ടോം വടക്കനിലൂടെ ആയാറാം ഗയാറാം കാറ്റ് കേരളത്തിലേക്കും വീശിത്തുടങ്ങുകയാണോ? പ്രതിപക്ഷത്തുനിന്ന് കാവിപ്പാളയത്തിലേക്ക് എത്തുന്നവർക്ക് പ്രതീക്ഷയ്ക്കു വകയുണ്ടോ? സിവിൽ സർവീസിൽനിന്ന് രാജിവെച്ച്, ഇടത് പിന്തുണയോടെ നിയമസഭയിലെത്തി, ഇപ്പോൾ ബി.ജെ.പി.യുടെ കേന്ദ്രസഹമന്ത്രിക്കസേരയിലിരിക്കുന്ന അൽഫോൺസ് കണ്ണന്താനത്തിന് പറയാനുള്ളത് ... ടോം വടക്കൻ വർഷങ്ങളായി കോൺഗ്രസിന്റെ ശബ്ദമായിരുന്നു. അങ്ങനെയൊരാൾ കൂറുമാറണമെങ്കിൽ ബി.ജെ.പി.യുടെ പ്രവർത്തനം നല്ലതെന്ന് തോന്നിയതിനാലാകാം. ബി.ജെ.പി.യിലേക്ക് വരുന്നവർക്കെല്ലാം സ്ഥാനം കിട്ടില്ല. പ്രധാനമന്ത്രി വരെ കഴിവിലൂടെ എത്തിയതാണ്. ഞങ്ങളുടെ പാർട്ടി ഒരു കുടുംബസ്വത്തല്ല. അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, അത് സംസ്ഥാന നേതൃത്വമാണ് പറയേണ്ടത്. * ബി.ജെ.പി.ക്ക് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ നല്ല സ്ഥാനാർഥികളില്ല എന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ടല്ലോ? ബി.ജെ.പി.യിൽ മിടുക്കരായ നേതാക്കളുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ചർച്ച നടന്നുവരികയാണ്. ശനിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിൽ തീരുമാനമാകുമെന്ന് കരുതുന്നു. * കേരളാ കോൺഗ്രസ് എമ്മിലെ തമ്മിലടി മധ്യകേരളത്തിൽ എൻ.ഡി.എ.യ്ക്ക് പ്രയോജനം ചെയ്യുമോ? കേരളാ കോൺഗ്രസ് എമ്മിലെ തമ്മിലടി തീർച്ചയായും പ്രയോജനം ചെയ്യും. ആർക്ക് വോട്ടുചെയ്യുന്നതാണ് മെച്ചമെന്ന് ജനങ്ങൾ ചിന്തിക്കും. കോട്ടയം സീറ്റിൽ ബി.ജെ.പി.ക്ക് പ്രതീക്ഷയുണ്ട്. അവിടുത്തെ എൻ.ഡി.എ. സ്ഥാനാർഥി പി.സി. തോമസ് നേരത്തേ കഴിവുതെളിയിച്ചയാളാണ്. * ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസർ നൽകിയ നിർദേശത്തെക്കുറിച്ച്? തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശമനുസരിച്ചാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. തർക്കങ്ങളുണ്ടായേക്കാം. ചോദ്യം ചെയ്യാനുള്ള അവസരം ജനാധിപത്യം നൽകുന്നുണ്ട്. എന്നാൽ അവസാന തീരുമാനം തിരഞ്ഞെടുപ്പ് ഓഫീസറുടെതാകും. ബി.ജെ.പി. അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. * എന്തുകൊണ്ട് ജനങ്ങൾ ബി.ജെ.പി.ക്ക് വോട്ടുചെയ്യണം? മോദി സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയാൽ ജനങ്ങൾ വോട്ടുചെയ്യുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. നടപ്പിലായ കേന്ദ്രപദ്ധതികൾ നിരവധിയാണ്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് അത് നിഷേധിക്കാനാവില്ല. എന്നാൽ സംസ്ഥാനം കൂടി സഹകരിക്കേണ്ട പദ്ധതികൾ കേരളത്തിൽ അവയിൽ വളരെ പതുക്കെയാണ് നീങ്ങുന്നത്. ഉദാഹരണത്തിന്, റെയിൽവേ പാളം ഇരട്ടിപ്പിക്കലിന് സ്ഥലം എടുത്തുകൊടുക്കേണ്ടത് സംസ്ഥാനമാണ്. അത് പൂർത്തിയാക്കിയാലേ കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടാനാകൂ. ഇതുപോലുള്ള പ്രശ്നങ്ങളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2TSwwZ0
via
IFTTT
No comments:
Post a Comment