ഉത്തരവിറക്കാൻ വൈകി; പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

ഉത്തരവിറക്കാൻ വൈകി; പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി

തിരുവനന്തപുരം: കർഷകരുടെ എല്ലാ വായ്പകളിന്മേലും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി. ഉത്തരവ് പുറപ്പെടുവിക്കാൻ വൈകിയതാണ് വിനയായത്. തിരഞ്ഞെടുപ്പിനുശേഷമേ ഇനി മൊറട്ടോറിയം ബാധകമാക്കി ഉത്തരവിറക്കാനാവൂ. ഇക്കാലയളവിൽ ബാങ്കുകൾക്ക് ജപ്തിനടപടികളുമായി മുന്നോട്ടുപോകാൻ നിയമതടസ്സമില്ല. ഇതേ മന്ത്രിസഭാ യോഗത്തിലെടുത്ത, പതിച്ചുനൽകിയ ഭൂമിയിൽ ഖനനത്തിന് കളക്ടർക്ക് അനുമതി നൽകാമെന്ന ഉത്തരവ് മൂന്നാംദിവസംതന്നെ ഇറക്കിയപ്പോഴാണ് മൊറട്ടോറിയം ഉത്തരവ് വൈകിച്ചതും സാങ്കേതികക്കുരുക്കിലായതും. കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ, മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗമാണ് പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്ന് കർഷകരെടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചത്. മന്ത്രിസഭായോഗ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉത്തരവായി ഇറങ്ങണമെന്നാണ് ചട്ടം. എന്നാൽ, ഇക്കാര്യത്തിൽ അതുണ്ടായില്ല. മാർച്ച് പത്തിന് വൈകീട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മന്ത്രിസഭാതീരുമാനം ഉത്തരവാക്കാൻ അഞ്ചുദിവസം ലഭിച്ചിട്ടും കഴിഞ്ഞില്ല. സ്ക്രീനിങ് കമ്മിറ്റിയും കനിഞ്ഞില്ല പെരുമാറ്റച്ചട്ടലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉത്തരവിറക്കാമെന്ന കുറിപ്പോടെയാണ് റവന്യൂ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഫയൽ അയച്ചത്. എന്നാൽ, തീരുമാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ എടുത്തതായതിനാൽ പെരുമാറ്റച്ചട്ട സ്ക്രീനിങ് കമ്മിറ്റിക്ക് വിടാൻ സർക്കാർ നിർദേശിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പൊതുഭരണവകുപ്പ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സ്ക്രീനിങ് കമ്മിറ്റി. എല്ലാ തിങ്കളാഴ്ചയും ഈ കമ്മിറ്റി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി ചീഫ് ഇലക്ടറൽ ഓഫീസർക്ക് അയക്കേണ്ട ഫയലുകളെക്കുറിച്ച് തീരുമാനമെടുക്കും. തിങ്കളാഴ്ച ചേർന്ന സ്ക്രീനിങ് കമ്മിറ്റി മോറട്ടോറിയം ഫയൽ അനുമതിക്ക് അയക്കേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നിൽ ഈ ഫയൽ എത്തില്ലെന്ന് ഉറപ്പായി. ഇനി തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞേ ഉത്തരവിറക്കാനാകൂ. അതുവരെ മൊറട്ടോറിയം ബാധകമാകില്ല. പ്രളയത്തെതുടർന്ന് പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്ന് കാർഷിക വായ്പയിന്മേലുള്ള ജപ്തിനടപടികൾക്ക് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിവൃത്തിയില്ലാതെ കർഷകർ മറ്റ് വായ്പകളെടുക്കുകയും അത് മുടങ്ങുകയും ചെയ്തപ്പോൾ ബാങ്കുകൾ ജപ്തി തുടങ്ങി. കർഷക ആത്മഹത്യയിലേക്ക് ഇത് നയിച്ചപ്പോഴാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഉത്തരവിറക്കാനാവില്ല തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെടുത്ത തീരുമാനമാണെങ്കിലും വോട്ടർമാരെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഉത്തരവിറക്കരുതെന്ന വ്യക്തമായ നിർദേശമാണ് മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലുള്ളത്. കർഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത് മുമ്പാണെങ്കിലും ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞേ ഉത്തരവിറക്കാനാകൂ. -ഡോ. വി. വേണു, റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി content highlights: moratorium,farm loan, Kerala,election commission


from mathrubhumi.latestnews.rssfeed https://ift.tt/2UEaqXf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages