ഇത്രയും കാലത്തെ തെരഞ്ഞെടുപ്പ് ചരിത്രം ആവർത്തിക്കുമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന തെരഞ്ഞെടുപ്പാവും ഇത്തവണ നടക്കുകയെന്ന് തിരുവനന്തപുരത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മിസോറാം ഗവർണ്ണർ സ്ഥാനം രാജിവെച്ച് തിരുവന്തപുരത്ത് സ്ഥാനാർത്ഥിയായത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും ഇടതു- വലതു മുന്നണികളുടെ ഭരണത്തിൽ അവഗണിക്കപ്പെട്ട തലസ്ഥാനനഗരിയെ അതിന്റെ പ്രതാപകാലത്തേക്ക് തിരികെ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നിലയ്ക്കൽ സമരനായകൻ എന്ന ഇമേജ് നൽകുന്ന ആത്മവിശ്വാസം സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ഇടപെടലുകൾ മാത്രമേ ഞാൻ ഇതുവരെയും നടത്തിയിട്ടുള്ളൂ. പൊതുജനനന്മയെ നിലനിർത്തിയുള്ള ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യമാണ് എന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നത്. അത്തരത്തിലുള്ള നേട്ടങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കാൻ ലഭിക്കുന്ന ഒരവസരമായിക്കൂടിയായാണ് പ്രചാരണ പ്രവർത്തനങ്ങളെ കാണുന്നത്. ആ നേട്ടങ്ങൾ തന്നെയാണ് എന്റെ കൈമുതൽ. ശബരിമല വിഷയം ഏതെങ്കിലും തരത്തിൽ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നു കരുതുന്നുണ്ടോ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടുക എന്നത് ജനങ്ങളുടെ മനസിനെ ഏറെ സ്വാധീനിക്കുന്ന വിഷയമാണ്, എല്ലാ മതങ്ങളിൽ പെട്ടവർക്കും അങ്ങനെ തന്നെ. അത് ജനങ്ങളുടെ സ്വകാര്യ ആവശ്യമാണ്. വിശ്വാസത്തിന് കോട്ടം തട്ടുന്നത് അവരിൽ അങ്കലാപ്പും ആവലാതിയും സൃഷ്ടിക്കും. അതാണ് നമ്മൾ ശബരിമല വിഷയത്തിൽ കണ്ടത്. വിശ്വാസ സംരക്ഷണം എന്ന ജനങ്ങളുടെ ആവശ്യം നേടിയെടുക്കാനും സംരക്ഷിക്കാനും ഞാൻ അവർക്കൊപ്പമുണ്ടാകും എന്ന ഉറപ്പാണ് എനിക്ക് ജനങ്ങൾക്ക് നൽകാനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് വർദ്ധന നൽകുന്ന ആത്മവിശ്വാസം എത്രത്തോളമാണ് ദിവസം കഴിയുന്തോറും വർധിച്ചു വരുന്ന ജനപിന്തുണയാണ് കേരളത്തിൽ ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നത്. വിശ്വാസസംരക്ഷണത്തിനായി അചഞ്ചലമായി നിലകൊണ്ട ബി.ജെ.പി.യുടെ നിശ്ചയദാർഢ്യവും കേന്ദ്രത്തിൽ മോദി സർക്കാർ സാധാരണക്കാർക്കായി കൊണ്ടുവന്ന നിരവധി പദ്ധതികളും എല്ലാം ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. മോദി സർക്കാരിന്റെ ഭരണകാലത്താണ് ഭാരതം ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയർന്നു വന്നത് എന്നതുമൊക്കെ ജനങ്ങൾ കാണുന്നുണ്ട്. ഭാരതത്തിന്റെ സുരക്ഷയുടെ കാര്യത്തിലാണെങ്കിലും അത് കാണാനാവും. ഭക്ഷണം, വെള്ളം, ആരോഗ്യം, പാർപ്പിടം, തൊഴിൽ എന്നാ മേഖലകളിലെല്ലാം മോദി സർക്കാർ ചെലുത്തുന്ന ശ്രദ്ധ വളരെ വലുതാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗത്തിൽ പെട്ട് ആളുകൾക്കും തുല്യമായ രീതിയിലാണ് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ എത്തിയിട്ടുള്ളത്. ഇതൊക്കെ ജനങ്ങളെ വളരെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെയൊക്കെ അനന്തരഫലമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ നമ്മൾ കാണാൻ പോകുന്നത്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർത്ഥിയാകാൻ ക്ഷണിച്ച കോൺഗ്രസ് നയത്തെ എങ്ങനെ വിലയിരുത്തുന്നു രണ്ടാമതൊരു മണ്ഡലം തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ആദ്യം രാഹുൽ ഗാന്ധി വ്യക്തമാക്കണം, അത് ജനങ്ങളോട് വിശദീകരിക്കണം. അമേഠിയിൽ കോൺഗ്രസിന്റെ പതനം കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ നമ്മൾ കണ്ടതാണ്. ഇപ്പോൾ സ്മൃതി ഇറാനിക്ക് ലഭിക്കുന്ന വലിയ തോതിലുള്ള ജനപിന്തുണയും നമ്മൾ കാണുന്നുണ്ട്. ഈ സാഹചര്യമാണോ രാഹുലിനെ കേരളത്തിലെ ഒരു മണ്ഡലത്തിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത് എന്നത് അദ്ദേഹം ജനങ്ങളോട് വ്യക്തമാക്കണം. മറ്റൊന്ന്, ഇതേ വിഷയത്തിൽ സി.പി.എമ്മിന്റെ പ്രതികരണമാണ്. വയനാട് പോലെ ഒരു മണ്ഡലത്തിൽ വന്ന് മത്സരിക്കാൻ വേണ്ടി സി.പി.എമ്മിനോട് എന്താണ് ശത്രുത എന്നാണ് അവർ ചോദിക്കുന്നത്. ഇരുമുന്നണികളും സൗഹൃദത്തിലാണ് എന്നും ഇത്തരത്തിൽ ഒരു മത്സരത്തിന്റെ ആവശ്യമില്ല എന്നുള്ളതിന്റെയും തെളിവായി വേണം ഈ ആവലാതിയെ കാണാൻ. ഇതു രണ്ടും നമ്മൾ കൂട്ടിവായിക്കണം. ഇവർക്ക് ഒരു പൊതു ശത്രുവേയുള്ളൂ, അത് ബി.ജെ.പി. ആണ്. ഇവിടെ ഇടതു പക്ഷത്തിന്റെ നിലപാട് കൂടി വ്യക്തമാക്കേണ്ടതുണ്. ഇതിനൊക്കെയും രാഷ്ട്രീയമാനങ്ങളുണ്ട്, അവ രാഷ്ട്രീയമണ്ഡലത്തിൽ ഉണ്ടാക്കുന്ന ചലനങ്ങളുണ്ട്. ഇവയെല്ലാം വിലയിരുത്തുന്ന സന്ദർഭത്തിൽ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പരാജയമായി വേണം ഈ സംഭവത്തെ വിലയിരുത്താൻ. മിസോറാം ഗവർണ്ണർ സ്ഥാനം രാജിവെച്ച്് നാട്ടിലേയ്ക്കുള്ള വരവ് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു... കേരളത്തിലെ ഇന്നത്തെ സാമൂഹിക അവസ്ഥ, എന്റെ നാടിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി എന്തെങ്കിലും ചെയ്യാൻ ഏറ്റവും ഉചിതമായ സാഹചര്യം ഇപ്പോഴാണ് എന്ന തിരിച്ചറിവാണ് മിസോറാം ഗവർണർ എന്ന ഉയർന്ന ഭരണഘടനാ പദവി വിട്ട് കേരളത്തിലേക്ക് തിരികെ വരാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ആ നാടിനോടുള്ള വിധേയത്വം കാണിക്കാനും നാടിനെ നയിക്കാനുള്ള മാനസികാവസ്ഥ പ്രകടമാക്കേണ്ടതുമായ സന്ദർഭമാണ് ഒരു തെരഞ്ഞെടുപ്പു കാലത്ത് നമുക്ക് ലഭിക്കുന്നത്. കഴിഞ്ഞ എത്രയോ വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുന്ന നമ്മുടെ തലസ്ഥാനത്തെ ഇന്ത്യയിലെ മറ്റെല്ലാ തലസ്ഥാനനഗരത്തോടും കിടപിടിക്കുന്ന തരത്തിൽ ഉയർത്തിക്കൊണ്ടു വരിക എന്നതാണ് എന്റെ ലക്ഷ്യം. തലസ്ഥാന നഗരത്തെ മാത്രമല്ല നഗരത്തിനപ്പുറമുള്ള ഗ്രാമപ്രദേശങ്ങളിലും സമസ്ത മേഖലകളിലും വികസനം എത്തിക്കും എന്ന ഉറപ്പാണ് എനിക്ക് എന്റെ വോട്ടർമാർക്ക് നൽകാനുള്ളത്. ശശി തരൂർ സി. ദിവാകരൻ- ഈ എതിരാളികളെക്കുറിച്ച്... കുറച്ച് പഴഞ്ചൻ വാഗ്ദാനങ്ങൾ മാത്രമാണ് ശശി