കാക്കോറിയിലെ പാല്‍പ്പാത്രങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

കാക്കോറിയിലെ പാല്‍പ്പാത്രങ്ങള്‍

അതിർത്തികൾ സംഘർഷഭരിതമാണ്. വെടിയൊച്ചകളുണ്ട്. മോർടാർ പേടിയുണ്ട്. മനുഷ്യൻ ഖിന്നനാണ്. യുദ്ധത്തിന് വേണ്ടിയുള്ള അലമുറകൾ നഗരങ്ങളിലുണ്ട്. കാകോറിയിലെ പാവപ്പെട്ടവരും പാൽപ്പാത്രവുമായി കാത്തു നിൽക്കുന്നതിനിടെ ഇത് ഏറ്റുവിളിക്കുന്നുണ്ട്. അതെ, കാക്കോറി. ലഖ്നോവിൽ നിന്ന് മുപ്പതു കിലോമീറ്ററോളം ദൂരമേയുള്ളൂ കാകോറിയിലേക്ക്. ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം. ചോര കൊണ്ടെഴുതിയ ഇതിഹാസം. 1922. ചൗരി ചൗര. ബ്രിട്ടീഷ് വിരുദ്ധ സമരം ശക്തമായി. പോലീസ് സ്റ്റേഷൻ കത്തിച്ചു. ഗാന്ധിജി സമരം നിർത്തി. അഹിംസയല്ല മാർഗമെന്ന് ഇതോടെ വ്യക്തമാക്കി തീവ്രവാദികൾ. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ വന്നു. ബ്രിട്ടീഷുകാർക്ക് എതിരായ സമരം ശക്തമാക്കണം. വെള്ളക്കാരെ കെട്ടുകെട്ടിക്കണം. അതിന് ആയുധം വേണം . പണം വേണം. അതിനായി തീവണ്ടിക്കൊള്ള നടത്തിയ നാടാണ് കാക്കോറി. അവർ ആരും നിസ്സാരക്കാരായിരുന്നില്ല. ചന്ദ്രശേഖർ ആസാദ്, പണ്ഡിറ്റ് രാമപ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ളാ ഖാൻ, സചീന്ദ്ര ബക്ഷി, രാജേന്ദ്ര ലാഹിരി, കേശവ് ചക്രവർത്തി, മന്മഥ് നാഥ ഗുപ്ത,മുരാരി ലാൽ ഖന്ന, മുകുന്ദ് ലാൽ ഗുപ്ത, ബൻവാരി ലാൽ. ചരിത്രത്തിലേക്ക് നടന്നുകയറിയ പേരുകൾ. 1925. ലഖ്നോവിലേക്ക് വരുന്ന തീവണ്ടി വിപ്ലവകാരികൾ കാക്കോറിയിൽ ചങ്ങല പിടിച്ചു നിർത്തി. ബ്രിട്ടീഷു ഖജനാവിലേക്കുള്ള പണം കൊണ്ടു പോയ വണ്ടി. ആരേയും കൊല്ലില്ലെന്ന് അവർ ഉറപ്പിച്ചിരുന്നു. പണം എടുക്കുന്നതിനിടെ എതിർത്ത ഒരാളെ പക്ഷേ വധിക്കേണ്ടി വന്നു. 8000 രൂപയുമായി അവർ മടങ്ങി. ഒരു രൂപ പോലും പാഴാക്കിയില്ല. വെള്ളക്കാരെ അസ്വസ്ഥമാക്കി അവർ പോരടിച്ചു. ഇന്നത്തെ ലോകത്തിന്റെ മൂന്നു രാജ്യങ്ങളിൽ നിന്ന് അവരെ പിടിച്ചു. നാലു പേരെ തൂക്കിക്കൊന്നു. നിരവധി പേർക്ക് ജീവപര്യന്തം. കാലാപാനിയിലേക്ക്. കാക്കോറി റെയിൽവേ സ്റ്റേഷൻ അത്യാവശ്യം തിരക്കുള്ള സ്റ്റേഷനുകളിലൊന്നാണ്. കടന്നു പോകുന്ന വണ്ടികളാൽ സമ്പന്നം. നിർത്തുന്നത് മൂന്നോ നാലോ പാസഞ്ചർ വണ്ടികൾ മാത്രം. ലഖ്നോയുടെ അതിരുകൾ മാഞ്ഞ് ഞങ്ങൾ നീങ്ങി. പൊടിയാർക്കുന്ന തെരുവുകൾ. പശുക്കൾ മേയുന്ന നിരത്തുകൾ. കടുകും ഗോതമ്പും കൃഷിചെയ്യുന്ന പാടങ്ങൾ. തണുത്തുവരണ്ട ഒറ്റയടിപ്പാതകൾ. കാക്കോറിയിൽ എത്തിയപ്പോൾ നിർത്തിയിട്ട വണ്ടികൾ. ജനങ്ങൾ അക്ഷമരാണ്. തീവണ്ടികളിൽ കെട്ടിയിട്ട പാൽപ്പാത്രങ്ങൾ. മറ്റു വണ്ടികൾക്ക് വേണ്ടി രാവിലെ പോകേണ്ടുന്ന പാസഞ്ചർ വണ്ടികൾ മണിക്കൂറുകൾ പിടിച്ചിടുന്നു. ലക്ഷ്യത്തിലെത്തും