ലാഹോർ: ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുണ്ടായ സംഘർഷത്തിന് പിന്നാലെ താറുമാറായ പാകിസ്താനിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് നീങ്ങുന്നു. ലാഹോർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഞായറാഴ്ച പുനഃസ്ഥാപിച്ചതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 72 മണിക്കൂറുകൾക്ക് ശേഷമാണ് ലാഹോറിൽനിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ പാക് അധികൃതർക്ക് കഴിഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്താൻ തങ്ങളുടെ വ്യോമപാത അടയ്ക്കുകയുംവിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തത്. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ വിമാനത്താവളങ്ങളുടെയെല്ലാം പ്രവർത്തനം അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കേണ്ടിവന്നു. ഇതേത്തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർക്കാണ് ദുരിതം അനുഭവിക്കേണ്ടിവന്നത്. അതിനിടെ, കറാച്ചി, ഇസ്ലാമാബാദ്, പെഷവാർ, ക്വെറ്റ വിമാനത്താവളങ്ങളുടെ പ്രവർത്തനം കഴിഞ്ഞ ദിവസം പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, മുൾട്ടാൻ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇനിയും പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളങ്ങൾ അടയ്ക്കേണ്ടി വന്നതിനെത്തുടർന്ന് 700 ഓളം ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവീസുകളാണ് മൂന്ന് ദിവസത്തിനിടെ റദ്ദാക്കേണ്ടിവന്നത്. ന്യൂഡൽഹിയിലേക്കുള്ള വിമാന സർവീസടക്കം മുടങ്ങിയിരുന്നു. കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പാകിസ്താൻ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണ് ഭീകരാക്രമണം നടത്തിയത്. ഇതിനു പിന്നാലെ ഇന്ത്യൻ വ്യോമസേന പാക് ഭീകര കേന്ദ്രങ്ങൾക്കുനേരെ വ്യോമാക്രമണം നടത്തി. തുടർന്ന് പാക് യുദ്ധവിമാനങ്ങളും അതിർത്തി ലംഘനം നടത്തി. പാക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൻ യുദ്ധവിമാനം തകർന്നുവീഴുകയും വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ പാക് സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അഭിനന്ദനെ മണിക്കൂറുകൾക്കകം ഇന്ത്യയ്ക്ക് കൈമാറേണ്ടിവന്നു. സംഘർഷാവസ്ഥയ്ക്കിടെയാണ് പാകിസ്താനിലെ വ്യോമഗതാഗതം താറുമാറായത്. Content Highlights:Pakistan, Flight Operations, Lahore Airport
from mathrubhumi.latestnews.rssfeed https://ift.tt/2XADdO9
via
IFTTT
No comments:
Post a Comment