ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്ത പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തുറന്ന കത്ത്. വിശാഖപട്ടണത്ത് സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു കത്തെഴുതിയത്. വെറുംകൈയോടെ വീണ്ടും ആന്ധ്രയിലെത്താൻ പ്രധാനമന്ത്രിക്ക് നാണമില്ലേ എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം. അഞ്ചുവർഷം പിന്നിട്ടിട്ടും ആന്ധ്രപ്രദേശിന്റെ ആവശ്യങ്ങൾ നിറവേറ്റിയിട്ടില്ലെന്നും ഇക്കാര്യങ്ങളിൽ സംസ്ഥാനത്തെ അഞ്ചുകോടി ജനങ്ങളോട് അദ്ദേഹം വിശദീകരിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. ആന്ധ്രയിലെ ജനങ്ങൾ എത്രമാത്രം ദേഷ്യത്തിലാണെന്ന് ഞാൻ അങ്ങയെ ഓർമിപ്പിക്കുകയാണെന്നും സംസ്ഥാനത്തെ അഞ്ചുകോടി ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ താങ്കളുടെ വഞ്ചനയെ ചോദ്യം ചെയ്യേണ്ടതും അതെല്ലാം ഓർമ്മപ്പിക്കേണ്ടതും തന്റെകടമയാണെന്നും അദ്ദേഹം വിശദീകരിച്ചു. 29 തവണ താൻ ഡൽഹിയിലെത്തി നിരവധി അപേക്ഷകൾ നല്കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ലെന്നും നായിഡു പറഞ്ഞു. വെള്ളിയാഴ്ച വിശാഖപട്ടണത്ത് വരുമ്പോൾ ഈ വിഷയങ്ങളിൽ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്ധ്രയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കാൻ എല്ലാവരും കറുത്ത കുപ്പായമണിഞ്ഞും കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച താനും കറുത്ത കുപ്പായമണിയുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുക, പോളാവരം പദ്ധതിക്ക് ഫണ്ട് അനുവദിക്കുക, അമരാവതി നഗര പദ്ധതി, വിശാഖപട്ടണം, വിജയവാഡ മെട്രോ പദ്ധതി തുടങ്ങിയവയ്ക്ക് സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആന്ധ്രപ്രദേശ് സർക്കാരും കേന്ദ്രവും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതിനുപിന്നാലെ ഡൽഹിയിലടക്കം ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശാഖപട്ടണത്ത് എത്തുന്നത്. Content Highlights:andhra cm chandrababu naidu wrote a letter to pm modi before pm visit in vishakapatanam
from mathrubhumi.latestnews.rssfeed https://ift.tt/2IMBdPE
via
IFTTT
No comments:
Post a Comment