ഓക്‌സ്‌ഫോഡില്‍ മൊട്ടിട്ട അസാധാരണ പ്രണയം..: ഫ്രെഡ അങ്ങനെ ഇന്ത്യയുടെ മരുമകളായി! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഓക്‌സ്‌ഫോഡില്‍ മൊട്ടിട്ട അസാധാരണ പ്രണയം..: ഫ്രെഡ അങ്ങനെ ഇന്ത്യയുടെ മരുമകളായി!

1929 ല്‍ ഓക്‌സ്‌ഫോഡില്‍ വച്ചാണ് ഫ്രെഡ ഹോള്‍സ്റ്റണ്‍ എന്ന ബ്രിട്ടീഷ് യുവതി ആദ്യമായി ഒരു ഇന്ത്യക്കാരനെ പരിചയപ്പെടുന്നത്. ബാബ പ്യാരേ ലാല്‍ ബേദി എന്നായിരുന്നു ഫ്രെഡയുടെ സഹപാഠിയായിരുന്ന ആ സിഖുകാരന്റെ പേര്. രാജ്യത്തിന്റെയും മതത്തിന്റെയും മതില്‍ക്കെട്ടുകളില്ലാത്ത പ്രണയത്തിന്റെ ലോകത്തേക്ക് അവരുടെ ബന്ധം വളരാന്‍ പിന്നെ അധികനേരം വേണ്ടിവന്നില്ല.

ഇടതുപക്ഷ ആശയങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള വികാരവുമായിരുന്നു ഫ്രെഡയേയും ബേദിയേയും ഒന്നിപ്പിച്ചത്. കോളേജിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകളിലെ സജീവ അംഗങ്ങളായി ഇരുവരും മാറി. തന്റെ മാതൃരാജ്യമായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രവൃത്തികള്‍ അംഗീകരിക്കാന്‍ ഫ്രെഡയ്ക്ക് കഴിഞ്ഞിരുന്നില്ല. സൗഹൃദം പ്രണയത്തിലേക്കും അതു പിന്നീട് വിവാഹത്തിലേക്കും വഴി തെളിച്ചു. ബാബ പ്യാരേ ലാല്‍ ബേദിയുടെ ജീവിതത്തിലേക്കുള്ള വരവ് ഫ്രെഡയെ അങ്ങനെ ഇന്ത്യയുടെ മരുമകളാക്കി മാറ്റി. സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ഫ്രെഡയുടെ തീരുമാനത്തെ എതിര്‍ത്തു. അവരുടെ കാഴ്ചയില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു കീഴിലെ വെറുമൊരു അടിമയായിരുന്നു പ്യാരേ ലാല്‍. എന്നാല്‍ ഫ്രെഡയെ പോലും അതിശയിപ്പിച്ചു കൊണ്ട് അവളുടെ വീട്ടുകാര്‍ പ്യാരേ ലാലിനെ സ്വീകരിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര ഫ്രെഡയെ ആവേശഭരിതയാക്കി.

ഇന്ത്യയിലേക്കുള്ള വരവിനു മുമ്പു തന്നെ ഫ്രെഡ ഇന്ത്യക്കാരുടെ പെരുമാറ്റരീതികളെല്ലാം ഓരോന്നായി പഠിച്ചിരുന്നു. ഇന്ത്യന്‍ വസ്ത്രങ്ങളെ അവള്‍ നെഞ്ചോടു ചേര്‍ത്തു. മകന്‍ പിറന്ന് നാലുമാസത്തിനു ശേഷം ദമ്പതികള്‍ ഇന്ത്യയിലേക്ക് തിരിച്ചു. പ്യാരേ ലാലിന്റെ പഞ്ചാബിലെ വീട്ടിലേക്ക് വെളുത്ത കോട്ടണ്‍ സാരിയുടുത്തു കൊണ്ട് കയറിവന്ന ഫ്രെഡയെ അദ്ദേഹത്തിന്റെ അമ്മ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇന്ത്യയിലെ ജീവിതം ആ ബ്രിട്ടീഷ് യുവതിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ഫ്രെഡ മുന്നോട്ടു വന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിക്കൊപ്പം അവളും അണിനിരന്നു. സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷു ഗവണ്‍മെന്റ് വിധിച്ച ആറുമാസത്തെ തടവുശിക്ഷ അനുഭവിച്ചു. സ്വാതന്ത്രത്തിനു ശേഷം ഐക്യരാഷ്ര്ട സംഘടനയുടെ ഭാഗമായി ഫ്രെഡ പ്രവര്‍ത്തിച്ചു. അതിനിടയിലെ ബര്‍മ സന്ദര്‍ശനം ഫ്രെഡയുടെ ജീവിതത്തില്‍ വീണ്ടും മാറ്റങ്ങളുണ്ടാക്കി. ടിബറ്റന്‍ ആത്മീയതയില്‍ ആകൃഷ്ടയായ അവര്‍ ബുദ്ധസന്ന്യാസിയായി മാറി, ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി തന്റെ ജീവിതം മാറ്റി വച്ചു.

ബ്രിട്ടീഷില്‍ ജനിച്ച് ,ഇന്ത്യക്കാരിയായി ജീവിച്ച്, ടിബറ്റന്‍ ജനതയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ആ വനിത അക്ഷാരാര്‍ത്ഥത്തില്‍ വിശ്വസ്‌നേഹത്തിന്റെ പ്രതീകം തന്നെയാണ്. രാജ്യത്തിന്റെ പേരില്‍ പോരടിക്കുന്ന ഓരോ മനുഷ്യനും ഫ്രെഡയുടെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കഥ ഒരു പാഠമാണ്.



from mangalam.com https://ift.tt/2O4qvD8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages