ന്യൂഡൽഹി: സി.ബി.എസ്.ഇ.യുടെ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് മാറുമറയ്ക്കൽ പ്രക്ഷോഭം ഉൾപ്പെടെയുള്ള ഭാഗങ്ങൾ നീക്കുമ്പോൾ ഒഴിവായിപ്പോകുന്നത് ചരിത്രത്തിലിടംനേടിയ സുപ്രധാന സമരത്തെ അറിയാനുള്ള അവസരം. ഇന്ത്യയിൽ താഴ്ന്നജാതിക്കാർക്കും ഉയർന്നജാതിക്കാർക്കുമിടയിൽ വസ്ത്രധാരണത്തിന് പ്രത്യേകം നിഷ്ഠകളുണ്ടായിരുന്നെന്ന് പാഠഭാഗത്ത് പറയുന്നു. 1822 മേയിൽ തിരുവിതാംകൂറിൽ വിവിധഭാഗങ്ങളിൽ മാറുമറച്ച് നടന്ന ചാന്നാർ ജാതിയിൽപ്പെട്ട സ്ത്രീകളെ നായന്മാർ ആക്രമിച്ചു. ഇന്ന് നാടാർ സമുദായമെന്ന് അറിയപ്പെടുന്നവരാണ് ചാന്നാർ ജാതിയിൽപ്പെട്ടവർ. അക്കാലത്ത് താഴ്ന്നജാതിക്കാരായി കണക്കാക്കപ്പെട്ട ഇവർക്ക് കുട ചൂടാനോ ചെരിപ്പിടാനോ സ്വർണാഭരണങ്ങൾ അണിയാനോ അനുവാദമുണ്ടായിരുന്നില്ല. പ്രാദേശിക ആചാരപ്രകാരം ചാന്നാർ വിഭാഗത്തിലെ സ്ത്രീക്കും പുരുഷനും മാറുമറയ്ക്കാൻ അവകാശമുണ്ടായിരുന്നില്ല. ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനഫലമായി പരിവർത്തിത ചാന്നാർ സ്ത്രീകൾ 1820-കളിൽ മാറുമറച്ചുതുടങ്ങി. അയ്യാ വൈകുണ്ഠർ ഉൾപ്പെടെയുള്ള ഹിന്ദു പരിഷ്കർത്താക്കളും ഇതിനായി പ്രവർത്തിച്ചു. എന്നാൽ, അക്കാലത്തെ പ്രധാന സവർണജാതികളിൽപ്പെട്ട നായന്മാർ മാറുമറച്ചു നടന്ന ചാന്നാർ സ്ത്രീകളെ പലേടത്തും ആക്രമിച്ചു. അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി. 1829-ൽ തിരുവിതാംകൂർ ദിവാൻ ചാന്നാർ സ്ത്രീകൾ മാറുമറയ്ക്കരുതെന്ന് കല്പന പുറപ്പെടുവിച്ചു. എന്നാൽ, ബ്ലൗസ് ധരിക്കുന്നതിൽനിന്ന് ചാന്നാർ ക്രിസ്ത്യൻ സ്ത്രീകൾ പിന്മാറിയില്ല. ചാന്നാർ ഹിന്ദു സ്ത്രീകളെയും മാറുമറയ്ക്കുന്നതിൽനിന്ന് തടയാൻ ഈ കല്പനയ്ക്ക് കഴിഞ്ഞില്ല. 1859 ഒക്ടോബറിൽ പൊതുസ്ഥലങ്ങളിൽ ചാന്നാർ സ്ത്രീകൾ ആക്രമിക്കപ്പെട്ടു. വീടുകൾ കൊള്ളയടിച്ചു. പള്ളികൾ കത്തിച്ചു. ഒടുവിൽ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ ചാന്നാർസ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാമെന്ന് തിരുവിതാംകൂർ രാജാവ് കല്പന പുറപ്പെടുവിച്ചു. എന്നാൽ, സവർണജാതിയിൽപ്പെട്ട സ്ത്രീകളുടെ വസ്ത്രങ്ങൾക്ക് സമാനമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്നും കല്പനയിൽ പറഞ്ഞിരുന്നു. ഈ ഭാഗമാണ് അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകത്തിൽനിന്ന് നീക്കിയത്. Content highlights:Historical protest of Kerala Renaissance removed from CBSE syllabus
from mathrubhumi.latestnews.rssfeed https://ift.tt/2Tc0SRK
via
IFTTT
No comments:
Post a Comment