ന്യൂഡൽഹി: വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ബാലാകോട്ടിന്റെ ചിത്രം ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. ബോംബിട്ട് ഇന്ത്യ തകർത്ത ബലാകോട്ടിലെമദ്രസാ കെട്ടിടം ഇപ്പോഴും നിലനിൽക്കുന്നു എന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് ഇന്ത്യൻ സുരക്ഷാ കേന്ദ്രങ്ങൾ. ബാലാകോട്ടിൽ ഉപയോഗിച്ചത് ലേസർ ബോംബുകൾ ആണെന്നും ഇത് കെട്ടിടങ്ങളുടെ അകത്ത് കൃത്യമായ നാശനഷ്ടമുണ്ടാക്കിയെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പ്രതികരിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എസ്-2000 വിഭാഗത്തിൽ പെടുന്ന ഇത്തരം ലേസർ ബോംബുകൾ ലക്ഷ്യസ്ഥാനത്ത് നുഴഞ്ഞ് കയറി ഉള്ളിൽ സ്ഫോടനം നടത്താൻ ശേഷിയുള്ളവയാണ്. ഫെബ്രുവരി 26ന് നടന്ന വ്യോമാക്രമണത്തെ കുറിച്ച് സർക്കാർ കൃത്യമായ വിവരം നൽകിയിരുന്നു. വ്യോമാക്രമണത്തിന് ശേഷം വ്യോമസേന സ്വകാര്യ സാറ്റലൈറ്റ് ഏജൻസികളിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ച് ആക്രമണത്തിന്റെ വ്യാപ്തി പരിശോധിച്ചിരുന്നു. ഈ തെളിവുകൾ വ്യോമസേന പിന്നീട് സർക്കാറിനും കൈമാറി. ബാലാകോട്ട് മദ്രസാ സൈറ്റിലെ ആറോളം കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് സാൻഫ്രാൻസിസ്കോ കേന്ദ്രമായുള്ള പ്ലാനറ്റ് ലാബ്സ് എന്ന ഏജൻസി മാർച്ച് നാലിന് നൽകിയ ചിത്രങ്ങളിലുള്ളത്. ചിത്രങ്ങളിൽ കെട്ടിടങ്ങളിലെ മേൽക്കൂരകളോ ചുവരുകളോ തകർന്നതോ കടപുഴകിയ മരങ്ങളോ ഒന്നും ദൃശ്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും വലിയ വിവാദങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. സർക്കാർ വൃത്തങ്ങൾ 350 ഭീകരർ കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോൾ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ 250 എന്ന് പറഞ്ഞതും വിവാദങ്ങൾക്ക് കാരണമായി. ഇന്ത്യ ബോംബ് ഇട്ടത് ആൾതാമസമില്ലാത്ത വനത്തിലാണെന്നും ഓപ്പറേഷൻ പരാജയമാണെന്നുമാണെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം. വ്യോമാക്രമണം നടത്തുകയണ് തങ്ങൾ ചെയ്തതെന്നും മരിച്ചവരുടെ കണക്കെടുക്കൾ തങ്ങളുടെ ജോലിയല്ലെന്നുമായിരുന്നു വ്യോമസേനയുടെ നിലപാട്. ആവശ്യമായ തെളിവുകൾ തങ്ങൾ സർക്കാരിന് നൽകിയിട്ടുണ്ടെന്നും വ്യോമസേന തലവൻ വ്യക്തമാക്കിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ ബലാകോട്ട് ആക്രമണത്തിലെ തെളിവുകൾ ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ് സർക്കാർ. content highlights:Laser Bombs Caused 'Internal Damage' in BalakotSay Sources
from mathrubhumi.latestnews.rssfeed https://ift.tt/2Hjador
via
IFTTT
No comments:
Post a Comment