കടയ്ക്കൽ(കൊല്ലം) : തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെ കേരള കോൺഗ്രസ്-ബി സംസ്ഥാന ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം. വേദിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.15-നായിരുന്നു സംഭവം. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കലിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനംചെയ്തശേഷം മടങ്ങാൻ തുടങ്ങുമ്പോൾ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പ്രവർത്തകർ അദ്ദേഹത്തെ കാറിൽ കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുളത്തൂപ്പുഴയിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുത്തശേഷമാണ് അദ്ദേഹം കോട്ടുക്കലിലെത്തിയത്. ആർ.ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർച്ചയായി ചൂടേറിയ ബൾബുകളുടെ ചുവട്ടിൽ നിന്നതാണ് അസ്വാസ്ഥ്യത്തിന് കാരണമായത്. രക്തസമ്മർദത്തിൽ നേരിയ വ്യതിയാനമുള്ളതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഇ.സി.ജി. പരിശോധനയിലും കുഴപ്പമില്ല. കൊട്ടാരക്കരയിലെ വസതിയിൽ വിശ്രമത്തിലാണ് പിള്ള. കോട്ടുക്കലിൽ സമ്മേളനസ്ഥലത്ത് പോലീസ് ഉണ്ടായിട്ടും ആർ.ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ട സഹായം ലഭിച്ചില്ലെന്ന് കേരള കോൺഗ്രസ്(ബി) ആരോപിച്ചു. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായതിനാൽ ക്യാബിനറ്റ് റാങ്കുള്ളയാളാണ് പിള്ള. വേദിയിൽനിന്ന് കാറിലേക്ക് പിള്ളയെ കൊണ്ടുവരുന്നതിനോ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനോ പോലീസ് സഹായിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനോ ചികിത്സ ലഭ്യമാക്കുന്നതിനോ പോലീസ് ഇടപെട്ടില്ല. ഇതിനെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞു. വിവരമറിഞ്ഞ മകൻ കെ.ബി.ഗണേഷ്കുമാർ എം.എൽ.എ. കൊട്ടാരക്കരയിലെ വീട്ടിലെത്തിയിരുന്നു. അയിഷാപോറ്റി എം.എൽ.എ.യും പിള്ളയെ സന്ദർശിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫോണിലൂടെ വിവരങ്ങൾ ആരാഞ്ഞു. content highlights:R. Balakrishna Pillai fainted
from mathrubhumi.latestnews.rssfeed https://ift.tt/2YwZSeL
via
IFTTT
No comments:
Post a Comment