ന്യൂഡൽഹി:ലോക്സഭയിൽ പ്രതിപക്ഷനേതാവില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ലോക്പാൽ നിയമനം വൈകിപ്പിച്ചത് അഞ്ചുവർഷം. 2014-ൽ ലോക്പാൽ നിയമം നിലവിൽവന്നെങ്കിലും നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു സർക്കാർ. പ്രതിപക്ഷനേതാവിന്റെ അഭാവം ലോക്പാൽ നിയമനത്തിന് തടസ്സമാകരുതെന്ന് ഒടുവിൽ സുപ്രീംകോടതിക്ക് പറയേണ്ടിവന്നു. ഈ കർശനനിലപാടാണ് അഞ്ചുവർഷത്തിനുശേഷമെങ്കിലും ലോക്പാലിനെ കണ്ടെത്താൻ കേന്ദ്രസർക്കാരിനെ നിർബന്ധിതരാക്കിയത്. അണ്ണ ഹസാരെയുടെ നേതൃത്വത്തിൽനടന്ന പ്രക്ഷോഭങ്ങളാണ് ലോക്പാൽ ബിൽ കൊണ്ടുവരാൻ കഴിഞ്ഞ യു.പി.എ. സർക്കാരിനെ പ്രേരിപ്പിച്ചത്. വർഷങ്ങൾനീണ്ട സമരങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ ലോക്പാൽ ബിൽ 2103-ൽ പാർലമെന്റ് പാസാക്കി. 2014-ൽ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകി. എന്നാൽ, 2014 മേയിൽ പുതിയ സർക്കാർ അധികാരമേറിയപ്പോൾ ലോക്സഭയിൽ പ്രതിപക്ഷനേതാവില്ലാതായി. പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാൻ ആവശ്യമായ പത്തുശതമാനം അംഗബലം കോൺഗ്രസിനുണ്ടായിരുന്നില്ല. 2013-ലെ ലോക്പാൽ, ലോകായുക്ത നിയമപ്രകാരം ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ പ്രതിപക്ഷനേതാവും അംഗമായിരിക്കണം. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി നിയമനം സർക്കാർ നീട്ടിക്കൊണ്ടുപോയതോടെ സുപ്രീംകോടതി ഇടപെട്ടു. പ്രതിപക്ഷനേതാവിന്റെ നിർവചനം മാറ്റുന്നതിന് നിയമഭേദഗതി ആവശ്യമാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാൽ, ഭേദഗതി വരുന്നതുവരെ ലോക്പാൽ നിയമനം വൈകിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് 2017 ഏപ്രിൽ 27-ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതേരൂപത്തിൽത്തന്നെ മികച്ചതാണ് ലോക്പാൽ നിയമമെന്ന മുൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുത്തരവ്. കോമൺ കോസ് എന്ന സംഘടനയ്ക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയിലായിരുന്നു നടപടി. ലോക്പാൽ നിയമനം ഇനിയും വൈകിപ്പിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനുശേഷവും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ അനക്കമുണ്ടായില്ല. ഇതോടെ 2017 ഏപ്രിൽ 27-ലെ ഉത്തരവ് പാലിച്ചില്ലെന്നുകാട്ടി കോമൺ കോസ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. കഴിഞ്ഞ ഒരുവർഷത്തിനിടെ പത്തുതവണ ഈ കോടതിയലക്ഷ്യഹർജി പരിഗണനയ്ക്കുവന്നപ്പോഴും സർക്കാർ സാങ്കേതികകാരണങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം വിളിക്കാൻ വീണ്ടും ഒരുവർഷമെടുത്തു. ഇതിൽ അതൃപ്തിയറിയിച്ച സുപ്രീംകോടതി, ഇതുവരെ സ്വീകരിച്ച നടപടികൾ എഴുതിനൽകാൻ കേന്ദ്രത്തോടാവശ്യപ്പെട്ടു. ലോക്പാൽ നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലായ് 24-ന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ അതൃപ്തിപ്രകടിപ്പിച്ചുകൊണ്ട് സുപ്രീംകോടതി അത് തള്ളി. നിയമനത്തിനുള്ള സമയക്രമം വ്യക്തമാക്കാത്ത സത്യവാങ്മൂലം സ്വീകരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിതന്നെ നേരിട്ട് ലോക്പാൽ നിയമനം നടത്തുകയാണ് വേണ്ടതെന്ന് ഈ ഘട്ടത്തിൽ കോമൺ കോസ് വാദിച്ചു. ഏറ്റവുമൊടുവിൽ, തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം എന്നുചേരുമെന്ന് പത്തുദിവസത്തിനകം അറിയിക്കാൻ മാർച്ച് ഏഴിന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടെ, കഴിഞ്ഞ വെള്ളിയാഴ്ച സമിതിയുടെ യോഗം ചേർന്ന് സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് പി.സി. ഘോഷിനെ ലോക്പാലായി നിയമിക്കാൻ ശുപാർശചെയ്തത്. യോഗത്തിൽ ലോക്സഭയിലെ വലിയ പ്രതിപക്ഷകക്ഷിയായ കോൺഗ്രസിന്റെ നേതാവ് മല്ലികാർജുൻ ഖാർഗെ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി അധ്യക്ഷനായ തിരഞ്ഞെടുപ്പുസമിതിയിൽ പ്രതിപക്ഷനേതാവിനെക്കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കർ, പ്രമുഖ നിയമജ്ഞൻ (മുകുൾ റോഹ്തഗി) എന്നിവരാണുള്ളത്. Content Highlights:Lokpal, Supreme court
from mathrubhumi.latestnews.rssfeed https://ift.tt/2CBF78H
via
IFTTT
No comments:
Post a Comment