തരൂരിനും സി. ദിവാകരനും ഇപ്പോഴും ജനങ്ങൾക്ക് നൽകാനുള്ളത്. അവരുടെ രണ്ടുപേരുടേയും മുന്നണികളും കേരളം ഭരിച്ചിട്ടുണ്ട്. തലസ്ഥാനത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്കു കാരണം ഈ രണ്ടു മുന്നണികളും തന്നെയാണ്. അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ശശി തരൂരിനും സി. ദിവാകരനും ഒഴിഞ്ഞുമാറാനാകില്ല, ജനങ്ങളോട് ഇതിന് അവർ മറുപടി പറഞ്ഞേ മതിയാവൂ. കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് ഇവിടെ പദ്ധതികൾ നടപ്പാക്കുന്നത് ഒരിക്കലും എം.പി.യുടെ കഴിവല്ല. തിരുവനന്തപുരത്തെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അഞ്ച് വർഷത്തേക്കായി ഏകദേശം 550 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. അതിന്റെ പകുതി കൂടി വികസനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ ശശി തരൂരിന് കഴിഞ്ഞിട്ടില്ല. പിന്നെന്ത് ട്രാക്ക് റെക്കോഡാണ് അദ്ദേഹത്തിന് പറയാനുള്ളത്. ശരിയായ രീതിയിൽ മാലിന്യ സംസ്കരണമെങ്കിലും നടക്കുന്നുണ്ടോ ഇവിടെ. പാർവതീ പുത്തനാറിന്റെ വിഷയം, വിമാനത്താവളത്തിന്റെ വിഷയം, മെട്രോ റെയിലിന്റെ വിഷയം, ഹൈക്കോടതി ബെഞ്ചിന്റെ വിഷയം... ഇതിലൊന്നും ജനങ്ങൾക്ക് പ്രയോജനകരമായി ഒരു തീർപ്പുണ്ടാക്കാൻ ഇതുവരെ ഭരിച്ച ആർക്കും കഴിഞ്ഞിട്ടില്ലല്ലോ. വികസന മുരടിപ്പും ജനങ്ങൾക്ക് വിനാശങ്ങളും മാത്രം സമ്മാനിച്ചവരാണ് ഇവിടെ ഇതുവരെ ഭരിച്ച എൽ.ഡി.എഫ്. - യു.ഡി.എഫ്. മുന്നണികൾ. ജനങ്ങൾ വലിയ തോതിലുള്ള മാറ്റം ആഗ്രഹിക്കുന്നുണ്ട്, അതിന്റെ തെളിവാണ് പ്രചാരണത്തിനായി ചെല്ലുന്നയിടങ്ങളിൽ നിന്നെല്ലാം എനിക്ക് ലഭിക്കുന്ന ഇത്ര വലിയ സ്വീകാര്യതയ്ക്കുള്ള കാരണം. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു സാധ്യത ഉണ്ടാവുകയും താങ്കൾ സ്ഥാനാർത്ഥിയാവുകയും ചെയ്താൽ... ജയിക്കുകയും ചെയ്യും.... അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ തീർച്ചയായും ജയിക്കും പക്ഷേ അങ്ങനെ ഒരു സാഹചര്യം എന്തായാലും ഉണ്ടാകാൻ പോകുന്നില്ല, കാരണം വടകരയിൽ കെ. മുരളീധരൻ തോൽക്കുക തന്നെ ചെയ്യും. പിന്നെ എന്തിനാണ് വട്ടിയൂർക്കാവിൽ ഒരു ഉപതെരഞ്ഞെടുപ്പ്. എല്ലാക്കാലവും വോട്ട് ചെയ്തവർ ഇത്തവണയും വോട്ട് ചെയ്യും എന്നു വിചാരിച്ചിരിക്കുന്ന കോൺഗ്രസുകാരുടെയും കമ്യൂണിസ്റ്റ്കാരുടെയും കണക്കുകൂട്ടലുകളെല്ലാം ഇത്തവണ തെറ്റും. ഇതുവരെയും ജയിപ്പിച്ചു എന്നതുകൊണ്ടുതന്നെ ഇനിയും ജയിപ്പിച്ചുകൊള്ളും എന്നൊന്നും പറയാനാകില്ല. വോട്ടർമാർ ആർക്കും അങ്ങനെ ഒരു വാക്കും നൽകിയിട്ടില്ല. കാലം മാറി, ജനങ്ങളുടെ കാഴ്ചപ്പാടുകൾ മാറി, അവരുടെ ചിന്താഗതികൾ മാറി, അവരുടെ താൽപര്യങ്ങൾ മാറി, അജണ്ടകൾ മാറി... അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകളെ മുൻനിർത്തി ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നമുക്ക് വിലയിരുത്താനാവില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2uzpmuo
via
IFTTT
No comments:
Post a Comment