കുര്‍ബാനപ്പണം വേണ്ടെന്ന് വച്ച് ഒരു വൈദികന്‍; പള്ളിയിലെ പണമിടപാടുകള്‍ കൈക്കാരന്മാര്‍ക്ക് വിട്ടുകൊടുത്തു; എതിര്‍പ്പറിയിച്ചുള്ള ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വൈദികനെ സഭ റാഞ്ചിയിലേക്ക് സ്ഥലംമാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

കുര്‍ബാനപ്പണം വേണ്ടെന്ന് വച്ച് ഒരു വൈദികന്‍; പള്ളിയിലെ പണമിടപാടുകള്‍ കൈക്കാരന്മാര്‍ക്ക് വിട്ടുകൊടുത്തു; എതിര്‍പ്പറിയിച്ചുള്ള ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വൈദികനെ സഭ റാഞ്ചിയിലേക്ക് സ്ഥലംമാറ്റി

കൊച്ചി: പ്രത്യേക നിയോഗങ്ങള്‍ക്കുള്ള കുര്‍ബാനയുടെ പണം തനിക്ക് ആവശ്യമില്ലെന്ന് വ്യക്തമാക്കി ഒരു വൈദികന്‍. കുര്‍ബാന ചെല്ലിക്കേണ്ടവര്‍ തന്റെ പക്കലുള്ള ഡയറിയില്‍ പേര് എഴുതി വയ്ക്കണം. ആ പണം തനിക്ക് ആവശ്യമില്ല. പണം നേര്‍ച്ചപ്പെട്ടിയില്‍ ഇടുകയോ പാവങ്ങള്‍ക്ക് നേരിട്ട് കൊടുക്കുകയോ ചെയ്യാമെന്നും വൈദികന്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ കടവന്ത്ര സെന്റ് ജോസഫ് പള്ളിയില്‍ പുതുതായി ചുമതലയേറ്റ ഡോ.ബെന്നി മാരാംപറമ്പില്‍ ആണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ നടത്തിയ ആദ്യ കുര്‍ബാനയ്ക്കിടെയായിരുന്നു അച്ചന്‍ ഇക്കാര്യം അറിയിച്ചത്.

കൂടാതെ, പള്ളിയിലെ കണക്കുകള്‍ താന്‍ ആയിരിക്കില്ല നോക്കുന്നതെന്നും ഇനി മുതല്‍ പള്ളിയിലെ പണം സംബന്ധിച്ച ഇടപാടുകള്‍ കൈക്കാരന്മാരുടെ ചുമതല ആയിരിക്കുമെന്നും വൈദികന്‍ പറഞ്ഞു. കുര്‍ബാനയ്ക്കിടെ പണം സംബന്ധിച്ച അറിയിപ്പുകള്‍ വായിക്കുന്നത് കൈക്കാരന്‍ ആയിരിക്കും. കുടുംബ യൂണിറ്റ് സംബന്ധമായ അറിയിപ്പുകള്‍ വൈസ് ചെയര്‍മാന്‍ ആയിരിക്കും നടത്തുക എന്നും വൈദികന്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ സന്ദേശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ ഈ സന്ദേശം ലൈക്ക് ചെയ്യുകയും ആയിരക്കണക്കിന് ഷെയറും കമന്റും ഈ പോസ്റ്റിട്ട വ്യക്തിക്ക് ലഭിച്ചു. അതില്‍ ഭുരഭാഗവും വൈദികനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു.

അതിനിടെയാണ് ഫാ.ബെന്നിയുടെ നിലപാടിനെ വിമര്‍ശിച്ച് ഫാ.തോമസ് മണിയന്‍കേരിക്കളം ഒ.ഡി.ഡി രംഗത്തെത്തി. ഫാ.ബെന്നിയെ ഫോണില്‍ വിളിച്ച് കുര്‍ബാനപ്പണം വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയും അച്ചന്റെ നടപടി കാനോന്‍ നിയമത്തിന്റെ ലംഘനമാണെന്നും ആരോപിച്ചു. രൂക്ഷമായ വിമര്‍ശനമാണ് പിന്നീട് ഫോണിലൂടെ അറിയിച്ചത്. അച്ചന്റെ സന്ദേശം ജനം തെറ്റായാണ് ധരിച്ചിരിക്കുന്നതെന്നും എത്രയും വേഗം തിരുത്തി പ്രതികരിക്കണമെന്നും ഫാ.തോമസ് ആവശ്യപ്പെട്ടു. തിരുത്താല്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ ചിലര്‍ക്ക് ഇടപെടേണ്ടിവരുമെന്നുവരെ ഫാ.തോമസ് പറഞ്ഞു.

