തൃശ്ശൂർ: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഹയർസെക്കൻഡറി പരീക്ഷയുടെ തലേന്ന് ഫെയ്സ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. പരീക്ഷയ്ക്കു മുന്നിൽ പതറരുത്, ചിരിച്ചുകൊണ്ട് എഴുതണം. വിസ്തരിച്ച് ഉത്തരമെഴുതണം. നല്ല മാർക്ക് കിട്ടും.എന്നാൽ ആദ്യപരീക്ഷയായ പ്ലസ്ടു രസതന്ത്രം കഴിഞ്ഞപ്പോൾ ഈ വീഡിയോയ്ക്കു താഴെ ആയിരക്കണക്കിനു വിദ്യാർഥികളുടെ കൂട്ടക്കരച്ചിലാണ് കണ്ടത്.ഇതിന് പിന്നാലെ മന്ത്രിയുടെ പേജിലെത്തിയ പോസ്റ്റുകൾക്കെല്ലാം അടിയിൽ വിലാപങ്ങൾ കമന്റുകളായി നിറയുകയാണ്. കടുകട്ടിയായ ചോദ്യങ്ങളെ നേരിട്ടശേഷമുള്ള സങ്കടവും നിരാശയും ആ കമന്റുകളിൽ തെളിഞ്ഞുനിന്നു. പതറരുത് എന്ന മന്ത്രിയുടെ ആഹ്വാനത്തിനു താഴെ പതറിയ വിദ്യാർഥികളുടെ പ്രതികരണങ്ങളാണ് വന്നുനിറയുന്നത്. പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണത്തേക്കാൾ മൂല്യനിർണയം ഉദാരമാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതൽ. പരീക്ഷ എഴുതിയവരുടെ രക്ഷിതാക്കൾ, സഹോദരങ്ങൾ എന്നിവരും സങ്കടങ്ങൾ നിരത്തിയവരുടെ കൂട്ടത്തിലുണ്ട്. മന്ത്രിയുടെ മണ്ഡലമായ പുതുക്കാട് നിയോജകമണ്ഡലത്തിലെ ചക്കാലക്കടവ് പാലത്തിന് ഭരണാനുമതി കിട്ടി എന്നറിയിക്കുന്ന പോസ്റ്റിനു താഴേയും രസതന്ത്രമാണ് മുന്നിൽ. പാലത്തിന്റെ കണക്കു നോക്കാതെ ഞങ്ങടെ കാര്യത്തിൽ തീരുമാനമാക്കൂ സർ എന്നാണ് ഇതിലൊന്ന്. രസതന്ത്രം അധ്യാപകൻ കൂടിയായ മന്ത്രിക്കെങ്കിലും ഈയൊരു ദുരവസ്ഥ മനസ്സിലാകുമെന്നു കരുതിയാണ് സങ്കടം പറയുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചോദ്യപ്പേപ്പറും മന്ത്രിയുമായി ബന്ധമൊന്നുമില്ലെങ്കിലും പരാതി പറയാൻ ഇതുതന്നെ വേദി എന്ന തിരിച്ചറിവിലാണ് ഫെയ്സ്ബുക്ക് പേജ് തിരഞ്ഞെടുത്തത്. കമന്റുകൾ ഇടുന്ന ഓരോരുത്തരും പോസ്റ്റ് ഷെയർ ചെയ്യുന്നുമുണ്ട്. പേജിന്റെ ലിങ്ക് വാട്സ് ആപ്പിലൂടെയും പ്രചരിപ്പിച്ച് പരാതി രേഖപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നുമുണ്ട്. നിവിൻ പോളി അഭിനയിച്ച ഒരു ചിത്രത്തിലെ പാട്ടായ കാണാത്ത ലോകത്ത് ചെന്നപോലെ... കൈവിട്ട് താഴത്ത് വീണ പോലെ... ഉപയോഗിച്ചുള്ള ടിക് ടോക് വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മന്ത്രിയുടെ എഫ്.ബി. പേജിലെ ചില കമന്റുകൾ ഇങ്ങനെ:- *മോഡൽ പരീക്ഷ എന്നാൽ വരാൻ പോകുന്ന പരീക്ഷയുടെ പാറ്റേൺ എന്നാണല്ലോ പറയുന്നത്. ആ പാറ്റേണിൽ അല്ലായിരുന്നതിനാൽ ഇനി മോഡൽ പരീക്ഷ എന്ന പേര് മാറ്റുന്നതാ നല്ലത്. *ഐ.എസ്.ആർ.ഒ. റേഞ്ചിലുള്ള ചോദ്യങ്ങൾ ആർക്കു വേണ്ടിയായിരുന്നു *പാറിയ കിളികൾക്ക് കണക്കില്ല *ഇക്കൊല്ലത്തെ പിള്ളേർ എന്താ അമേരിക്കയിൽനിന്നു വന്നതാണോ *അങ്ങയെപ്പോലെ ഉന്നതനിലയിൽ എത്താനാ ഞങ്ങൾ പഠിക്കുന്നത്, അത് വേണ്ടേ... *ഞങ്ങൾ ഒന്നു ജയിച്ചോട്ടെ *അങ്ങയുടെ മക്കളുടെ സ്ഥാനത്ത് ഞങ്ങളെ കാണണം. *ഞങ്ങൾ കേരളത്തിലെ സാധാരണ പിള്ളേരാ, ന്യൂട്ടണും ഐൻസ്റ്റീനും ഒന്നും അല്ല. content highlights:c raveendranath hss exam
from mathrubhumi.latestnews.rssfeed https://ift.tt/2IZm4uw
via
IFTTT
No comments:
Post a Comment