കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ മക്കിമലയിലാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ഞായറാഴ്ച രാത്രിയോടെ എത്തിയതെന്നാണ് വിവരം. മക്കിമലയിലെ കടയിലെത്തിയ നാലംഗ സംഘം സാധനങ്ങള്‍ വാങ്ങിയാണ് മടങ്ങിയത്. ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ലക്കിടിയില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് സിപി. ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് മക്കിമലയില്‍ കഴിഞ്ഞദിവസം വിതരണം ചെയ്തത്. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി എത്തുന്നത് അതീവ ഗൗരവത്തോടെയാണ് പോലീസ് വിലയിരുത്തുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിനു ശേഷം സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന പോലീസ് വെടിവെയ്പ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രു ഉള്‍പ്പെട്ട സംഘമാണ് എത്തിയതെന്നായിരുന്നു വിവരം.
സുഗന്ധഗിരിയില്‍ എത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. വെടിവെയ്പ്പിനു ശേഷം ചന്ദ്രുവും ബാക്കിയുള്ള ഒന്‍പതംഗ സംഘവും റിസോര്‍ട്ടിന് പുറകിലുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കാലിന് പരിക്കേറ്റ ചന്ദ്രുവിന് ദൂരത്തേക്ക് നീങ്ങാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലില്‍ 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ടു ദിവസം തണ്ടര്‍മബാള്‍ട്ട് പരിശോധന നടത്തിയിരുന്നു. അടുത്തിടെ വയനാട് വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2utbTnI
via IFTTT
No comments:
Post a Comment