എന്നാല്‍ താന്‍ കുര്‍ബാനയുടെ പണം നേരത്തെ മുതല്‍ വാങ്ങാറില്ലെന്നും നിയോഗം ഡയറിയില്‍ എഴുതിയിടുന്ന കുര്‍ബാന നിയോഗം താന്‍ ചൊല്ലിക്കൊള്ളാമെന്നാണ് പറഞ്ഞതെന്നും ഫാ.ബെന്നി പറയുന്നുണ്ട്. എന്നാല്‍ ഫാ.തോമസ് ഇതിനൊന്നും ചെവികൊടുക്കാന്‍ തയ്യാറായിരുന്നില്ല. കാനോന്‍ നിയമം വച്ചായിരുന്നു ഫാ.തോമസിന്റെ പ്രതികരണം.

'നമ്മള്‍ കത്തോലിക്കാ വൈദികര്‍ക്ക് നല്ലൊരു ശതമാനത്തിന് അറിവില്ല. തിയോജളി അറിയില്ലെന്നും എന്തെങ്കിലും എവിടെന്നെങ്കിലും പഠിച്ചിട്ട് വന്നിട്ട് ജനങ്ങുടെ മേല്‍ മെക്കിട്ടുകേറുന്നവരാണ്. അച്ചന്‍ കാനോന്‍ നിയമം വിദഗ്ധരോട് സംസാരിക്കണമെന്നും കത്തോലിക്കാ സഭയെ മണ്ടരാക്കരുത്. അച്ചന്‍ ഇങ്ങനെ പറഞ്ഞുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇത്തരം പൊട്ടത്തരങ്ങള്‍ അച്ചന്റെ പേരില്‍ പ്രചരിക്കുന്നതിന് തിരുത്ത് കൊടുക്കണം'- ഫാ.തോമസ് ആവശ്യപ്പെടുന്നു. ആവേശത്തിന്റെ പുറത്ത് ഒന്നും പറയാന്‍ പാടില്ലെന്നും കാനോന്‍ നിയമം പാലിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

തന്റെ പ്രതികരണം പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഫാ.ബെന്നി പറയുമ്പോള്‍ അത് എന്തു പറഞ്ഞാലും കാനോന്‍ നിയമം അടിസ്ഥാനമാക്കിയായിരിക്കണമെന്നും ഫാ.തോമസ് നിര്‍ബന്ധം പിടിക്കുന്നു. എന്നാല്‍ താന്‍ കാനോന്‍ നിയമത്തെ കുറിച്ചല്ല, തന്റെ നിലപാടിനെ കുറിച്ചാണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ഫാ. ബെന്നി പറയുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാന്‍ ഫാ.തോമസ് തയ്യാറായില്ല. ജനത്തിന്റെ കയ്യടി വാങ്ങാന്‍ ഇങ്ങനെയൊന്നും ചെയ്യരുതെന്നാണ് ഫാ.തോമസിന്റെ ഉപദേശം.

കുര്‍ബാനപ്പണത്തിന്റെ കണക്കാണ് ഒരു വൈദികവൃത്തിയിലെ ഏറ്റവും വലിയ പാപം. ഒരു വൈദികന്‍ മരിച്ചാല്‍ അരമനയില്‍ നിന്ന് വന്ന് ആദ്യം പരിശോധിക്കുന്നത് ഡയറിയില്‍ എത്ര കുര്‍ബാന ചൊല്ലാതെ അവശേഷിക്കുന്നു എന്നതാണ്. അതിന് കോടാലി വയ്ക്കുന്ന പ്രചാരണമാണ് ജനം നല്‍കുന്നത്. പാവപ്പെട്ട അച്ചന്മാരും ഉണ്ട്. ജീവിതത്തെ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുണ്ട്. അവര്‍ക്കും കൂടിയാണ് കുര്‍ബാന പണം വച്ചിരിക്കുന്നതെന്നും ഫാ.തോമസ് പറയുന്നു.

പള്ളിയിലെ പണത്തിന്റെ കണക്ക് പള്ളയില്‍ അറിയിക്കാന്‍ ഏല്പിക്കുന്നതിനെയും ഫാ.തോമസ് വിമര്‍ശിക്കുന്നു. കൈക്കാരന്മാര്‍ പറയുന്നതുകൊണ്ടല്ല, അച്ചന്‍ പറയുന്നതുകൊണ്ടാണ് പള്ളി പണിക്കും മറ്റു കാര്യങ്ങള്‍ക്കും പണം കിട്ടുന്നത്. നമ്മുടെ ജനത്തിന് വിശ്വാസം അച്ചന്മാരിലാണ്-ഫാ.തോമസ് കൂട്ടിച്ചേര്‍ത്തു.

എറണാകുളം കണ്ണംകുളത്തുള്ള ഒ.സി.ഡി (ഡിസ്‌കാല്‍സ്ഡ് കാര്‍മ്മലൈറ്റസ് ഓര്‍ഡര്‍ ) ആശ്രമത്തിലെ വൈദികനാണ് ഫാ.തോമസ്. ഫാ.ബെന്നിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡ് ഇദ്ദേഹം തന്നെ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇതിനെതിരെ അതിരൂപതയിലെ വിശ്വാസികളില്‍ നിന്ന് വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ചതോടെ ഒ.സി.ഡി സഭ ഫാ.തോമസിനെ റാഞ്ചിയിലേക്ക് സ്ഥലം മാറ്റി. കൂടാതെ ഒ.സി.ഡി പ്രൊവിന്‍ഷ്യാള്‍ പ്രത്യേക ദൂതനെ അയച്ച് ഫാ.ബെന്നി മാരാംപറമ്പിലിനോട് ഖേദവും പ്രകടിപ്പിച്ചു.

