്റുവീണത് വ്യാഴാഴ്ചതന്നെ കണ്ടെത്തിയിരുന്നു. പലയിടങ്ങളിൽ രക്തപ്പാടുള്ളതിനാൽ പരിക്ക് ഗുരുതരമാണെന്നും സമീപത്തെ സുഗന്ധഗിരി വനമേഖലവിട്ട് ഇയാൾ പോകാൻ സാധ്യതയില്ലെന്നുമാണ് നിഗമനം. സമീപത്തെ വനപ്രദേശങ്ങളും ആദിവാസി കോളനികളും കേന്ദ്രീകരിച്ച് മൂന്നുദിവസം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വയനാട് ജില്ലയിലാകെയും അതിർത്തി ജില്ലകളിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉപവൻ റിസോർട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. content highlights:police releases cctv footage of maoist c p jaleel
from mathrubhumi.latestnews.rssfeed https://ift.tt/2NU1z0S
via
IFTTT
No comments:
Post a Comment