കൊച്ചി: എതിർ സ്ഥാനാർഥി ആരെന്ന് നോക്കുന്നില്ലെന്നും തങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകുമെന്നതിനാണ് പ്രചാരണത്തിൽ ഊന്നൽ നൽകുന്നതെന്നും എറണാകുളത്തെ ഇടതു മുന്നണി സ്ഥാനാർഥി പി.രാജീവ്. സിറ്റിങ് എം.പി കെ.വി.തോമസിനെ മാറ്റി കോൺഗ്രസ് ഹൈബി ഈഡൻ എംഎൽഎയെയാണ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. സ്ഥാനാർഥി പട്ടിക ആയിട്ടില്ലെങ്കിലും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാകും എറണാകുളത്തെ ബിജെപി സ്ഥാനാർഥിയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ, മണ്ഡലം കടുത്ത മത്സരത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പി.രാജീവിന്റെ പ്രതികരണം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രചാരണം ആരംഭിച്ചത് എതിർസ്ഥാനാർഥി ആരെന്ന് നോക്കിയല്ല, രാജീവ് പറയുന്നു. നമുക്കെന്ത് ചെയ്യാൻ കഴിയും എന്നതിന് ഊന്നൽ നൽകിയാണ് പ്രചാരണം നടത്തുന്നത്. നമ്മുടെ നയമെന്താണ്, മണ്ഡലത്തിനായി എന്തെല്ലാം ചെയ്യാം എന്നുള്ള കാര്യങ്ങളാണ് ചർച്ചയാക്കുന്നത്. ആ പ്രചാരണം നല്ലരീതിയിൽ മുന്നോട്ടുപേകുന്നുണ്ട്. സിറ്റിങ് എംപി കെ.വി.തോമസ് പതിറ്റാണ്ടുകളായി മണ്ഡലത്തിൽ എന്താണ് ചെയ്തിരുന്നതെന്ന് ഞങ്ങൾ പറയേണ്ട കാര്യമില്ല. അദ്ദേഹത്തെ മാറ്റി പുതിയ സ്ഥാനാർഥി വരുമ്പോഴും ആശങ്കയില്ല -രാജീവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അതേസമയം, ആര് സ്ഥാനാർഥി വന്നാലും ബിജെപി മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ വോട്ടർമാർ പ്രബുദ്ധരാണെന്നും കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യാനും ശരിയായ തീരുമാനമെടുക്കാനും അവർക്ക് കഴിവുണ്ടെന്നുമായിരുന്നു ബിജെപിയെക്കുറിച്ചുള്ള ചോദ്യത്തോട് പി.രാജീവ് പ്രതികരിച്ചത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ജനങ്ങളിൽ നിന്നും വളരെ ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും മുന്നണി ഒരു പാർട്ടിയെന്ന പോലെ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും പി.രാജീവ് പറഞ്ഞു. പ്രചാരണത്തിന്റെ ആദ്യപടിയെന്ന നിലയിൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെ കാണുകയും സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു. പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് ശ്രമം. ശനിയാഴ്ച മുതൽ മണ്ഡലത്തിൽ പര്യടനം ആരംഭിക്കുമെന്നും എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി കൂട്ടിച്ചേർത്തു. Content highlights:Opponent is not a matter, focus on my views in Ernakulam
from mathrubhumi.latestnews.rssfeed https://ift.tt/2JqW0bT
via
IFTTT
No comments:
Post a Comment