ന്യൂഡൽഹി: തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടും എൻ.ഡി.എ.ക്കെതിരേ മഹാസഖ്യമുണ്ടാക്കാനും സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളുമായി സീറ്റു ധാരണയിലെത്താനുമാവാതെ യു.പി.എ.. കൈവിട്ട കക്ഷികൾക്കുപകരം പുതിയവരെ തേടിയും ആടിയുലഞ്ഞ ശിവസേന ഉൾപ്പെടെയുള്ളവരെ കൂടെനിർത്തിച്ചും എൻ.ഡി.എ.. തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയിട്ടും ഇരുമുന്നണികളുടെയും സ്ഥാനാർഥിനിർണയവും പൂർത്തിയായില്ല. ഉത്തർപ്രദേശ്, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ആന്ധപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മഹാസഖ്യത്തിന്റെ ഭാഗമായുള്ള കക്ഷികളുമായിപ്പോലും കോൺഗ്രസിന് സഖ്യത്തിലെത്താനായിട്ടില്ല. മഹാസഖ്യത്തിലെ 21 കക്ഷികൾ ദേശീയതലത്തിൽ പൊതുമിനിമം പരിപാടിയുണ്ടാക്കി പ്രവർത്തിക്കുമെന്ന് മാസങ്ങളായി പറയുന്നുണ്ടെങ്കിലും അന്തിമതീരുമാനമായില്ല. ബി.ജെ.പി.യാകട്ടെ, മഹാരാഷ്ട്രയിലും ബിഹാറിലും ശിവസേനയെയും ജനതാദൾ യു.വിനെയും അനുനയിപ്പിക്കാൻ ജയിക്കുന്ന സീറ്റടക്കം വിട്ടുനൽകി. അസമിൽ അസം ഗണപരിഷത്തും ആന്ധ്രയിൽ തെലുഗുദേശവും നഷ്ടപ്പെട്ടെങ്കിലും ഇവിടങ്ങളിലും തമിഴ്നാട്ടിലുമടക്കം പുതിയ സഖ്യങ്ങളുണ്ടാക്കി. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ ബി.എസ്.പി. -എസ്.പി. സഖ്യവുമായി ധാരണയിലെത്താൻ കോൺഗ്രസ് ഒട്ടേറെ ചർച്ചകൾ നടത്തി. എങ്കിലും സോണിയാഗാന്ധിയും രാഹുൽഗാന്ധിയും മത്സരിക്കുന്ന റായ്ബറേലിയും അമേഠിയുമല്ലാതെ മറ്റൊന്നും കോൺഗ്രസിന് നൽകാനാവില്ലെന്ന കടുത്ത നിലപാടിലാണ് ബി.എസ്.പി. നേതാവ് മായാവതി. ഇതേത്തുടർന്ന് ഉത്തർപ്രദേശിൽ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. ദുർബലമായ സംഘടനാസംവിധാനമുള്ള ഇവിടെ ആറിലധികം സീറ്റുകൾ നേടാനാവുമെന്ന് കോൺഗ്രസ് പോലും പ്രതീക്ഷിക്കുന്നില്ല. മാറിയ സാഹചര്യത്തിൽ കോൺഗ്രസ് കൂടുതൽ ശക്തിസംഭരിച്ച് മുന്നോട്ടുനീങ്ങുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ബംഗാളിൽ സി.പി.എമ്മുമായി സഖ്യമുണ്ടാക്കാനായ കോൺഗ്രസിന് മഹാസഖ്യത്തിന്റെ ഭാഗമായ എ.എ.പി.യുമായി ഡൽഹിയിൽ സഖ്യമുണ്ടാക്കാനാവാത്തതും വലിയ തിരിച്ചടിയാണ്. എ.എ.പി.യും കോൺഗ്രസും ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാൽ ആകെയുള്ള ഏഴു സീറ്റിലും തോൽക്കുമെന്നാണ് ഇരുപാർട്ടികളും നടത്തിയ സർവേയിൽ തെളിഞ്ഞത്. തങ്ങളെ അധികാരത്തിൽനിന്ന് താഴെയിറക്കിയ എ.എ.പി.യുമായി കൂട്ടുകൂടിയാൽ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നതാണ് കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്. മഹാരാഷ്ട്രയിൽ ഉടക്കിനിന്ന ശിവസേനയ്ക്ക് 23 സീറ്റ് നൽകി ബി.ജെ.പി. ധാരണയിലെത്തിയിട്ടുണ്ട്. 2014 -ൽ ആകെയുള്ള 48 സീറ്റുകളിൽ ശിവസേന 20 ഇടത്താണ് മത്സരിച്ചത്. 25 സീറ്റുകളിൽ ഇത്തവണ ബി.ജെ.പി. മത്സരിക്കും. സംസ്ഥാനം തൂത്തുവാരുമെന്നാണ് സഖ്യത്തിന്റെ അവകാശവാദം. ഇവിടെ കോൺഗ്രസ്- എൻ.സി.പി. മുന്നണിയിൽനിന്ന് ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ പാർട്ടിയായ ബാരിപ ബഹുജൻ മഹാസംഘ് പുറത്തുപോയി. പിന്നാലെ കർഷക നേതാവായ രാജു ഷെട്ടിയുടെ സ്വാഭിമാനി ശക്താരി സംഘടനയും രണ്ടു സീറ്റു തന്നില്ലെങ്കിൽ മുന്നണിവിടുമെന്ന് ഭീഷണി മുഴക്കിയിരിക്കയാണ്. പൗരത്വ ബിൽ നടപ്പാക്കുമെന്ന എൻ.ഡി.എ. നിലപാടിൽ പ്രതിഷേധിച്ച് അസമിൽ അസം ഗണപരിഷത്ത് എൻ.ഡി.എ. വിട്ടെങ്കിലും ചെറുപാർട്ടികളുമായി ബി.ജെ.പി. ധാരണയിലെത്തി. എന്നാൽ, പുറത്തുപോയ എ.ജി.പി.യുമായി ഇനിയും ധാരണയുണ്ടാക്കാൻ കോൺഗ്രസിനായിട്ടില്ല. ഇവരുമായും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുമായും ധാരണയിലെത്തിയാൽ 14-ൽ 10 സീറ്റ് കിട്ടുമെന്നാണ് നിരീക്ഷകർ പറയുന്നത്. ഇങ്ങനെയൊരു സഖ്യം വന്നാൽ ബി.ജെ.പി.ക്കനുകൂല ജനവികാരമുണ്ടാകുമോ എന്ന ഭയത്തിലാണിപ്പോഴും കോൺഗ്രസ്. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യുമായി ബി.ജെ.പി. ധാരണയിലെത്തിയിട്ടുണ്ട്. ഇവിടെ കോൺഗ്രസ് ഡി.എം.കെ.യ്ക്കൊപ്പമാണ്. കർണാടകത്തിൽ ജനതാദൾ എസുമായി കോൺഗ്രസിന്റെ സീറ്റുധാരണ അന്തിമഘട്ടത്തിലാണ്. ബിഹാറിൽ ജനതാദൾ യു.വുമായി ബി.ജെ.പി. ധാരണയിലെത്തി. ഇവിടെ ഉപേന്ദ്ര കുശ്വാഹയുടെ ലോക്സമതാ പാർട്ടി എൻ.ഡി.എ. വിട്ട് മഹാസഖ്യത്തിലെത്തിയിട്ടുണ്ട്. ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസിനുമുന്നിൽ കോൺഗ്രസിനും ബി.ജെ.പി.ക്കും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്. ഇവിടെ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം എൻ.ഡി.എ. വിട്ടെങ്കിലും സഖ്യത്തിലെത്താൻ കോൺഗ്രസിനായിട്ടില്ല. Content Highlights:loksabha election 2019, upa and nda election strategies
from mathrubhumi.latestnews.rssfeed https://ift.tt/2u1droV
via
IFTTT
No comments:
Post a Comment