മുമ്പേ പാൽ കേടാവുന്നു. നാട്ടുകാർ അസ്വസ്ഥരാണ്. ക്യാമറക്കു മുന്നിലേക്ക് എല്ലാവരും വന്നു. പരാതികളുടെ പ്രളയം. പലരും വണ്ടികളിലും പാൽപ്പാത്രങ്ങളാണ്. തീവണ്ടിക്കകത്ത് നിന്നും ആളുകൾ ഇറങ്ങി വന്നു. എല്ലാവർക്കും പറയാനുള്ളത് ഒന്നു മാത്രം. നോക്കൂ, പാൽ കേടാവാതെ വിൽക്കാനാവണം ഞങ്ങൾക്ക് നഗരത്തിൽ ജോലിക്ക് പോകാൻ പാകത്തിൽ തീവണ്ടിയോടണം തീവണ്ടി ഒന്ന് ഓടുകയെങ്കിലും വേണം. ആറു വണ്ടികൾ ഉണ്ടായിരുന്നത് ഇപ്പോൾ നാലായി കാകോറി കേസിനെ പറ്റി ചോദിച്ചപ്പോൾ എല്ലാവർക്കും അരിശം. ബഹളം കേട്ട് സ്റ്റേഷൻ മാസ്റ്റർ പുറത്തേക്ക് വന്നു. നോക്കി. അകത്തേക്ക് പോയി. വൈകാതെ നീല യൂണിഫോമണിഞ്ഞ വനിതാ ഗാർഡ് വന്ന് ഞങ്ങളോട് സാബിനടുത്തേക്ക് ചെല്ലാൻ പറഞ്ഞു. നേരേ ചെന്ന് കാര്യം പറഞ്ഞു. ജയന്ത് നാഥ് മിശ്രയാണ് സ്റ്റേഷൻ മാസ്റ്റർ. കാക്കോറിയെന്ന് കേട്ടപാടെ അദ്ദേഹത്തിന് ചോര തിളച്ചു. ചോദ്യം ചെയ്യൽ നിലച്ചു. കസേര തന്നു. ഹസ്തദാനവും. ആവേശ പൂർവം ആരംഭിച്ചു. അതാണ് ചരിത്രം. വെള്ളക്കാർ അവരെ കവർച്ചക്കാർ എന്നു വിളിച്ചു. അത് തെറ്റ്. രാജ്യത്തിന് വേണ്ടി സമരം ചെയ്യ രക്തസാക്ഷികൾ. അവരെ ആദരിക്കണം. റെയിൽവേയ്ക്ക് സ്ഥലമുണ്ട്. സ്മാരകം ഇവിടെ വേണം എന്നായിരുന്നു ആഗ്രഹം. ഒരു കിലോമീറ്റർ അകലെ സർക്കാർ നിർമ്മിക്കുന്ന സ്മാരകം പണി തുടരുകയാണ്. അകലെ മിശ്ര പറഞ്ഞ പോലെ സ്മാരകം പണി തുടരുകയാണ്. അകത്ത് കാക്കോറി ഗൂഢാലോചനയിൽ പങ്കാളികളായ സ്വാതന്ത്യ സമര സേനാനികളുടെ ചിത്രങ്ങളും പ്രതിമകളും ഉണ്ട്. കാവൽക്കാരൻ ശർമ്മാജി പറഞ്ഞു. ഇവിടെ പണി തുടരുകയാണ്. ഞാനൊരാളേയുള്ളൂ. വലിയ സ്ക്രീനിൽ എല്ലാ ദിവസവും കാക്കോറിയെ ക്കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ട്. ഞങ്ങൾ തിരിച്ചു നടന്നു. കാക്കോറികേസിനെ പറ്റി അറിയാത്ത നാട്ടുകാർ ഞങ്ങളെ കൗതുകത്തോടെ നോക്കി. ഓർത്തു. ഇന്നത്തെ മൂന്നു രാജ്യങ്ങളിൽ നിന്നാണ് അന്ന് വെള്ളപ്പട ഗൂഢാലോചനകരെ പിടിച്ചത്. ചന്ദ്രശേഖർ ആസാദിനെ പിന്നീടാണ് വെടിവച്ചു കൊന്നത്. തീവണ്ടി തടഞ്ഞവരുടെ മനസ്സിൽ ഒരു ഇന്ത്യ ഉണ്ടായിരുന്നു. സിറിൽ റാഡ്ക്ലിഫ് രേഖ വരച്ചത് പിന്നീടാണ്. അതിരുകളും മനസ്സുകളും വിഭജിക്കപ്പെട്ടതും. പുറത്തെ ചേരിയിൽ ഉടുതുണിയില്ലാത്ത കുഞ്ഞുങ്ങൾ ഓടിനടക്കുന്നുണ്ട്. കാക്കോറിയിലൂടെ കാലത്തിന്റെ തീവണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. ആ രക്തസാക്ഷികൾ ആഗ്രഹിക്കാത്ത യാഥാർത്ഥ്യങ്ങൾക്ക് നടുവിലൂടെ. Content highlights:Indian Independence Movement, kakori incident


from mathrubhumi.latestnews.rssfeed https://ift.tt/2H7827r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages