മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എ മാരുമായി ഒരുങ്ങുന്ന സിപിഎം മുസ്ലീംലീഗിന് ശക്തമായ സ്വാധീനമുള്ള മലപ്പുറത്ത് പരീക്ഷണാര്‍ത്ഥം നിയോഗിക്കുന്നത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിനെ. സിപിഎം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും ചെറുപ്പവും പുതുമുഖവും വി.പി. സാനുവാണ്. മലപ്പുറത്ത് സിപിഎം ചാവേര്‍ എന്ന നിലയിലാണ് സാനു വരുന്നതെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ച് നടത്തിയ സമരപാരമ്പര്യം മണ്ഡലത്തില്‍ സാനുവിന് ചാലകശക്തിയായി മാറുന്നത്.
ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിക്കാന്‍ എത്തുമ്പോള്‍ എസ്എഫ്‌ഐ യുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ നാട്ടുകാരന്‍ എന്ന അംഗീകാരം കൂടി സാനുവിനുണ്ടാകും. എസ്എഫ്‌ഐ ദേശീയാദ്ധ്യക്ഷനായി നിന്നുകൊണ്ട് അദ്ദേഹം അടുത്തകാലത്തായി നടത്തിയ അഭിപ്രായ പ്രകടനങ്ങളും സമരങ്ങളും തന്നെയാണ് സിപിഎം സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചതും.
കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാമിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദിവസങ്ങളോളം നീണ്ടു നിന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് വി പി സാനുവായിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരേ നടത്തിയ അഭിപ്രായ പ്രകടനങ്ങളും നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമയിലെ വനിതാ സംഘടനയ്ക്ക് നല്‍കിയ പൂര്‍ണ്ണ പിന്തുണയും ശ്രദ്ധനേടി. അഖിലേന്ത്യാ നേതാവ് എന്ന നിലയില്‍ സാനു നടത്തിയ പ്രവര്‍ത്തനം വടക്കേ ഇന്ത്യയിലും എസ്എഫ്‌ഐയുടെ കരുത്തു കൂട്ടി.
മലപ്പുറത്തെ വാളാഞ്ചേരി സ്വദേശിയായ സാനു സിപിഎമ്മിന്റെ ബാലസംഘടനയിലൂടെയാണ് വളര്‍ന്നത്. കമ്യൂണിസ്റ്റ് പാരമ്പര്യം കുടുംബത്തില്‍ നിന്നു തന്നെ പകര്‍ന്നു കിട്ടിയതായിരുന്നു. പിതാവ് വി പി സഖറിയ സിപിഎം മലപ്പുറം ജില്ലാക്കമ്മറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. മലപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വാളാഞ്ചേരി വിഎസ്എസിലുമായിട്ടാണ് സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ കാലം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്ന സാനു എംഇഎസ് കെവീയെം കോളേജില്‍ ബികോം ബിരുദവും കാലടി ശ്രീ ശങ്കരാചാര്യയില്‍ നിന്നും എംഎസ്ഡബ്‌ള്യൂവും നേടി.
നിലവില്‍ സിപിഎമ്മിന്റെ മലപ്പുറം ജില്ലാക്കമ്മറ്റി അംഗം കൂടിയായ സാനുവിന് പക്ഷേ മലപ്പുറത്ത് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരിക. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് എതിരാളി. ഉണ്ടായ കാലം മുതല്‍ ഭൂരിപക്ഷവും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിന്ന മണ്ഡലത്തില്‍ ഇ അഹമ്മദിന് 2009 ല്‍ 1,15,597 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി. 2014 ല്‍ അദ്ദേഹം വീണ്ടും മത്സരിച്ചപ്പോള്‍ നല്‍കിയത് 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് വന്ന ഉപ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോള്‍ 1,71,023 ആയിരുന്നു ഭൂരിപക്ഷം.
അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മലപ്പുറത്തെ സിപിഎമ്മിന്റെ വോട്ട് ഷെയറില്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ട് എന്നത് മാത്രമാണ് സിപിഎമ്മിന് ആശാവഹമായ ഏക കാര്യം . 2014 ല്‍ പി കെ സൈനബ മത്സരിച്ചപ്പോള്‍ കിട്ടിയ 2,42,984 വോട്ടുകള്‍ 2017 ലെ ഉപ തെരഞ്ഞെടുപ്പില്‍ എംബി ഫൈസല്‍ മത്സരിച്ചപ്പോള്‍ 3,44,307 ആയി കൂടിയിട്ടുണ്ടെന്ന് മാത്രം.
from mangalam.com https://ift.tt/2SP5aOM
via IFTTT
No comments:
Post a Comment