പ്രത്യേക നിയോഗങ്ങള്‍ക്കുള്ള കുര്‍ബാനയ്ക്ക് 100 രൂപയാണ് ഫീസ്. ഒരു ദിവസം എത്ര കുര്‍ബാനകള്‍ ഉണ്ടെങ്കിലും ഒരെണ്ണത്തിന്റെ പണം മാത്രമാണ് വൈദികന് അര്‍ഹതയുള്ളത്. മറ്റു കുര്‍ബാനകളുടെ പണം രൂപതയ്ക്ക് നല്‍കണം. പ്രതിമാസം ഇത്തരത്തില്‍ ഒരു വൈദികന് 3000 രൂപ വരെ എടുക്കാം. എന്നാല്‍ തനിക്ക് ആ പണം വേണ്ടെന്നും അതിരൂപത പ്രതിമാസ അലവന്‍സ് ആയി നല്‍കുന്ന 11,000 രൂപ തനിക്ക് ഉപജീവനത്തിന് തികയുന്നുണ്ടെന്നുമാണ് ഫാ.ബെന്നി മാരാംപറമ്പില്‍ പ്രതികരിച്ചത്. ഈ പള്ളിയില്‍ മാത്രമല്ല, മൂന്‍പ് ചുമതല വഹിച്ച പള്ളികളില്‍ എല്ലാം ഈ നിലപാടാണ് താന്‍ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം അങ്കമാലി അതിരുപതയെ പിടിച്ചുകുലുക്കിയ ഭൂമി കുംഭകോണത്തെ കുറിച്ച് അന്വേഷിക്കാന്‍ അതിരൂപത നിയോഗിച്ച കമ്മീഷന്റെ കണ്‍വീനറായിരുന്നു ഫാ. ബെന്നി മാരാംപറമ്പില്‍. ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയച്ചുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ അതിരൂപതയുടെ പ്രശ്‌നത്തില്‍ നടപടി സ്വീകരിച്ചത്.

അതിനിടെ, ഫാ.ബെന്നിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ഓഡിയോ പ്രചരിപ്പിച്ച ഫാ.തോമസിനെിരെ നടപടി സ്വീകരിച്ച ഒ.സി.ഡി സഭാ നേതൃത്വത്തിന്റെ നിലപാടിനും സോഷ്യല്‍ മീഡിയില്‍ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒ.സി.ഡി സഭയിലെ ഒരംഗത്തിന്റെ തെറ്റിനെ പ്രൊവിഷ്യാള്‍ കൈകാര്യം ചെയ്തത രീതിയാണ് വിശ്വാസികള്‍ക്കിടയില്‍ പ്രശംസ പിടിച്ചുപറ്റിയത്.

'ഒരു സന്യാസ സഭയുടെ പ്രൊവിഷ്യാള്‍ എത്ര ഭംഗിയായാണ് ഈ വിഷയം കൈാര്യം ചെയ്തതെന്ന് ശ്രദ്ധിക്കണം. എന്നാല്‍ മറ്റൊരു സന്യാസ സഭയുടെ പ്രൊവിഷ്യാള്‍ ആണ് സി.ലിസി വടക്കേലിന്റെ വിഷയം ഇത്രയും വഷളാക്കിയത് എന്ന് ഓര്‍ക്കണം. ആ പ്രൊവിഷ്യാല്‍ സിസ്റ്റര്‍ അനുദിനം പ്രശ്‌നം വഷളാക്കി സഭയെ നാറ്റിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് പ്രൊവിഷ്യാളുമാരും ഒരു വിഷയം കൈകാര്യം ചെയ്ത രീതി തിരിച്ചറിയണം. വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും മനസ്സ് സി.ലിസി വടക്കേലിന് ഒപ്പമാണെന്ന് അറിഞ്ഞിട്ടും പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ഇത്രമാത്രം വൈരാഗ്യബുദ്ധിയോടെ പെരുമാറേണ്ട കാര്യമില്ല. അവരും ഇതുപോലെ വിവേകപൂര്‍ണ്ണമായ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. സഭയെ സമൂഹത്തില്‍ നിന്ന് അകറ്റുന്ന നടപടിയാണ് ഈ പ്രൊവിഷ്യാള്‍ സിസ്റ്റര്‍ എടുത്തിരിക്കുന്നതെന്ന്' അതിരൂപതാ സുതാര്യത സമിതി കണ്‍വീനര്‍ ഷൈജു ആന്റണി പ്രതികരിച്ചു.



from mangalam.com https://ift.tt/2FiQNif
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages